മുംബൈ: ഇന്ത്യന്‍ സാമ്പത്തിക മേഖലയിലും രൂപയുടെ മൂല്യത്തിലുമുണ്ടായ ഇടിവിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണെന്ന് സ്ഥാനമൊഴിയുന്ന റിസര്‍വ് ബാങ്ക ഗവര്‍ണര്‍ ഡി സുബ്ബറാവു. രൂപയുടെ മൂല്യത്തകര്‍ച്ചക്ക് ആഭ്യന്തരമായ പ്രശനങ്ങളാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്ന സുബ്ബറാവു തന്റെ യാത്ര അയപ്പ് ചടങ്ങില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. വെറുമൊരു ഗുഡ് ബൈ പറഞ്ഞ് പോകുന്നതിനപ്പുറം കൂടുതല്‍ പറയാന്‍ അവസരം ലഭിച്ചിരിക്കുകയാണെന്ന് പറഞ്ഞാണ് സുബ്ബറാവു തന്റെ പ്രസംഗം ആരംഭിച്ചത്. 2009-2012 കാലഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച സാമ്പത്തിക നയങ്ങള്‍ റിസര്‍വ്വ് ബാങ്കിന്റെ ധനകാര്യ നയങ്ങളെ ഞെരുക്കി. ഇത് രൂപയുടെ തകര്‍ച്ചയ്ക്ക് കാരണമായെന്ന് അദ്ദേഹം വ്യക്തമാക്കി. റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശത്തെ നിയന്ത്രിക്കാന്‍ ധനകാര്യ മന്ത്രാലയം നടത്തിയ ശ്രമങ്ങളേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
നിലയില്ലാ കയത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ ഉയര്‍ച്ചയിലേക്കാണ് 2013 ആഗസ്റ്റ് 29 ന് എത്തിയത്. 223 പൈസയാണ് ഒറ്റ ദിവസം കൊണ്ട് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നത്. റിസര്‍വ് ബാങ്കിന്റെ ശക്തമായ നടപടിയെതുടര്ന്നായിരുന്നു ഇത്. രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമാക്കുന്നതില്‍ റിസര്ബാങ്കിനുളള സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു നടപടിയെന്നും സുബ്ബറാവു പറഞ്ഞു.
ധനകാര്യമന്ത്രി പി ചിദംബരവും റിസര്‍വ് ബാങ്ക് ഗവര്‍ണറും തമ്മിലുളള അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കി പുറത്തു കൊണ്ടുവരുന്നതാണ് അടുത്തിടെ രണ്ട് പേരും നടത്തുന്ന പ്രസ്താവനകള്‍. കടുത്ത സാമ്പത്തിക പരിഷ്കാരങ്ങളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും റിസര്‍വ് ബാങ്ക് ഒപ്പമില്ലെങ്കിലും തങ്ങള്‍ മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും പി ചിദംബരം മുമ്പ് പറഞ്ഞിരുന്നു. ഇപ്പോള്‍ റിസര്‍വ് ബാങ്കിന്റെ ശക്തി തെളിഞ്ഞില്ലേ എന്ന രീതിയിലാണ് പ്രഭാഷണത്തില്‍ സുബ്ബറാവു പറഞ്ഞത്.
രൂപയുടെ മൂല്യം അല്പം ഉയര്‍ന്നത് ഓഹരിവിപണിക്കും ഉന്മേഷം നല്‍കിയിട്ടുണ്ട്. സെന്‍സെക്സ് ഒറ്റ ദിനം കൊണ്ട് 405 പോയന്റ് ആണ് ഉയര്‍ന്നത്. വിപണിയുടെ സ്വഭാവം മനസ്സിലാകുന്നില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. നമ്മുടെ സാമ്പത്തിക നയങ്ങള്‍ വിപണി മനസ്സിലാക്കുന്നില്ല എന്നും സര്‍ക്കാര്‍ കരുതുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വിപണിയുടെ സ്വഭാവം നോക്കിയിട്ട് വേണം നാം സാമ്പത്തിക നയങ്ങള്‍ ഉണ്ടാക്കാന്‍. വെറുതെ വിപണിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും റിസര്‍ബ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: