ലണ്ടന്‍: കന്നി പ്രീമിയര്‍ ലീഗ് കളിക്കാനെത്തിയ കാര്‍ഡിഫില്‍ നിന്ന് മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇരുട്ടടിയേറ്റു. കാര്‍ഡിഫ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി കാര്ഡിഫിനോട് തകര്‍ന്നത്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം 27 മിനിറ്റിനിടെ നേടിയ മൂന്ന് ഗോളുകളാണ് കാര്‍ഡിഫിന് പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ തന്നെ ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. ഫൈസര്‍ കാംപെല്ലിന്റെ ഇരട്ട ഗോളുകളാണ് കാര്‍ഡിഫിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം ആദ്യം ലീഡ് നേടിയത് സിറ്റിയായിരുന്നു. 52-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോ അളന്നുമുറിച്ച് നല്കിയ പാസ് സ്വീകരിച്ച് 25 വാര അകലെനിന്ന് ഈഡന് സെക്കോ ഉതിര്‍ത്ത ബുള്ളറ്റ് ലോംഗ്റേഞ്ചര്‍ കാര്‍ഡിഫ് വലയില്‍ തറച്ചുകയറുകയായിരുന്നു. എന്നാല്‍ ശക്തമായി തിരിച്ചടിച്ച കാര്‍ഡിഫ് എട്ട് മിനിറ്റിനുശേഷം സമനില പിടിച്ചു. ഗെയില്‍ ക്ലിച്ചിയുടെ പാസില്‍ നിന്ന് ആരോണ്‍ ഗുന്നാഴ്സനാണ് സിറ്റി വല കുലുക്കിയത്. പിന്നീട് 79-ാം മിനിറ്റില്‍ കാര്‍ഡിഫ് ലീഡ് നേടി. ഒരു കോര്‍ണറില്‍ നിന്നാണ് ഗോള്‍ പിറന്നത്. പീറ്റര്‍ വിറ്റിംഘാം എടുത്ത കോര്‍ണര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ സിറ്റി ഗോള്‍കീപ്പര്‍ക്ക് പിഴച്ചപ്പോള്‍ കാത്തുനിന്ന കാംപെല്‍ ഷോള്‍ഡര്‍ കൊണ്ട് വലയിലേക്ക് പന്ത് തട്ടിയിട്ടു. പിന്നീട് 87-ാം മിനിറ്റില്‍ കാംപെല്‍ വീണ്ടും സിറ്റി വലയിലേക്ക് നിറയൊഴിച്ചു. ഇത്തവണയും ഒരു കോര്‍ണറില്‍ നിന്നാണ് കാംപെല്‍ വല കുലുക്കിയത് (3-1). എന്നാല്‍ അവസാന മിനിറ്റുകളില്‍ തകര്‍ത്തുകളിച്ച സിറ്റി സമനിലക്കുവേണ്ടി പൊരുതി. മത്സരത്തിന്റെ ഇഞ്ച്വറി സമയത്ത് ആല്‍വാരോ നെഗ്രഡോയിലൂടെ ഒരു ഗോള്‍ മടക്കി. പിന്നീടും ആക്രമണങ്ങളുടെ തിരമാല തീര്‍ത്തെങ്കിലും സമനില ഗോള്‍ മാത്രം വിട്ടുനിന്നു.
മറ്റൊരു മത്സരത്തില്‍ ടോട്ടനം ഏകപക്ഷീയമായ ഒരു ഗോളിന് സ്വാന്‍സീ സിറ്റിയെ പരാജയപ്പെടുത്തി തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം മത്സരത്തിന്റെ 58-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ റോബര്‍ട്ടോ സൊള്‍ഡാഡോയാണ് ടോട്ടനത്തിന്റെ വിജയഗോള്‍ സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: