ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണിന് ദിവസങ്ങള്‍ മാത്രമവശേഷിക്കെ മുന്‍ നിര താരങ്ങള്‍ മികച്ച തയ്യാറെടുപ്പിലാണ്. വര്‍ഷത്തിലെ അവസാന ഗ്രാന്ഡ്സ്ലാമില് മികച്ച പ്രകടനത്തിനായി വാം അപ് മത്സരങ്ങളില്‍ മികവ് തെളിയിച്ചും അല്ലാതെയും ടെന്നീസ് ലോകം തന്നെ ഒരുങ്ങിക്കഴിഞ്ഞു. ഹാര്‍ഡ് കോര്‍ട്ടിലെ തീപാറുന്ന പോരാട്ടങ്ങള്‍ ഇനി ആരാധകരെ ആവേശത്തിലാഴ്ത്തും. പുരുഷ, വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളായ നൊവാക് ഡോകോവിച്ചും സെറീന വില്ല്യംസുമാണ് ഒന്നാം സീഡുകള്‍. ചാമ്പ്യന്‍ഷിപ്പ് ഈ മാസം 26ന് ആരംഭിക്കും.
സ്വിസ് താരം റോജര്‍ ഫെഡറര്‍ ഏഴാമതായാണ് ഓപ്പണില്‍ സീഡ് ചെയ്യപ്പെട്ടിരിക്കുന്നത്. സിന്‍സിനാറ്റിയില്‍ നടന്ന ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നദാലിനോട് പരാജയപ്പെട്ട് പുറത്തായതിനെത്തുടര്‍ന്നാണ് ഫെഡററിന്റെ റാങ്കിംഗ് നില താഴ്ന്നത്. ഏറ്റവും ഉയര്‍ന്ന മൂന്നു സീഡുകളിലൊരാളായാണ് കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഫെഡറര്‍ ഗ്രാന്‍ഡ്സ്ലാമുകളില്‍ സീഡ് ചെയ്യപ്പെട്ടിട്ടുള്ളത്. ഇക്കുറി അതിന് മാറ്റം സംഭവിച്ചിരിക്കുന്നു. ഫെഡററിന്റെ പ്രതാപകാലം അവസാനിച്ചെന്ന സൂചന ഇതില്‍നിന്ന് സ്വീകരിക്കാനാവില്ലെങ്കിലും പ്രധാന മത്സരങ്ങളില്‍ സ്വിസ് താരം നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. 17 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയ താരമാണ് ഫെഡറര്‍. അഞ്ച് തവണ യുഎസ് ഓപ്പണിലും ഫെഡറര്‍ മുത്തമിട്ടിട്ടുണ്ട്.
ടൂര്‍ണമെന്റില്‍ ഒന്നാമതായി സീഡ് ചെയ്യപ്പെട്ടത് ഒന്നാം റാങ്കുകാരനായ സെര്‍ബിയയുടെ നൊവാക് ഡോകോവിച്ചാണ്. സിന്‍സിനാറ്റിയിലെ പരാജയം ഡോകോവിച്ചിനെ തളര്‍ത്തിയിട്ടില്ല. ദൈര്‍ഘ്യമേറിയ മത്സരങ്ങളില്‍ തളരാതെ പോരാടുന്ന താരമെന്ന നിലയ്ക്ക് ഡോകോവിച്ചിന് ഈ ഗ്രാന്സ്സ്ലാമില് പ്രതീക്ഷകളേറെയാണ്. എന്നാല്‍ രണ്ടാം സീഡായി വരുന്ന സ്പാനിഷ് താരം റാഫേല്‍ നദാല്‍ ഏവരുടേയും ഉറക്കം കെടുത്തുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. തുടര്‍ച്ചയായ രണ്ട് കിരീട നേട്ടങ്ങളോടെ റാങ്കിംഗ് നിലയും മെച്ചപ്പെടുത്തിയാണ് നദാല്‍ ന്യൂയോര്‍ക്കിലെത്തിയത്. കിരീടം നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന താരങ്ങളിലൊരാളാണ് നദാല്‍.
വിംബിള്‍ഡന്‍ ചാമ്പ്യന്‍ ആന്‍ഡി മുറെയാണ് മൂന്നാമതായി സീഡ് ചെയ്യപ്പെട്ട താരം. വിംബിള്‍ഡണിനുശേഷം മികച്ച പ്രകടനത്തിനായി തയ്യാറെടുക്കുകയാണ് മുറെ. ഗ്രാസ് കോര്‍ട്ടില്‍ ബ്രിട്ടീഷ് താരം മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്. ഹാര്‍ഡ് കോര്‍ട്ടില്‍ മുറേയുടെ പ്രകടനം കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.
നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ അമേരിക്കയുടെ സെറീന വില്ല്യംസാണ് വനിതാ വിഭാഗത്തില്‍ ഒന്നാം സീഡ്. 2007ലെ ചാമ്പ്യനും നിലവിലെ റണ്ണേഴ്സപ്പുമായ ബലാറസിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ വിക്ടോറിയാ അസരങ്കയാണ് രണ്ടാം സീഡ്. 2006ലെ ജേത്രി റഷ്യയുടെ മരിയ ഷറപ്പോവ മൂന്നാം സീഡും പോളണ്ടിന്റെ ആഗ്നിയേസ്ക റഡ്വാന്‍സ്ക നാലാം സീഡുമാണ്. ടൂര്‍ണമെന്റിന്റെ മത്സര ക്രമം ഇന്ന് പുറത്തിറക്കും.
അതിനിടെ വനിതാ ഗ്ലാമര്‍ താരം മരിയ ഷറപ്പോവ യുഎസ് ഓപ്പണില്‍ പുതിയ പേരുമായായിരിക്കും കളത്തിലിറങ്ങുകയെന്ന് സൂചനയുണ്ട്. ഷുഗര്‍പോവ എന്ന പേര് സ്വീകരിച്ചേക്കുമെന്നാണ് സൂചന. തന്റെ മിഠായി ബിസിനസിന്റെ പ്രചാരണത്തിനായാണ് താരം തന്റെ പേര് ഷുഗര്‍പ്പോവ എന്നു മാറ്റാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: