ന്യൂദല്‍ഹി: ഗുജറാത്ത് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന് ലഷ്കറെ തൊയ്ബയുടെ ചാവേറാണെന്ന ഡേവിഡ് കോള്മാന് ഹെഡ്ലിയുടെ മൊഴി ശരിവെക്കുന്ന യുഎസ് എംബസിയുടെ കത്ത് സുപ്രീംകോടതിയില്‍. ഇസ്രത്ത് ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ ഗുജറാത്ത് പോലീസ് ഓഫീസര്‍ എന്‍.കെ. അമീനാണ് കേസില്‍ പുതിയ വഴിത്തിരിവ് സൃഷ്ടിക്കുന്ന കത്ത് കോടതിയില്‍ ഹാജരാക്കിയത്. ‘ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരായ ഭീഷണി’ സംബന്ധിച്ച കത്തിലാണ് ഇസ്രത്തിന്റെ ഭീകരസംഘടനാബന്ധം യുഎസ് എംബസി സ്ഥിരീകരിച്ചിട്ടുള്ളത്.
കേസ് അന്വേഷണം നടന്നിട്ടുള്ളത് പക്ഷപാതപരമായ രീതിയിലായതിനാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗുജറാത്ത് പോലീസിലെ ഡപ്യൂട്ടി സൂപ്രണ്ടായ അമീന് സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്. ഇപ്പോള്‍ വഡോദര ജയിലില്‍ കഴിയുന്ന അമിന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള മറ്റ് രേഖകള്‍ക്കൊപ്പമാണ് യുഎസ് എംബസിയിലെ ലീഗല്‍ അറ്റാഷെ ഡാനിയല്‍ ഡി. ക്ലെഗ്ഗ് 2010 ജൂണ്‍ 25 ന് ഇന്റലിജന്‍സ് ബ്യൂറോക്ക് അയച്ച കത്തുള്ളത്. യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ ഇന്ത്യയിലെ പ്രമുഖനും മുംബൈ ആക്രമണത്തിനുശേഷം ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുമായി ആശയവിനിമയം നടത്തുന്നയാളുമാണ് ക്ലെഗ്ഗ്.
മുസാമില്‍ ഭട്ട് എന്ന ലഷ്കര്‍ ഭീകരന് ഇസ്രത്ത് ജഹാന് എന്ന വനിതയെ ചാവേറായി എടുത്തിട്ടുണ്ട് എന്ന് ലഷ്കര്‍ ഭീകരതലവനായ സിഖിയൂര്‍ റഹ്മാന് ലഖ്വി ഹെഡ്ലിയോട് പറഞ്ഞിട്ടുള്ള കാര്യമാണ് കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. മുംബൈ ആക്രമണത്തിനുശേഷം പാക്കിസ്ഥാനിലെ റാവല്‍പിണ്ടി ജയിലില്‍ കഴിയുന്നയാളാണ് ലഖ്വി.
ഇസ്രത്തിന് ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്ന് വ്യക്തമാക്കാന്‍ എന്‍ഐഎയോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് യുഎസ് എംബസിയുടെ കത്ത് നിര്‍ണായകമാവുന്നത്. ഇസ്രത്തിന്റെ ഭീകരബന്ധം സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയത്തിന് വിശദീകരണം നല്‍കാനാവില്ലെന്ന നിലപാടാണ് എന്‍ഐഎ സ്വീകരിച്ചിട്ടുള്ളത്. ഹെഡ്ലിയുടെ ഔദ്യോഗിക കുറ്റസമ്മതമൊഴിയില്‍ ഇസ്രത്തിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്ന് എന്‍ഐഎ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചതായും പറയപ്പെടുന്നു. ഹെഡ്ലിയില്‍നിന്ന് മൊഴിയെടുക്കാന്‍ എന്‍ഐഎ സംഘം 2010 ല്‍ അമേരിക്ക സന്ദര്‍ശിച്ചിരുന്നു. അമേരിക്കയില്‍ പിടിയിലായ ലഷ്കര്‍ ഭീകരനായ ഹെഡ്ലി ഇപ്പോള്‍ അവിടുത്തെ ജയിലില്‍ കഴിയുകയാണ്.
ഇസ്രത്തിന് പാക് ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുമായി ബന്ധമുണ്ടെന്ന് ഹെഡ്ലി മൊഴി നല്‍കിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്ന യുഎസ് എംബസിയുടെ കത്ത് പുറത്തുവന്നതോടെ ഹെഡ്ലിയുടെ ‘ഔദ്യോഗിക’ കുറ്റസമ്മതത്തിന്റെ മറപിടിച്ച് ഇസ്രത്ത് ജഹാന്റെ ഭീകരബന്ധം നിഷേധിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെയും സിബിഐയുടെയും എന്‍ഐഎയുടെയും ശ്രമം പാളുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: