ന്യൂദല്‍ഹി: പ്രതിപക്ഷത്തിന്റെ രൂക്ഷമായ എതിര്‍പ്പ് ഏറ്റുവാങ്ങിക്കൊണ്ട് ഭക്ഷ്യസുരക്ഷാബില്‍ ലോക്സഭ പാസാക്കി. പ്രതിപക്ഷ ഭേദഗതിക്ക് ഭരണപക്ഷം അബദ്ധത്തില്‍ വോട്ടു ചെയ്തതുള്‍പ്പെടെ ബില്ല് പാസാക്കുന്നതിനിടെ നാടകീയ രംഗങ്ങളും ഇന്നലെ രാത്രി വൈകി സഭയിലുണ്ടായി. പ്രതിപക്ഷ ഭേദഗതി പാസായത് ഭരണപക്ഷ അംഗങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ദരാക്കി.
പ്രതിപക്ഷ ഭേദഗതി ഇലക്ട്രോണിക് വോട്ടിംഗിനിടെ പാസായത് സഭയില്‍ വലിയ ബഹളത്തിനാണ് കാരണമായത്. വീണ്ടും വോട്ടെടുപ്പ് വേണമെന്ന പാര്‍ലമെന്ററി കാര്യമന്ത്രി കമല്‍നാഥിന്റെ ആവശ്യത്തിനെതിരെ ബിജെപി അംഗങ്ങള്‍ രംഗത്തെത്തിയതോടെ ബഹളം രൂക്ഷമായി. ഒടുവില്‍ വോട്ടിംഗ് വേണമെന്ന ഭരണപക്ഷത്തിന്റെ അഭ്യര്‍ത്ഥന പ്രതിപക്ഷം സമ്മതിച്ചതോടെ വീണ്ടും നടന്ന വോട്ടിംഗില്‍ 252നെതിരെ 141 വോട്ടിന് ഭേദഗതി പരാജയപ്പെട്ടു. സഭയില്‍ വോട്ടിംഗ് നടക്കുന്നതിനിടെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും സഭ വിട്ടുപോയത് ആശയക്കുഴപ്പത്തിനു കാരണമായി.
ആറുമണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് ബില്ല് ലോക്സഭയില്‍ വോട്ടിനിട്ടത്. തുടര്‍ന്ന് വിവിധ അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികള്‍ വോട്ടിനിട്ടു. അതിനിടെയാണ് സുഷമാ സ്വരാജ് കൊണ്ടുവന്ന ഭേദഗതിക്ക് ഭരണപക്ഷ അംഗങ്ങള്‍ കൂടി വോട്ട് നല്കി പാസാക്കിയത്. ആത്മാവു നഷ്ടമായ ബില്ലാണ് സഭയില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് കുറ്റപ്പെടുത്തി. ലോക്സഭ പാസാക്കിയ ഭക്ഷ്യസുരക്ഷാ ബില്‍ ഇന്ന് രാജ്യസഭയിലും അവതരിപ്പിക്കും.
ഉച്ചയ്ക്കു ശേഷം ഭക്ഷ്യസുരക്ഷാബില്ലിന്മേല് നടന്ന ചര്‍ച്ചയില്‍ ഭക്ഷ്യമന്ത്രി കെ.വി തോമസ് സഭയ്ക്ക് ബില്ലിനെ പരിചയപ്പെടുത്തി. കേരളവും തമിഴ്നാടും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് നിലവിലുള്ള വിഹിതം ഉറപ്പുവരുത്തുമെന്നും കേരളവും തമിഴനാടും ആവശ്യപ്പെട്ട പ്രകാരമുള്ള അളവില്‍ തന്നെ ഭക്ഷ്യധാന്യം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് നിന്നും ദാരിദ്ര്യം തുടച്ചു നീക്കാനുള്ള നടപടികളുടെ തുടക്കമാണ് ഭക്ഷ്യസുരക്ഷാബില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ബില്ലിന്മേല് നടന്ന ചര്‍ച്ചയില്‍ പറഞ്ഞു. ആദ്യമായാണ് സോണിയാഗാന്ധി ഒരു ബില്ലിന്റെ ചര്‍ച്ചയില്‍ സഭയ്ക്കുള്ളില്‍ പങ്കാളിയായത്.
ഭക്ഷ്യസുരക്ഷാ ബില്‍ അല്ല വോട്ടു സുരക്ഷാ ബില്ലാണ് കോണ്‍ഗ്രസ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ബിജെപി ലോക്സഭയില്‍ കുറ്റപ്പെടുത്തി. 2009 ല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ രാഷ്ട്രപതിയുടെ നയപ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയ വാഗ്ദാനമായിരുന്ന ബില്ലിനെ കഴിഞ്ഞ നാലരവര്‍ഷമായി സര്‍ക്കാര്‍ എന്തു ചെയ്യുകയായിരുന്നുവെന്ന് ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ മുരളീമനോഹര്‍ ജോഷി ചോദിച്ചു. സംസ്ഥാനങ്ങളുടെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമാണ് കേന്ദ്രസര്‍ക്കാര്‍ ബില്ലിലൂടെ നടത്തിയിരിക്കുന്നതെന്നും ജോഷി കുറ്റപ്പെടുത്തി. സമാജ് വാദി പാര്‍ട്ടി അംഗങ്ങളും ബില്ലിനെതിരെ രംഗത്തെത്തിയെങ്കിലും പിന്നീട് ബില്ലിനെ അനൂകൂലിച്ച് വോട്ട് ചെയ്തു.
രാജ്യസഭ ഇന്നലെ ഹിന്ദുവിവാഹ നിയമഭേദഗതി ബില്ല് പാസാക്കി. വനിതകളുടെ അവകാശം സംരക്ഷിക്കാന്‍ കൂടുതല്‍ അധികാരം നല്‍കുന്നതാണ് ബില്ലെന്ന് കേന്ദ്രമന്ത്രി കപില്‍സിബല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: