സിംഗപ്പൂര്‍: അണ്ടര്‍ 23 എമേര്‍ജിംഗ് ടീംസ് കാപ്പില്‍ പാക്കിസ്ഥാനും ശ്രീലങ്കക്കും വിജയം. ശ്രീലങ്ക ആതിഥേയരായ സിംഗപ്പൂരിനെ 13 റണ്‍സിനും പാക്കിസ്ഥാന് 9 വിക്കറ്റിന് നേപ്പാളിനെയുമാണ് പരാജയപ്പെടുത്തിയത്.
നേപ്പാളിനെതിരായ മത്സരത്തില്‍ ബാബര്‍ അസമിന്റെ അപരാജിത സെഞ്ച്വറിയാണ് (100) പാക്കിസ്ഥാന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 50 ഓവറില്‍ 156 റണ്‍സിന് ഓള് ഔട്ടായി. 78 റണ്‍സെടുത്ത സുഭാഷ് ഖകുരേലാണ് നേപ്പാള്‍ ടീമിന്റെ ടോപ്സ്കോറര്‍. സുഭാഷിന് പുറമെ മൂന്നുപേര്‍ മാത്രമാണ് ഇന്നിംഗ്സില്‍ രണ്ടക്കം കടന്നത്. 16 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ബസന്ത് രഗ്മിയും 16 റണ്‍സെടുത്ത ബിനോദ് ബന്ദാരിയും 10 റണ്‍സെടുത്ത ഗ്യാനേന്ദ്ര മല്ലയുമാണ് രണ്ടക്കം കടന്നത്. 10 ഓവറില്‍ 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ റാസാ ഹസ്സനും 27 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ ഉസ്മാന് ഖ്വാദിറുമാണ് നേപ്പാളിനെ ചെറിയ സ്കോറില്‍ ഒതുക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് വേണ്ടി ഓപ്പണര്‍മാരായ ബാബര്‍ അസമും അസീമും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 66 റണ്‍സ് കൂട്ടി ചേര്‍ത്തു. 15 റണ്‍സെടുത്ത അസീം പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ ഹമ്മദ് അസമിനെ (41 നോട്ടൗട്ട്) കൂട്ടുപിടിച്ച് ബാബര്‍ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 118 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളോടെയാണ് ബാബര്‍ അസം 100 റണ്‍സ് നേടിയത്. മാന്‍ ഓഫ് ദി മാച്ചും ബാബര്‍ അസമാണ്.
മറ്റൊരു മത്സരത്തില്‍ സിംഗപ്പൂരിന്റെ കനത്ത വെല്ലുവിളി മറികടന്നാണ് ശ്രീലങ്ക വിജയം കൈവരിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 48.5 ഓവറില്‍ 191 റണ്‍സിന് ഓള് ഔട്ടായി. 72 റണ്‍സെടുത്ത ഉദയ ജയസുന്ദരെയാണ് ലങ്കന്‍ നിരയിലെ ടോപ് സ്കോറര്‍. ഇയാള്‍ക്ക് പുറമെ 34 റണ്‍സെടുത്ത നിരോഷന്‍ ഡിക്ക്വെല്ലയും 33 റണ്‍സെടുത്ത ധനുഷ്ക ഗുണതിലകയും ഭേദപ്പെട്ട പ്രകടനം നടത്തി. ഇവര്‍ക്ക് പുറമെ കിതുരുവാന് വിതംഗയും (17), ലഹിരു ജയരത്നെയും (13) മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. 8.5 ഓവറില്‍ വെറും 16 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷൊഐബാണ് സിംഗപ്പൂര്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംഗപ്പൂരിന് സ്കോറിംഗ് വേഗത കുറഞ്ഞതാണ് തിരിച്ചടിയായത്. അനീഷ് പരം 83 പന്തില്‍ നിന്നും 62 റണ്‍സുമായി പുറത്താകാതെ പൊരുതിയെങ്കിലും സഹതാരങ്ങള്‍ക്ക് അവസരത്തിനൊത്തുയരാന്‍ കഴിയാതെ പോയതോടെ വിജയത്തിന് 14 റണ്‍സകലെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് എന്ന നിലയില്‍ ഇന്നിംഗ്സ് അവസാനിപ്പിക്കേണ്ടിവന്നു. സിംഗപ്പൂരിന് വേണ്ടി ചമിന്ദ കുമാരഗെ (33), തിമോത്തി സിന്ഗാം (26), ആന്ദ്രെ ലാംഗെ (23) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: