കൊല്ലം: സോളാര്‍ തട്ടിപ്പിലെ മുഖ്യ സൂത്രധാരനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ബിജെപി മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസ് കാട്ടി സിപിഎമ്മിന്റെ രാപ്പകല്‍ സമരത്തെ കോണ്‍ഗ്രസ് പൊളിക്കുകയായിരുന്നുവെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി ആരോപിച്ചു. സരിത.എസ് നായരുടെ മൊഴി അട്ടിമറിച്ചത് ഉമ്മന്‍ചാണ്ടിയാണ്. ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു സിപിഎം നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധം കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുകയായിരുന്നു. ആ സമരം അവസാനിപ്പിച്ചതില്‍ ദുരൂഹതയുണ്ട്. പിണറായി വിജയനും തിരുവഞ്ചൂരും തമ്മില്‍ നടന്ന ധാരണ എന്തെന്നും ജനങ്ങളോട് തുറന്നു പറയണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു. എന്നാല്‍ ബിജെപിയുടെ സമരം ഇവിടെ അവസാനിക്കുന്നില്ല. സോളാര്‍ വിഷയത്തില്‍ ബിജെപി തുടക്കംമുതല്‍ എടുത്ത നിലപാടുകള്‍ ശക്തമാണെന്നും, ഉമ്മന്‍ചാണ്ടി രാജി വയ്ക്കുന്നതുവരെ ബഹുജനപ്രക്ഷോഭം പാര്‍ട്ടി നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആശ്രാമം ലിങ്ക് റോഡില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍ച്ച് ആരംഭിച്ചതു മുതല്‍തന്നെ ഉമ്മന്‍ചാണ്ടി രാജിവയ്ക്കുക എന്ന മുദ്രാവാക്യം വിളി ഉയര്‍ന്നു. ഇരുമ്പുപാലം വഴി മാര്‍ച്ച് കളക്ട്രേറ്റില്‍ എത്തിയപ്പോള്‍ കൊല്ലം എസിപി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം മാര്‍ച്ച് തടഞ്ഞു. മാര്‍ച്ചിനെ നേരിടാന്‍ പോലീസ് ജലപീരങ്കിയടക്കമുള്ള വന്‍ സന്നാഹങ്ങളുമായാണ് സ്ഥലത്ത് നിലയുറപ്പിച്ചത്. പ്രവര്‍ത്തകരുടെ രോഷം അപ്പോഴും തുടര്‍ന്നു. ബാരിക്കേഡ് മറിച്ചിടാനുള്ള പ്രവര്‍ത്തകരുടെ ശ്രമം മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിച്ചു. തുടര്‍ന്ന് കളക്ട്രേറ്റിന് മുന്നില്‍ കുത്തിയിരുന്നു പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. മാര്‍ച്ച് ഉദ്ഘാടനയോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എം. സുനില്‍ അധ്യക്ഷത വഹിച്ചു. ഉമ്മന്‍ചാണ്ടി രാജിവയ്ക്കും വരെ ബിജെപി സമരം തുടരുമെന്നും ഉമ്മന്‍ചാണ്ടി രാജിവച്ച് അന്വേഷണത്തെ നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി മാലുമേല്‍ സുരേഷ്, സംസ്ഥാന സെക്രട്ടറി ബി. രാധാമണി, മുന്‍ ജില്ലാ പ്രസിഡന്റ് വയയ്ക്കല്‍ മധു, ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി എം.എസ്. ശ്യാംകുമാര്‍, ദിനേഷ്കുമാര്‍, മാമ്പുഴ ശ്രീകുമാര്‍, അഡ്വ. രൂപാബാബു, ദേവകി ജി. പിള്ള, ബി.ഐ ശ്രീനാഗേഷ്, പന്നിമണ്‍ രാജേന്ദ്രന്, നെടുമ്പന ശിവന്, ബിജു നീലാംബരന്‍, ലത മോഹന്‍, സുമാദേവി, വസന്ത ബാലചന്ദ്രന് എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് നേതാക്കളായ വി.എസ് വിജയന്, ആലഞ്ചേരി ജയചന്ദ്രന്, രണിക്കാവ് രാജന്, മനോജ്, അഡ്വ. വയയ്ക്കല്‍ സോമന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: