ഐന്തോവന്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ പ്ലേ ഒാഫ് യോഗ്യതാ മത്സരത്തില്‍ സീരി എ ടീം എസി മിലാന് സമനില. ഡച്ച് ടീമായ പിഎസ്വി ഐന്തോവനാണ് എസി മിലാനെ സമനിലയില്പിടിച്ചത് (1-1). രണ്ടാം പാദത്തില്‍ മിലാന് എവേ ഗോളിന്റെ ആനുകൂല്യം ലഭിക്കും. മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് മിലാനാണ്. 15-ാം മിനിറ്റില്‍ സ്റ്റീഫന്‍ എല്‍ ഷാര്‍വിയാണ് മിലാനെ മുന്നിലെത്തിച്ചത്. എന്നാല്‍ 61-ാം മിനിറ്റില്‍ ടീം മാറ്റാവ്സ് പിഎസ്വിയുടെ സമനില ഗോള്‍ നേടി.
മറ്റൊരു മത്സരത്തില്‍ റഷ്യന്‍ ടീമായ സെനിത് സെന്റ് പീറ്റേഴ്സ് ബര്‍ഗ് എവേ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പോര്‍ച്ചുഗീസ് ടീമായ പാക്കോസ് ഡി ഫെരീരയെ കീഴടക്കി. ഷിറോക്കോവിന്റെ ഹാട്രിക്കാണ് സെനിത്തിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. 27, 60, 90 മിനിറ്റുകളിലാണ് ഷിറോക്കോവ് പോര്‍ച്ചുഗീസ് വല കലുക്കിയത്. ഒരെണ്ണം പാക്കോസ് ഡിയുടെ ഗോളി മാത്യാസ് ദെഗ്രയുടെ സെല്‍ഫ് ഗോളായിരുന്നു.
ലിയോണില്‍ നടന്ന മറ്റൊരു മത്സരത്തില്‍ റയല്‍ സോസിഡാഡ് ഒളിമ്പിക് ലിയോണിനെ 2-0ന് കീഴടക്കി. 17-ാം മിനിറ്റില്‍ അന്റോണി ഗ്രിസ്മാനും 50-ാം മിനിറ്റില്‍ ഹാരിസ് സെഫറോവിക്കുമാണ് സോസിഡാഡിന്റെ ഗോളുകള്‍ നേടിയത്.
ഉസ്ബെക്കിസ്ഥാനില്‍ നിന്നുള്ള ഷാക്തര്‍ കരഗാണ്ടിയും വിജയം സ്വന്തമാക്കി. കരുത്തരായ സെല്‍റ്റിക്കിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഷക്തര്‍ തകര്‍ത്തത്. ആന്ദ്രേ ഫിനോന്ചെങ്കോയും സെര്‍ജി ഖിസ്നിചെങ്കോയും കെല്‍റ്റിക്കിനെ വട്ടംകറക്കി. മറ്റൊരു മത്സരത്തില്‍ ചെക്ക് ക്ലബ്ബ് വിക്ടോറിയ പ്ലെസന് 3-1 ന് സ്ലോവേനിയന്‍ ക്ലബ്ബ് മരിബോറിനെ മറികടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: