ന്യൂദല്‍ഹി: ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും രണ്ട് മുതിര്‍ന്ന പരിശീലകര്‍ രാജിവച്ചു. ബാറ്റിംഗ് പരിശീലകന് ദിനേശ് നാനാവതിയും ബൗളിംഗ് പരിശീലകന് ഭരത് അരുണുമാണ് രാജിവച്ചത്. ബംഗളൂരുവിലെ അക്കാദമി കേന്ദ്രത്തില്‍ പൊളിച്ചെഴുത്തു നടത്താനുള്ള ബിസിസിഐ തീരുമാനം ചോദ്യം ചെയ്താണ് രാജി.
അടുത്ത കാലത്തായി ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും നിരവധിപേര്‍ പിരിഞ്ഞു. അതില്‍ അവസാനത്തേതാണ് നാനാവതിയും അരുണും. ഇപ്പോള്‍ അക്കാദമിക്ക് ഡയറക്ടറില്ല. കഴിഞ്ഞ സപ്തംബറില്‍ സന്ദീപ് പാട്ടീലിനെ ദേശീയ സെലക്ടര്‍മാരുടെ ചെയര്‍മാനാക്കിയത് മുതല്‍ ഇതാണവസ്ഥ. മെയ് ഒന്നിന് അക്കാദമിയിലെ ആറ് സാങ്കേതികവിദഗ്ധരെ ബിസിസിഐ പുറത്താക്കിയിരുന്നു. ഇതില്‍ ബൗളിംഗ് പരിശീലകന് വി. വെങ്കട്ടരാമന്, ഫീല്‍ഡിംഗ് പരിശീലകന് ആര്. ശ്രീധര്‍, പരിശീലന സഹായി സതീഷ് ചിമോട്ട, ഫിസിയോതെറാപ്പിസ്റ്റ് വി.പി. സുദര്ശന്, നാഗേന്ദ്രപ്രസാദ്, ആനന്ദ് ഡേറ്റ് എന്നിവരും ഉള്‍പ്പെടുന്നു.
കഴിഞ്ഞവര്‍ഷം മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ടീമിനൊപ്പം പട്ടേലുണ്ടായിരുന്നു. സാങ്കേതിക വിഭാഗത്തില്‍ ഡോ. കിഞ്ചാള്‍ സുരാത്വാല, പി.വി. സുദര്ശന്, നിതിന്‍ പട്ടേല്‍, ആശിഷ് കൗഷിക് എന്നീ നാലുപേര്‍ മുഴുവന്‍ സമയ ജീവനക്കാരായി മതിയെന്നാണ് അക്കാദമി നിലപാട്. ഡയറക്ടറുടെ അഭാവത്തില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്മാന് രഞ്ജിബ് ബിസ്വാള്‍, ബിസിസിഐ ജനറല്‍ മാനേജര്‍ പ്രൊഫ. രത്നാകര്‍ ഷെട്ടി എന്നിവര്‍ ചേര്‍ന്ന് അക്കാദമിയുടെ പ്രവര്‍ത്തനച്ചെലവ് വെട്ടിച്ചുരുക്കാന്‍ സ്ഥിരം ജീവനക്കാരെ കുറച്ചു. മുന്‍ ക്രിക്കറ്റര്‍മാരെ പരീശലകരാക്കുന്നതും ഒഴിവാക്കി.
എന്തായാലും അക്കാദമി പ്രവര്‍ത്തനത്തെ ഇത് ബാധിച്ചു. പകരം വഴി കണ്ടെത്താന്‍ ബോര്‍ഡ് തയ്യാറാകുന്നുമില്ല. പ്രവര്‍ത്തനം ശരിയായി മുന്നോട്ടു പോകുന്നതിനാല്‍ ഡയറക്ടറുടെ അഭാവം വലിയ പ്രതിസന്ധിയായിരുന്നില്ലെന്ന് അക്കാദമി വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്ന രണ്ടുപേരുടെ രാജി തിരിച്ചടി സൃഷ്ടിക്കുമെന്നും അവര്‍ പറയുന്നു.
അക്കാദമിയുടെ ഓഫ് സീസണ് ക്യാമ്പുകളെ ഇതുവരെ ഇതൊന്നും ബാധിച്ചിട്ടില്ല. സഞ്ജയ് ബംഗാര്‍, ദീപ് ദാസ് ഗുപ്ത, സുനില്‍ ജോഷി എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ മാസം 19 വയസിന് മുകളിലുള്ളവരുടെ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. മൈസൂരില്‍ കിരണ്‍ മോറെ, വെങ്കടേഷ് പ്രസാദ്, മുകുന്ദ് പാരമാര്, വെങ്കടപതി രാജു എന്നിവര്‍ ചേര്‍ന്ന് 25 വയസിന് താഴെയുള്ളവര്‍ക്കായി അതിലും മികച്ച ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. നരേന്ദ്ര ഹിര്‍വാനി, ദേബാശിഷ് മൊഹന്തി, ഡബ്ല്യു.വി. രാമന് എന്നിവര്‍ ചേര്‍ന്ന് 19 വയസിന് താഴെയുള്ളവര്‍ക്കും ബംഗളൂരുവില്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.
നാനാവതിയുടെയും അരുണിന്റെയും രാജി യഥാര്‍ഥത്തില്‍ വീണ്ടുവിചാരത്തിനുള്ള സമയമായെന്ന് സൂചിപ്പിക്കുന്നു. ഇതിലൂടെ നിരവധി ഊഹാപോഹങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇരുവരും അക്കാദമിയുമായി നല്ല ഉടമ്പടിയിലായിരുന്നു ഏര്‍പ്പെട്ടത്. 64 കാരനായ നാനാവതി ഡയബറ്റിക് രോഗിയാണ്. ബംഗളൂരുവില്‍ അദ്ദേഹത്തെ ശുശ്രൂഷിച്ചിരുന്നത് സഹോദരിയാണ്. സഹോദരി ഇപ്പോള്‍ ബംഗളൂരുവില്‍ നിന്നും താമസം മാറ്റുകയാണ്. അതിനാലാണ് താന്‍ തിരികെ മുംബൈയില്‍ പോകാന്‍ തീരുമാനിച്ചത്. മെയ് മാസത്തില്‍ രാജി സമര്‍പ്പിച്ചെന്നും 19ന് താഴെയുള്ളവരുടെ ക്യാമ്പ് ജൂലൈ ആറിന് സമാപിച്ചതോടെ താന്‍ സ്ഥാനത്ത് നിന്നും പിരിഞ്ഞെന്നും നാനാവതി പറഞ്ഞു.
കഴിഞ്ഞയാഴ്ച രാജിവച്ച അരുണ്‍ ഇതുവരെ ഇതുസംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടില്ല. ഇദ്ദേഹത്തിന് ചെന്നൈയിലെ ടിഎന്സിഎയില് നിന്നും മികച്ച ഓഫര്‍ ലഭിച്ചുവത്രെ. മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബവും ചെന്നൈയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: