ന്യൂദല്‍ഹി: മാധ്യമങ്ങള്‍ക്ക് പുറമെ നിന്നുള്ള നിയന്ത്രണം ആവശ്യമില്ലെന്നും എന്നാല്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ചിന്തിക്കണമെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന് സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം രാഷ്ട്രപതി ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ കാലത്ത് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ പുറമേ നിന്നുള്ള നിയന്ത്രണങ്ങള്‍ മാധ്യമങ്ങള്‍ക്ക് പാടില്ലെന്ന് രാഷ്ട്രപതി വ്യക്തമാക്കി.
മാധ്യമലോകത്ത് കേരളത്തിന്റെ പങ്ക് ചെറുതല്ല. ഇന്ത്യന്‍ മാദ്ധ്യമ ചരിത്രം രാജ്യത്തിന്റെ സ്വാതന്ത്ര്യസമരചരിത്രവുമായി വളരെ അടുപ്പമുണ്ട്. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി, സ്വാതന്ത്ര്യസമര നേതാക്കളായ ബാലഗംഗാധര തിലക്, ലാലാ ലജ്പത് റായ്, സുരേന്ദ്രനാഥ് ബാനര്‍ജി തുടങ്ങിയവര്‍ മാധ്യമപ്രവര്ത്തകരയിരുന്നു.
ഇന്ത്യയിലെ പത്രപ്രവര്‍ത്തകര്‍ മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി മാത്രം പോരാടിയവരല്ല, മറിച്ച് രാജ്യത്തിന്റെസ്വാതന്ത്ര്യത്തിന് വേണ്ടിയും സമൂഹത്തിലെ അനീതിക്കും അനാചാരങ്ങള്‍ ക്കുമെതിരായി പോരാടിയവരാണെന്നും രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.
മാധ്യമരംഗത്ത് തുടരുന്ന കരാര്‍ നിയമനങ്ങളിള് ആശങ്കയുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച പ്രതിരോധ മന്ത്രി എ.കെ.ആന്റണി പറഞ്ഞു. രാജ്യത്തെ ഇതര ഭാഷകളിലും വിദേശത്തും മികച്ച മാധ്യമപ്രവര്‍ത്തകരെ സംഭാവന ചെയ്തിട്ടുള്ള സംസ്ഥാനമാണ് കേരളം. മാധ്യമപ്രവര്‍ത്തകരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് അനുഭാവപൂര്‍വ്വം പരിഹാരം കാണുമെന്നും ആന്റണി പറഞ്ഞു. ചടങ്ങില്‍ ഭക്ഷ്യപൊതുവിതരണ മന്ത്രി കെ.വി.തോമസ്, യൂണിയന് പ്രസിഡന്റ് കെ.സി. രാജഗോപാല്‍ ,ജനറല്‍ സെക്രട്ടറി മനോഹരന് മോറായി,മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: