മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ ആദ്യപാദ മത്സരത്തില്‍ ഈ സീസണില്‍ ടീമിലെത്തിയ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ബാഴ്സയുടെ രക്ഷകനായി. അത്ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തില്‍ നെയ്മറുടെ ഗോളാണ് ബാഴ്സലോണക്ക് സമനില നേടിക്കൊടത്തത്. 56-ാം മിനിറ്റില്‍ പെഡ്രോക്ക് പകരക്കാരനായി ഇറങ്ങിയ നെയ്മര്‍ 10 മിനിറ്റിനുശേഷമാണ് ബാഴ്സയുടെ സമനില ഗോള്‍ നേടിയത്. ബാഴ്സലോണക്ക് വേണ്ടി നെയ്മറുടെ ആദ്യ ഗോളായി ഇത്.
എന്നാല്‍ ഇതിനിടെ സൂപ്പര്‍താരം ലയണല്‍ മെസ്സി പരിക്കേറ്റ് പിന്‍വാങ്ങിയത് ബാഴ്സയെ നിരാശയിലാക്കി. മത്സരത്തിനിടെ തുടയ്ക്ക് പരിക്കേറ്റ മെസ്സി 46-ാം മിനിറ്റിലാണ് കളംവിട്ടത്.
അത്ലറ്റികോയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് ആതിഥേയരായിരുന്നു. ഈ സീസണില്‍ ബാഴ്സയില്‍ നിന്ന് കൂടുമാറി മാഡ്രിഡിലേക്ക് ചേക്കേറിയ ഡേവിഡ് വിയയാണ് അത്ലറ്റികോക്ക് ലീഡ് നേടിക്കൊടുത്തത്. ആര്ഡ തുറാന് നല്കിയ പാസ് സ്വീകരിച്ച് ഡേവിഡ് വിയ പായിച്ച തകര്‍പ്പന്‍ വോളി ബാഴ്സയുടെ വിഖ്യാത ഗോളി വിക്ടര്‍ വാല്‍ഡസിനെ കീഴപ്പെടുത്തി വലയില്‍ കയറി. തുടര്‍ന്നും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച അത്ലറ്റികോ താരങ്ങള്‍ നിരവധി തവണ ബാഴ്സ ഗോള്‍ മുഖത്ത് അപകട ഭീഷണി മുഴക്കി. എന്നാല്‍ വിയ ഉള്‍പ്പെട്ട അത്ലറ്റികോ സ്ട്രൈക്കര്‍മാരുടെ ഷോട്ടുകള്‍ ലക്ഷ്യം പിഴച്ചു.
രണ്ടാം പകുതി ആരംഭിച്ചശേഷം തൊട്ടടുത്ത മിനിറ്റില്‍ മെസ്സി കളം വിട്ടു. മെസ്സിക്ക് പകരം ഫാബ്രഗസാണ് മൈതാനത്തെത്തിയത്. 10 മിനിറ്റിനുശേഷം യുവ സൂപ്പര്‍താരം നെയ്മറും കളത്തിലിറങ്ങി. ഇതോടെ ബാഴ്സ ആക്രമണങ്ങള്‍ക്ക് മൂര്ച്ചവര്ദ്ധിച്ചു. 66-ാം മിനിറ്റില്‍ ഡാനി ആല്‍വസ് നല്കിയ ക്രോസ് ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ നെയ്മര്‍ അത്ലറ്റികോ വലയിലേക്ക് തിരിച്ചുവിട്ടത് ഗോളിയെ കീഴ്പ്പെടുത്തി വലയില്‍ പതിച്ചു. പിന്നീട് ഇരുടീമുകളും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും വിജയഗോള്‍ മാത്രം വിട്ടുനിന്നു. രണ്ടാം പാദ മത്സരം 29ന് ബാഴ്സയുടെ തട്ടകമായ നൗകാമ്പില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: