ന്യൂദല്‍ഹി: വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ഇരുപത് ദിവസം നീളുന്ന ചൗരാസി കോശിപരിക്രമ?യാത്ര അയോദ്ധ്യയില്‍ ഇന്നു തുടങ്ങാനിരിക്കേ അഞ്ഞൂറിലേറെ സന്യാസിമാരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പോലീസ് അറസ്റ്റു ചെയ്തു. 300 പുതിയ അറസ്റ്റ് വാറണ്ടുകളും പോലീസ് പുറപ്പെടുവിച്ചു. വിശ്വഹിന്ദുപരിഷത്ത് അഖിലേന്ത്യാ നേതാക്കളെ അടക്കം 70 പേര്‍ക്കെതിരെ നേരത്തെ തന്നെ വാറണ്ട് നിലവിലുണ്ട്. സന്യാസിമാരെ തടയുന്നതിനായി ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ അതിര്‍ത്തികളെല്ലാം സര്‍ക്കാര്‍ അടച്ചിട്ടുണ്ട്.
യാതൊരു കാരണവശാലും യാത്ര നടത്താന്‍ അനുവദിക്കില്ലെന്ന് സമാജ്വാദി പാര്‍ട്ടി സര്‍ക്കാരും ആരെതിര്‍ത്താലും യാത്രയുമായി മുന്നോട്ടു പോകുമെന്ന് സന്യാസിമാരും വ്യക്തമാക്കിയതോടെ ഉത്തര്‍പ്രദേശ് സംഘര്‍ഷ ഭരിതമാണ്. ശ്രീരാമജന്മഭൂമിയായ അയോദ്ധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് ജില്ലയില്‍ മൂവായിരത്തോളം പോലീസിനെ വിന്യസിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റോഡുമാര്‍ഗ്ഗം അയോദ്ധ്യയിലേക്ക് എത്തിക്കൊണ്ടിരുന്ന സന്യാസിമാരെ അയോദ്ധ്യയുടെ സമീപ ജില്ലകളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ആഗ്രയില്‍ 46 പേരെയും ഫൈസാബാദില്‍ 62 പേരെയും ഫത്തേപൂരില്‍ 17 പേരെയും കാണ്‍പൂര്‍ സിറ്റിയില്‍ 63 പേരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരെ താല്‍ക്കാലിക ജയിലുകളിലേക്ക് മാറ്റിയതായാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. വിഎച്ച്പി നേതാക്കളായ മഹന്ത് സന്തോഷ് ദാസിനേയും മഹന്ത് രാംശരണ്‍ ദാസിനേയും അയോദ്ധ്യയിലെ രാംസനേഹി ഘട്ടില്‍ നിന്നും പോലീസ് അറസ്റ്റു ചെയ്തു.
രാമജന്മഭൂമിന്യാസ് പ്രസിഡന്റ് മഹന്ത് നൃത്യഗോപാല്‍ ദാസിനേയും മറ്റു മുതിര്‍ന്ന സന്യാസിമാരേയും അറസ്റ്റു ചെയ്യുന്നതിനായി ഇന്നലെ കര്‍സേവകപുരത്തും വിശ്വഹിന്ദുപരിഷത്ത് ഓഫീസുകളിലും ഹിന്ദുക്കളുടെ വീടുകളിലും പോലീസ് തെരച്ചില്‍ നടത്തി. ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റിന്റേയും പോലീസ് സൂപ്രണ്ടിന്റേയും നേതൃത്വത്തിലായിരുന്നു അന്വേഷണം. എന്നാല്‍ വിഎച്ച്പിയുടെ പ്രമുഖ നേതാക്കളെയൊന്നും കണ്ടെത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പ്രവീണ്‍ തൊഗാഡിയയും രാംവിലാസ് വേദാന്തിയും ഉള്‍പ്പെടെയുള്ള നേതാക്കളും അയോദ്ധ്യയിലെത്തിയെങ്കിലും അവരെയും കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് അശോക് സിംഗാളിനെ പോലീസ് വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്.
സമാധാനപരമായി നടക്കേണ്ട യാത്രയെ സര്‍ക്കാരാണ് ഈ അവസ്ഥയിലെത്തിച്ചതെങ്കിലും രാഷ്ട്രീയനേതാക്കള്‍ പ്രതികരിക്കാതെ ഇരിക്കുകയാണെങ്കില്‍ യാത്ര മുടക്കമില്ലാതെ നടക്കുമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് ഇന്നലെ വ്യക്തമാക്കി. മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍സിങ്ങും സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ യാത്ര നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിച്ചില്ല.
അയോദ്ധ്യയ്ക്കു ചുറ്റുമുള്ള ഫൈസാബാദ്,ബസ്തി,ബാരാബങ്കി,ഗോണ്ട,ബരൈച്ച്,അംബേദ്കര്‍ നഗര്‍ എന്നീ ജില്ലകളിലൂടെ 300 കിലോമീറ്റര്‍ ദൂരം നടക്കുന്ന യാത്ര ഇന്ന് രാവിലെ എട്ടിന് പ്രത്യേക പൂജക്ക് ശേഷം സരയൂ നദീ തീരത്തു നിന്നാണ് ആരംഭിക്കുന്നത്. അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്രം നിര്‍മ്മിക്കുന്നതിനു മുന്നോടിയായാണ് യാത്ര.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: