ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഭീകരശൃംഖലയ്ക്ക് രൂപം നല്കിയ ഭീകരനാണ് പിടിയിലായ യാസിന് ഭട്കല്. ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ സ്ഥാപകനേതാക്കളില്‍ ഒരാളെന്ന് രഹസ്യാന്വേഷണ സംഘടനകള്‍ വ്യക്തമാക്കുന്ന യാസിന് പിടിക്കപ്പെടാന്‍ ഏറ്റവും കൂടുതല്‍ യോഗ്യനെന്ന നിലയില്‍ എന്‍ഐഎയുടെ പട്ടികയിലുമുണ്ട്.
1983ല്‍ മംഗലാപുരത്ത് ജനിച്ച യാസിന് കൗമാരപ്രായത്തില്‍ തന്നെ പൂനെയ്ക്ക് വണ്ടി കയറി. പിന്നീട് പരിശീലനം സിദ്ധിച്ച എന്‍ജിനീയര്‍ എന്ന നിലയ്ക്കാണ് ഇയാള്‍ ഇന്ത്യന്‍ മുജാഹിദ്ദീന്റെ മറ്റംഗങ്ങള്‍ക്കു മുന്നില്‍ എത്തപ്പെടുന്നത്. എന്നാല്‍ ഇയാള്‍ പൂനെയില്‍ പഠനം പൂര്‍ത്തിയാക്കതിന്റെ ഒരു തെളിവും പോലീസിന് ലഭിച്ചിട്ടില്ല. പോലീസ് പറയുന്നത് ഇയാള്‍ ഭൂരിഭാഗം സമയവും ജന്മനാടായ മംഗലാപുരത്ത് ബാല്യകാല സുഹൃത്തായ യൂനാനി വൈദ്യനൊപ്പമായിരുന്നെന്നുമാണ്. പിന്നീട് ഇസ്ലാമിക മതപരിവര്‍ത്തകനായി മാറിയ ഇഖ്ബാല്‍ ഇസ്മെയില്‍ ഷാഹബന്ദ്രിയായിരുന്നു ഈ വൈദ്യന്.
2010ലെ ബംഗളൂരു സ്റ്റേഡിയത്തില്‍ നടന്ന സ്ഫോടനം യാസീന്‍ ഭട്കല് ആസൂത്രണം ചെയ്തത് കറാച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജിഹാദി സംഘത്തെ നയിക്കുന്ന ഇസ്ലാമിക ഭീകരന് റിയാസ് ഇസ്മെയില്‍ ഷഹബന്ദ്രിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു. ഈ കേസില്‍ ഭട്കലിന്റെ കൂട്ടാളികളെ പോലീസ് പിന്നീട് പിടികൂടിയിരുന്നു.
2010 ഫെബ്രുവരി 13ന് വൈകിട്ട് 7.15 ഓടെ പൂനെയിലെ ജര്‍മന്‍ ബേക്കറിയില്‍ നടന്ന സ്ഫോടനവും ആസൂത്രണം ചെയ്ത് നടപ്പാക്കിയത് യാസീന്‍ ഭട്കലാണ്. ഈ സ്ഫോടനത്തില്‍ 17 പേര് കൊല്ലപ്പെടുകയും ഒരു ഇറ്റാലിയന്‍ വനിത, രണ്ട് സുഡാന് വിദ്യാര്‍ഥികള്‍, ഒരു ഇറാന് വിദ്യാര്‍ഥി എന്നിവരടക്കം 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജൂതന്മാരുടെ ചബാദ് ഹൗസിനും ഓഷോ ആശ്രമത്തിനും സമീപമുള്ള ജര്‍മന്‍ ബേക്കറിയില്‍ ആ സമയത്തെത്തുന്ന വിദേശികളെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം. ലഷ്കറെ തൊയ്ബ അല്‍ അലാമി, മുജാഹിദ്ദീന്‍ ഇസ്ലാമി മുസ്ലിം ഫ്രണ്ട് എന്നീ രണ്ട് ചെറിയ സംഘടനകള്‍ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തി. എന്നാല്‍ കറാച്ചി പദ്ധതി എന്ന പേരില്‍ ഇന്ത്യന്‍ മുജാഹിദ്ദീനെ ഉപയോഗിച്ച് ലഷ്കറെ തൊയ്ബ നടത്തിയ ആക്രമണമായിരുന്നു ഇതെന്ന് പിന്നീട് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. അമേരിക്കന്‍ വംശജനായ പാക് ഭീകരന് ഡേവിഡ് കോള്മാന് ഹെഡ്ലിക്ക് ഈ പദ്ധതിയില്‍ പങ്കുണ്ടെന്നും തിരിച്ചറിഞ്ഞു.
മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകനായ റിയാസ് ഭട്കലിന്റെ അടുത്തബന്ധു യാസിന് ഭട്കലിന് ഈ സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയത്. 2010 മെയ് 24ന് യാസിന് ഭട്കലിന്റെ ഇളയ സഹോദരന് അബ്ദുള്‍ സമദ് ഭട്കലിനെ മംഗലാപുരം വിമാനത്താവളത്തില്‍ വച്ച് കൊലക്കേസില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മഹാരാഷ്ട്ര എടിഎസ് പിടികൂടിയിരുന്നു. മംഗലാപുരം വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിന്റെ മറവില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സമദ് ബാജ്പെ വിമാനത്താവളത്തില്‍ വച്ചാണ് പിടിയിലായത്. ജര്‍മന്‍ ബേക്കറി സ്ഫോടനത്തിന് ശേഷം ദുബായിലേക്ക് രക്ഷപ്പെട്ട ഭട്കല് വിസാ കാലാവധി അവസാനിച്ചപ്പോഴാണ് തിരിച്ചെത്തിയത്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന ഇയാളെ തിരിച്ചെത്തുമ്പോള്‍ പോലീസ് പിടികൂടി.
ജര്‍മന്‍ ബേക്കറി സ്ഫോടനക്കേസില്‍ ഭട്കലിന്റെ പങ്ക് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ആക്രമണത്തില്‍ പങ്കാളിയായിരുന്ന മിര്‍സാ ഹിമായത്ത് ബെയ്ഗ് (29) 2010 സപ്തംബറില്‍ എടിഎസിന്റെ പിടിയിലായി. ഇയാളുടെ വഴികാട്ടിയായ ഷെയ്ക് ലാല്‍ ബാബ മുഹമ്മദ് ഹുസൈന് എന്ന ബിലാലും (27) ഒപ്പം പിടിയിലായി. ഇരുവരും ലഷ്കറി തോയ്ബ അംഗങ്ങളാണെന്ന് തിരിച്ചറിഞ്ഞു. ബെയ്ഗ് 2008ല്‍ കൊളംബോയില്‍ നിന്നുമാണ് ബോംബ് നിര്‍മാണത്തില്‍ പരിശീലനം നേടിയത്.
2011 സപ്തംബര്‍ ഏഴിന് രാജ്യതലസ്ഥാനമായ ദല്‍ഹിയിലെ ഹൈക്കോടതിയുടെ അഞ്ചാം നമ്പര്‍ ഗേറ്റില്‍ നടത്തിയ സ്ഫോടനത്തിലും പുറകില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യന്‍ മുജാഹിദ്ദീനാണ്. ഇക്കുറി ബ്രീഫ്കെയ്സിനുള്ളലായിരുന്നു ബോംബ് സ്ഥാപിച്ചത്. ഇവിടെ 12 പേര് കൊല്ലപ്പെടുകയും 76 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിന് മുമ്പ് മെയ് 25ന് ഹൈക്കോടതിയുടെ ഏഴാം നമ്പര്‍ ഗേറ്റില്‍ വീര്യം കുറഞ്ഞ സ്ഫോടനമുണ്ടായെങ്കിലും ആളപായമുണ്ടായില്ല. തുടര്‍ന്ന് രണ്ടു മാസത്തിന് ശേഷം ജൂലൈ 13ന് മുംബൈയില്‍ സ്ഫോടനമുണ്ടാവുകയും 26 പേര് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
2011 നവംബര്‍ 30ന് ദല്‍ഹി പോലീസ് ആറ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരെ അറസ്റ്റ് ചെയ്തു. പൂനെ ബോംബ് സ്ഫോടനം, ചിന്നസ്വാമി സ്റ്റേഡിയത്തിലെ സ്ഫോടനം, ജുമാ മസ്ജിദ് ആക്രമണം എന്നീ കേസുകളിലായരുന്നു അറസ്റ്റ്. ഒരു പാക് പൗരനും തുടര്‍ന്ന് പിടിയിലായി. ചെന്നൈയില്‍ നിന്നും അറസ്റ്റിലായ ഏഴുപേരില്‍ രണ്ടുപേര്‍ ബീഹാറിലെ മധുബനി ജില്ലക്കാരായ മുഹമ്മദ് ഇര്‍ഷാദ് ഖാന് (50) അബ്ദുള്‍ റഹ്മാന് (19) എന്നിവരാണെന്ന് ദല്‍ഹി പോലീസ് തിരിച്ചറിഞ്ഞു. മധുബനിയിലെ ദര്‍ബംഗ മദ്രസയിലെ വിദ്യാര്‍ത്ഥി ഗയൂര്‍ ജമിലും അറസ്റ്റിലായി.
2013 ഫെബ്രുവരി 21ന് ഹൈദരാബാദ് ഇരട്ട സ്ഫോടനത്തിലും ഇന്ത്യന്‍ മുജാഹിദ്ദീന്‍ വ്യക്തമായ പങ്കുണ്ടെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞു. ഇതില്‍ മൂന്ന് കോളേജ് വിദ്യാര്‍ഥികളടക്കം 17 പേര് കൊല്ലപ്പെടുകയും 119 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: