ന്യൂദല്‍ഹി: ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി നല്‍കിക്കൊണ്ട് പാചകവാതക വിലയും ഡീസല്‍ വീലയും കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില ഓരോ മാസവും വര്‍ധിപ്പിക്കണമെന്നും ഡീസലിന്റെ വില മൂന്നു രൂപയെങ്കിലും കൂട്ടണമെന്നുമുള്ള എണ്ണക്കമ്പനികളുടെ ആവശ്യം അംഗീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്നാണ് സൂചന.
പാചകവാതക വില എല്ലാ മാസവും പത്തു രൂപ വീതം വര്‍ദ്ധിപ്പിക്കാനാണ് എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ഡീസല്‍ വില ഇത്തരത്തില്‍ എല്ലാ മാസവും 50 പൈസ വീതം വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്നാല്‍ രൂപയുടെ വിനിമയമൂല്യം തകര്‍ന്ന പശ്ചാത്തലത്തില്‍ ഡീസലിന്റെ നഷ്ടം ലിറ്ററിന് 10 രൂപയ്ക്ക് മുകളിലാണെന്നാണ് എണ്ണക്കമ്പനികളുടെ കണക്ക്. അതുകൊണ്ടു തന്നെ മൂന്നുരൂപയെങ്കിലും ഒറ്റയടിക്ക് വര്‍ദ്ധിപ്പിക്കാതെ മാര്‍ഗ്ഗമില്ലെന്നും കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില മാസത്തില്‍ ഒരിക്കലോ മൂന്നു മാസം കൂടുമ്പോഴോ പുനഃപരിശോധിക്കണമെന്ന ആവശ്യവും എണ്ണക്കമ്പനികള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. സബ്സിഡി നിരക്കില്‍ നല്കുന്ന സിലിണ്ടറിന് പ്രതിമാസം 10 രൂപയോ, മൂന്നു മാസം കൂടുമ്പോള്‍ 25 രൂപയോ വര്‍ധിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് കമ്പനികള്‍ക്കുള്ളത്. ഇതു നടപ്പാക്കുന്നതോടെ പാചകവാതകത്തിന് പ്രതിവര്‍ഷം 100 രൂപ മുതല്‍ 125 രൂപയുടെ വരെ വിലകൂടും. പാചകവാതക സബ്സിഡി എടുത്തുകളയണമെന്ന വിജയ് ഖേല്‍ക്കര്‍ കമ്മിറ്റിയുടെ ശുപാര്‍ശ ഇത്തരത്തില്‍ നടപ്പാക്കണമെന്നാണ് എണ്ണക്കമ്പനികള്‍ സര്‍ക്കാരിന് നല്‍കിയിരിക്കുന്ന ഉപദേശം.
എണ്ണക്കമ്പനികളുടെ ജനവിരുദ്ധ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ പരിഗണനയിലാണെങ്കിലും കേന്ദ്രമന്ത്രിസഭയാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത്. നിലവിലെ സാഹചര്യത്തില്‍ എണ്ണക്കമ്പനികളുടെ ആവശ്യത്തെ സര്‍ക്കാര്‍ അംഗീകരിക്കാനാണ് സാധ്യത. വില വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും അവര്‍ തീരുമാനിക്കട്ടെയെന്നുമാണ് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ഡയറക്ടര്‍ പി.കെ ഗോയല്‍ പ്രതികരിച്ചത്. ഒരു ലിറ്റര്‍ മണ്ണെണ്ണ വില്‍പ്പനയില്‍ 33.54 രൂപയും ഒരു പാചകവാതക സിലണ്ടറിന് 412 രൂപയുമാണ് എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: