ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കഴിവുകളെക്കുറിച്ച് തനിക്ക് അധികമറിയില്ലെന്ന് കേന്ദ്ര കൃഷിമന്ത്രിയും എന്‍സിപി നേതാവുമായ ശരദ് പവാര്‍. രാഹുലിനെക്കുറിച്ച് തനിക്ക് വ്യക്തിപരമായി അറിയില്ലെന്നും എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലമനുസരിച്ച് വിവിധ സാഹചര്യങ്ങളെക്കുറിച്ച് രാഹുലിന് നല്ല അറിവുണ്ടാകണമെന്നും പവാര്‍ ഒരഭിമുഖത്തില്‍ പറഞ്ഞു. രാഹുലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുക എന്നത് പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും പ്രത്യേകാധികാരത്തില്പ്പെടുന്ന കാര്യമാണെന്നും അങ്ങനെ ചെയ്താല്‍ അത് നല്ല കാര്യമായിരിക്കുമെന്നും ശരദ് പവാര്‍ പറഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പില്‍ എല്ലാ പ്രാദേശികപാര്‍ട്ടികള്‍ക്കും സ്വീകാര്യനായ ഒരാളായിരിക്കണം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് ശേഷം മമതാ ബാനര്‍ജി, നവീന്‍ പട്നായിക്, മുലായം, മായാവതി, നിതീഷ് , ജയലളിത എന്നിവര്‍ നിര്‍ണ്ണായക ഘടകങ്ങളാകുമെന്നാണ് തന്റെ നിരീക്ഷണമെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ പിന്തുണയില്ലാതെ ആര്‍ക്കും സര്‍ക്കാര്‍ രൂപീകരണത്തിനുള്ള മാന്ത്രിക സംഖ്യ സ്പര്ശിക്കാനാകില്ലെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.
എന്‍സിപി കോണ്‍ഗ്രസിനൊപ്പമാണെന്നും യുപിഎ തീരുമാനമാണ് തങ്ങളുടേതെന്നും എന്‍സ്പി നേതാവ് വ്യക്തമാക്കി. പ്രധാനമന്ത്രിയാകാന്‍ താങ്കള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താന്‍ കഴിഞ്ഞ 46 വര്‍ഷമായി തെരഞ്ഞെടുപ്പുകളിലുണ്ടെന്നും 28 വര്‍ഷമായി കേന്ദ്രത്തിലും സംസ്ഥാനത്തിലുമായി മന്ത്രിപദവിയിലാണെന്നും പവാര്‍ പറഞ്ഞു. എന്നാല്‍ വിശ്രമജീവിതമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ശരദ് പവാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: