അഞ്ചല്‍: അനിയന്ത്രിതമായി പാറക്വാറികള്‍ പെരുകുന്നത് മനുഷ്യവംശത്തിന്റെ തന്റെ നിലനില്‍പ്പിന് ഭീഷണിയാണെന്ന ആശങ്ക വളരുന്നു.
അഞ്ച് ഹെക്ടറില്‍ കുറഞ്ഞ ഭൂമിയില്‍ പാറ പൊട്ടിക്കുന്നതും ഖാനനം നടത്തുന്നതും കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ അനുവാദം വാങ്ങിവേണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം പോലും കാറ്റില്‍ പറത്തിയാണ് ജില്ലയിലെ പല പാറമടകളും പ്രവര്‍ത്തിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
കൊല്ലം ജില്ലയില്‍ ഇത്തരത്തില്‍ ഇരുപത്തിയഞ്ച് അനധികൃത പാറമടകള്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ മുന്‍ ജില്ലാ കളക്ടര്‍ ക്വാറികള്‍ സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാറകള്‍ പൊട്ടിക്കുന്നതിന് ജില്ലാകളക്ടറുടെ എന്‍ഒസി ആവശ്യമാണ്. സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിലുള്ള പാറയാണെങ്കില്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മൈനിംഗ് ആന്റ് ജിയോളജിക്കല്‍ വകുപ്പില്‍ നിന്ന് അനുമതി തേടണം എന്നതാണ് വ്യവസ്ഥ.
നിര്‍മ്മാണ ആവശ്യങ്ങള്‍ക്ക് അസംസ്കൃത വസ്തു ആവശ്യമാണെന്ന പ്രചാരണവും മണല്‍ കിട്ടാനില്ലാത്തതുമാണ് വന്‍ തോതില്‍ പാറ പൊട്ടിക്കല്‍ ജില്ലയില്‍ നടക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജനസാന്ദ്രത വര്‍ദ്ധിച്ചു വരുന്ന ജില്ലയില്‍ ഭാവിയിലെ ജനവാസ മേഖലകളെ വന്ധ്യംകരിക്കുന്ന രീതിയിലാണ് ഇന്ന് അനധികൃത ഖാനനം ഉള്‍പ്പെടെയുള്ളവ നടക്കുന്നത്. ക്വാറികളില്‍ നിന്ന് വന്‍ തോതില്‍ യാതൊരു നിയന്ത്രണവുമില്ലാതെയാണ് പാറ പൊട്ടിച്ചു കടത്തുന്നത്. പാറമടകളില്‍ നിന്ന് ഈടാക്കുന്ന റോയല്‍റ്റി പൊട്ടിച്ചുമാറ്റുന്ന പാറകളുടെ അളവിന് ആനുപാതികമാക്കണമെന്ന ആവശ്യം പാലിക്കാത്തതിനാല്‍ അനിയന്ത്രിത ചൂഷണമാണ് നടക്കുന്നത്. അനിയന്ത്രിതമായി പാറപൊട്ടിക്കുന്നത് ഭൂമിയുടെ ഘടന തന്നെ മാറ്റുന്നതായി അടുത്തിടെ കേരള ഹൈക്കോടി ആശങ്ക പ്രകടിപ്പിച്ചിരുന്നു. പ്രകൃതി ദുരന്തങ്ങളും അനിഷ്ട സംഭവങ്ങളും ഒഴിവാക്കാന്‍ പരിസ്ഥിതി ഓഡിറ്റിംഗിലൂടെ പാറഖനനങ്ങള്‍ മൂലമുള്ള ആഘാതം പഠിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
1957 ലെ മൈന്‍സ് ആന്റ് മിനറല്‍സ് നിയമവും 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമമനുസരിച്ച് പരിസ്ഥിതിക്ക് കോട്ടം തട്ടാതെ വേണം പാറഖനനവും. ഭൗമ ശാസ്ത്രജ്ഞരുടേയും ജലവിനിയോഗ, പരിസ്ഥിതി വിദഗ്ധരുടേയും ഉപദേശവും ഈ വിഷയത്തില്‍ തേടാമെന്ന് നിര്‍ദ്ദേശിച്ച കോടതി നിയമിച്ച ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, എന്‍വയോണ്‍മെന്റ് എന്‍ജിനിയര്‍, ജൈവ വൈവിധ്യ ബോര്‍ഡംഗം എന്നിവര്‍ ഉള്‍പ്പെട്ട സമിതി പാറക്വാറികളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
പത്തനംതിട്ടയിലെ ഒരു ക്വാറി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പരിസരവാസികള്‍ നല്കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഇത്. ക്വാറികളുടെ പ്രവര്‍ത്തനം പരിസരവാസികളുടെ ആരോഗ്യം, ജലസ്രോതസുകള്‍, പക്ഷികളും മറ്റ് ജീവജാലങ്ങള്‍ എന്നിവയ്ക്ക് നാശമുണ്ടാക്കുന്നതായി സമിതി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുന്നുകളില്‍ പാറപൊട്ടിക്കുന്നത് പാടില്ലെന്നാണ് ജൈവവൈവിധ്യ ബോര്‍ഡിന്റെ അഭിപ്രായം. ജനവാസമേഖലയിലും വനത്തിലും ക്വാറി പാടില്ലെന്നാണ് വ്യവസ്ഥയെങ്കിലും ജനജീവിതത്തെ ബുദ്ധിമുട്ടിച്ച് പാറകളെല്ലാം പൊട്ടിത്തെറിക്കുകയാണ്.
കൂടാതെ പാറമടകളില്‍ നിന്ന് ഒഴുക്കി വിടുന്ന മലിനജലത്തില്‍ അടങ്ങിയിരിക്കുന്ന രാസ വസ്തുക്കള്‍, വെടിമരുന്നുകള്‍ എന്നിവ കലര്‍ന്ന് നീരൊഴുക്കുകളെല്ലാം മലിനമായി. ഖാനനം മൂലം ജലം മലിനമായി വിവിധ തരത്തിലുള്ള രോഗങ്ങള്‍ പടരുകയാണ്. ഖാനനഫലമായി രൂപം കൊള്ളുന്ന അഗാധ ഗര്‍ത്തങ്ങളാണ് വന്‍ അപകടഭീഷണിയുയര്‍ത്തുന്ന മറ്റൊന്ന്. ഭൂമിയുടെ മാറ് പിളര്‍ന്ന് ഖാനനം നടത്തി മണ്ണൊലിപ്പ് തടഞ്ഞു നിര്‍ത്തിയിരുന്ന പാറകള്‍ ഇല്ലാതായതോടെ മണ്ണൊലിപ്പ് വര്‍ദ്ധിച്ച് പാരമ്പര്യ ജലസ്രോതസുകള്‍ ഇല്ലാതായിക്കഴിഞ്ഞു. ഉപരിതല ജലനിരപ്പിനേക്കാളും ക്വാറിയുടെ താഴ്ച വര്‍ദ്ധിച്ചതിനാല്‍ കിണറുകള്‍ ഉള്‍പ്പെടെയുള്ള പാരമ്പര്യ കുടിവെള്ള സ്രോതസുകള്‍ വറ്റിക്കഴിഞ്ഞു.
നിരന്തരമുള്ള പാറപൊട്ടിക്കലും പൊടിപടലങ്ങളും രൂക്ഷദുര്‍ഗന്ധവും മനുഷ്യജീവിതത്തെതന്നെ ദുഷ്കരമാക്കിയിരിക്കുകയാണ്. അന്തരീക്ഷ മലിനീകരണം മൂലം പലരും ശ്വാസകോശ രോഗങ്ങള്‍ക്കും കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്കും ഇരയായിത്തുടങ്ങി. നിരന്തര സ്ഫോടനങ്ങളും കുലുക്കങ്ങളും ജനിതക, ആവാസ ഘടനയ്ക്ക് തന്നെ മാറ്റം വരുത്തി നിരവധി ജീവജാലങ്ങളെ ഭൂമുഖത്ത് നിന്ന് ഉന്മൂലനാശം വരുത്തുന്ന ജില്ലയിലെ പാറഖനനങ്ങളെക്കുറിച്ച് സമഗ്രപഠനം വേണമെന്ന ആവശ്യവും ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: