ന്യൂദല്‍ഹി: പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിനെ നിഷി വാസുദേവ നയിച്ചേക്കും. അങ്ങനെയെങ്കില്‍ നവരത്ന കമ്പനികളില്‍ ഉള്‍പ്പെടുന്ന എച്ച് പി സിഎല്ലിന്റെ ചുക്കാന്‍ പിടിക്കുന്ന ആദ്യ വനിതയായിരിക്കും നിഷി വാസുദേവ. ഐസിഐസിഐ ബാങ്കിന്റെ ഛന്ദ കൊച്ചാര്‍, ആക്സിസ് ബാങ്കിന്റെ ശിഖ ശര്‍മ, എച്ച്എസ്ബിസി ഇന്ത്യയുടെ നൈന ലാല്‍ കിഡ്വായി, ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസിന്റെ വിനിത ബാലി, ജെപി മോര്‍ഗാന്‍ ഇന്ത്യയുടെ കല്പന തുടങ്ങിയവരാണ് ഇന്ത്യന്‍ കമ്പനികളുടെ തലപ്പത്തിരിക്കുന്ന വനിതകള്‍. അതേസമയം പൊതുമേഖലാ സ്ഥാപനങ്ങളുടെ ചുക്കാന്‍ പിടിച്ചിട്ടുള്ള വനിതകളുടെ എണ്ണം വളരെ കുറവാണെന്നും പറയപ്പെടുന്നു.
പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന് ബോര്‍ഡാണ് എച്ച്പിസിഎല്ലിന്റെ ചെയര്മാന്, എംഡി സ്ഥാനത്തേയ്ക്ക് നിഷി വാസുദേവയുടെ പേര് ശുപാര്‍ശ ചെയ്തത്. ഈ സ്ഥാനത്തേയ്ക്ക് മറ്റ് ആറ് പേരെകൂടി പരിഗണിക്കുന്നുണ്ടെങ്കിലും സാധ്യത കൂടുതലുള്ളത് നിഷിയ്ക്കാണ്. തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ നിലവിലെ ചെയര്മാന് സുബിര്‍ റോയ് ചൗധരി വിരമിച്ചതിന് ശേഷമായിരിക്കും നിഷി ചുമതലയേല്‍ക്കുക.
2014 ഫെബ്രുവരി 28 നാണ് ചൗധരി വിരമിക്കുന്നത്. നിലവില്‍ എച്ച് പി സി എല്ലിന്റെ മാര്‍ക്കറ്റിംഗ് വിഭാഗം ഡയറക്ടറാണ് നിഷി വാസുദേവ.
രാജ്യത്തെ പ്രമുഖ ഓയില്‍ കമ്പനിയായ എച്ച് പി സി എല്ലിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വിറ്റുവരവ് 1,90,048 കോടി രൂപയും പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2,15,675 കോടി രൂപയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: