അങ്കാര: ഇന്ത്യന്‍ കുതിപ്പിന് മുന്നില്‍ ചൈനയും വീണു. തുര്‍ക്കിയില്‍ നടക്കുന്ന ലോക അണ്ടര്‍ 21 ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യന്‍ കരുത്തിന് മുന്നില്‍ ചൈനയും കടപുഴകിയത്. പൂള് എയിലെ അവസാന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യ ചൈനയെ തകര്‍ത്തത്. ഇതോടെ ഇന്ത്യ പൂള് എയില്‍ നിന്ന് ആതിഥേയരായ തുര്‍ക്കിക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കുകയും ചെയ്തു. ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.
സ്കോര്‍ 25-21, 25-23, 25-18. ഒരു മണിക്കൂറും 14 മിനിറ്റും നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. പൂള് മത്സരങ്ങളില്‍ ഇന്ത്യ ചൈനക്ക് പുറമെ മൊറോക്കോ, ഈജിപ്റ്റ് എന്നീ ടീമുകളെയും പരാജയപ്പെടുത്തിയപ്പോള്‍ ആതിഥേയരായ തുര്‍ക്കിയോട് മാത്രമാണ് പരാജയപ്പെട്ടത്. ഇൗ ഗ്രൂപ്പില്‍ നിന്ന് ചൈനയും ഈജിപ്റ്റും അവസാന 16-ല്‍ ഇടംപിടിച്ചു.
പൂള് സിയില്‍ നടന്ന മത്സരത്തില്‍ അമേരിക്ക നേരിട്ടുള്ള സെറ്റുകള്‍ക്ക് കാനഡയെ തകര്‍ത്ത് സെര്‍ബിയക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. കാനഡയും ടുണീഷ്യയുമാണ് പൂള് സിയില്‍ നിന്ന് പ്രീ ക്വാര്‍ട്ടറില്‍ ഇടം പിടിച്ച മറ്റ് ടീമുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: