കൊല്ലം: നാടും നഗരവും വൃന്ദാവന വീഥികളായി. ഗോകുല ബാലകന്റെ ലീലകളുടെ ദീപ്തസ്മരണയില്‍ ഭക്തസഹസ്രങ്ങള്‍ വീഥികളില്‍ അണമുറിയാത്ത ശോഭായാത്രയ്ക്ക് കണ്ണിമചിമ്മാതെ സാക്ഷിയായി. ഉണ്ണിക്കണ്ണന്മാരുടെയും രാധമാരുടെയും മറ്റും വേഷമിട്ട കുരുന്നുകള്‍ നഗരവീഥികളും നാട്ടിടവഴികളും ദ്വാപരയുഗത്തിലേക്ക് ഭാരതീയഹൃദയങ്ങളെ നയിച്ചു.
കൊല്ലം ലക്ഷ്മിനടയില്‍ നിന്നും ആരംഭിച്ച ശോഭായാത്ര ജ്യോതിഷരത്നം ചീഫ് എഡിറ്റര്‍ വിമലാരാജാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ശക്തികുളങ്ങരയില്‍ നിന്നും ആരംഭിച്ച ശോഭായാത്ര വള്ളീക്കീഴ് ക്ഷേത്രത്തില്‍ സമാപിച്ചു. ഹേമചന്ദ്രന് ഉദ്ഘാടനം ചെയ്തു.
ഓച്ചിറ: ബാലഗോകുലം ഓച്ചിറ പ്രഖണ്ഡിന്റെ ആഭിമുഖ്യത്തില്‍ വര്‍ണശബളമായ ശോഭായാത്ര നടന്നു. ഓച്ചിറ പഞ്ചായത്തിന്റെ ഭാഗങ്ങളായ ഞക്കനാല്‍ മഠത്തില്‍ക്കാരായ്മ, മേമന, കൊറ്റമ്പള്ളി, വലിയകുളങ്ങര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വൈകിട്ട് മൂന്നിന് താലപ്പൊലി, മുത്തുക്കുട, പഞ്ചവാദ്യം, പമ്പമേളം, നിശ്ചലദൃശ്യങ്ങള്‍ തുടങ്ങിയവരുടെ അകമ്പടിയോടുകൂടി ശ്രീകൃഷ്ണവേഷധാരികളായ കുട്ടികളെ എതിരേറ്റു. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ ഓച്ചിറ കല്ലൂര്‍മുക്കില്‍ എത്തിച്ചേരുകയും തുടര്‍ന്ന് ദേശീയപാതയില്‍ കൂടി വൈകിട്ട് പരബ്രഹ്മ ക്ഷേത്രത്തില്‍ എത്തുകയും ചെയ്തു. രാവിലെ മുതല്‍ തന്നെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉറിയടി, മധുരപലഹാര വിതരണം എന്നിവ നടന്നു. ഒന്നു മുതല്‍ 12 വയസുവരെയുള്ള നൂറുകണക്കിന് കുട്ടികള്‍ കൃഷ്ണവേഷമണിഞ്ഞ് ശോഭായാത്രയില്‍ അണിനിരന്നു. ഉണ്ണിക്കണ്ണന്മാര് ഓച്ചിറ പടനിലമാകെ ഓടിക്കളിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പരബ്രഹ്മക്ഷേത്രവും പടനിലവും ഗോകുലമായി മാറി.
പത്തനാപുരം: ദ്വാപരയുഗ സ്മരണകള്‍ ഉണര്‍ത്തി പത്തനാപുരത്തിന്റെ ഗ്രാമവീഥികള്‍ അമ്പാടിയായി മാറി. കാര്വര്ണലീലകളും അവതാര കഥകളും മയില്‍പീലി ചൂടി ഓടക്കുഴലൂതി നിന്ന ഉണ്ണിക്കണ്ണന്മാരും ശോഭായാത്രയെ ഭക്തിസാന്ദ്രമാക്കി. ബാലഗോകുലം പട്ടാഴി മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ കേരളമംഗലം ക്ഷേത്രം, മാലുമേലില് ക്ഷേത്രം, ഇടമനയ്ക്കാവ് ക്ഷേത്രം, മീനം സ്വാമിനഗര്, നിത്യാനന്ദപുരം ക്ഷേത്രം, കന്നിമേല്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുമാരംഭിച്ച ശോഭായാത്രകള്‍ പട്ടാഴി തച്ചക്കുളത്ത് ഗോകുലസംഗമവും ഉറിയടിയും കഴിഞ്ഞ് മഹാഗോകുല ഗംഗാപ്രവാഹമായി പട്ടാഴി ദേവിക്ഷേത്രസന്നിധിയിലേക്കൊഴുകിയെത്തി. തുടര്‍ന്ന് പ്രസാദ വിതരണം, പുരാണ പ്രശ്നോത്തരി എന്നിവയും നടന്നു.
തലവൂരില്‍ തൃക്കര ശ്രീകൃഷ്ണ സ്വാമിക്ഷേത്രം, കുശപ്പള്ളി ശ്രീകൃഷ്ണ സ്വാമിക്ഷേത്രം, തലവൂര്‍ തൃക്കന്നമര്ക്കോട് ദേവീക്ഷേത്രം ഗുരുശിവന് കാവ് ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുമാരംഭിച്ച ശോഭായാത്രകള്‍ രണ്ടാലുമൂട് ശ്രീനാഗരാജ ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേര്‍ന്ന് ഗോകുല സംഗമവും ഉറിയടിയും ബാലികാബാലന്മാരുടെ നൃത്തനൃത്ത്യങ്ങളും കഴിഞ്ഞ് ഗോകുല ഗംഗാപ്രവാഹമായി തൃക്കരയപ്പന്റെ തിരുനടയില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് അവല്‍പൊതി വിതരണം, ആത്മീയ പ്രഭാഷണം എന്നിവയും നടന്നു.
ചവറ: തേവലക്കര കുഴംകുളം തുടയന്കോട് പാലയ്ക്കല്‍ ഭരണിക്കാവ് ക്ഷേത്രം, മൊട്ടയ്ക്കല്‍ ക്ഷേത്രം, തേവലക്കര ദേവിക്ഷേത്രം പടിഞ്ഞാറ്റേക്കര രാജരാജേശ്വരി ക്ഷേത്രം, മുള്ളിക്കാല മാനാമ്പുഴ ക്ഷേത്രം, അരിനല്ലൂര്‍ ദേവിക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ചേനങ്കര മുക്കില്‍ സംഗമിച്ച് തെക്കന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സമാപിച്ചു.
പന്മനയില് വലിയവീട്ടില്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര വെറ്റമുക്കില്‍ സമാപിച്ചു. കൊല്ലക വേലയുധന്കാവ് ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര പുത്തേത്ത് ക്ഷേത്രത്തില്‍ സമാപിച്ചു. കൊട്ടാരത്തില്‍ കടവ് ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര പീടികയില്‍ ക്ഷേത്രത്തില്‍ സമാപിച്ചു. ശിവാനന്ദപുരം ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ആണുവേലില്‍ ക്ഷേത്രത്തില്‍ സമാപിച്ചു. നീണ്ടകര വെളിത്തുരുത്ത് ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര പരിമണം ക്ഷേത്രത്തില്‍ സമാപിച്ചു.
ചവറ മുകുന്ദപുരം അമ്മാച്ചന്കാവ് ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ഭരണിക്കാവ് ക്ഷേത്രത്തില്‍ സമാപിച്ചു. ചവറ വിളയില്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ചവറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.
ചവറ താലൂക്ക് ആഘോഷ പ്രമുഖ് എസ്. കണ്ണന്, നീണ്ടകര കൃഷ്ണരാജ്, മുകുന്ദപുരും രാജു, പത്മസോമന്, തേവലക്കര പ്രേംകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
ചാത്തന്നൂര്‍; ചാത്തന്നൂര്‍ ബാലഗോകുലം ചാത്തന്നൂര്‍ മണ്ഡലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര കളിയാകുളം ദ്വാരകപുരിയില്‍ സിനിമനടന് ജഗന്നാഥവര്‍മ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. രാജന്‍കരൂര്‍, ബാലഗോകുലം ജില്ലാ പ്രസിഡന്റ് ബി.സജന്‍ലാല്‍, മീനാട് ഉണ്ണി,കളിയകുളം ഉണ്ണി,പ്രശാന്ത്,ശ്രീകുമാര്‍,വിനോദ്,കോയിപ്പാട് അനില്‍,കൊയിപാട് സജീവ്,ബീനാരാജന്‍,മീനാട് ഗിരീഷ് എന്നിവര്‍ നേതൃത്വം നല്കി. ബാലഗോകുലം വരിഞ്ഞം മണ്ഡലിന്റെ ശോഭായാത്ര കാരംകോട് ശ്രീനാരായണ ഗുരുമന്ദിരത്തില്‍ നിന്നും ആരംഭിച്ചു വരിഞ്ഞം മഹാദേവക്ഷേത്രത്തില്‍ അവസാനിച്ചു ശോഭായാത്ര പത്രപ്രവര്ത്തകന് പനയറ ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു വരിഞ്ഞം ശുഭാഗന്, ഷൈന്‍ എന്നിവര്‍ നേതൃത്വം നല്കി. ചിറക്കര മണ്ഡലിന്റെ ശോഭായാത്ര കോതേരി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് ഉളിയനാട് പാറയില്‍ അപ്പൂപ്പന്‍കാവ് ക്ഷേത്രത്തില്‍ അവസാനിച്ചു.
സ്വന്തം ലേഖകര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: