ന്യൂദല്‍ഹി: ഉള്ളിവിലയില്‍ കുറവുണ്ടാകുമോയെന്ന കാര്യം ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി ശരത് പവാര്‍. ഉള്ളി കൂടുതല്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ മഴമൂലം വിള നശിച്ചതാണ് വില ഉയരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. താങ്ങാവുന്നതിലും ഉയര്‍ന്ന നിരക്കിലാണ് ഉള്ളിയുടെ വില. മൊത്ത വില്പന കേന്ദ്രങ്ങളേയും ചില്ലറ വിപണികളേയും വിലകയറ്റത്തില്‍ നിന്നും രക്ഷിക്കുന്നതിനായി നാഫെഡിന് ഉള്ളി ഇറക്കുമതി നടത്തുന്നതിന് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.
ദല്‍ഹിയില്‍ ഒരു കിലോ ഉള്ളിയുടെ ചില്ലറ വില 60 രൂപയായി താഴ്ന്നു. കഴിഞ്ഞ ആഴ്ചയില്‍ ഇത് 80 രൂപയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഉള്ളി മൊത്ത വില്പന കേന്ദ്രമായ ലസാല്ഗാവണില് വില കിലോയ്ക്ക് 55 രൂപയില്‍ നിന്നും 36.65 രൂപയായി താഴ്ന്നു.
ഉള്ളി വില കുതിച്ചുയരുന്ന സാഹചര്യത്തിലും വിലയെ കുറിച്ച് തനിക്കറിയില്ലെന്നും വിളവ് സംബന്ധിച്ച കാര്യം മാത്രമേ തനിക്കറിയൂ എന്നുമാണ് ശരത് പവാര്‍ പറയുന്നത്. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് നാസിക്കില്‍ നിന്നുള്ള ഉത്പാദനം കുറഞ്ഞതും തിരിച്ചടിയായി.
രാജ്യത്തെ ഉള്ളി ഉത്പാദക സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ നിന്നും ഉള്ളി ഏത് സമയത്തും വില്പനയ്ക്കെത്തുമെന്നാണ് പ്രതീക്ഷയെന്നും പവാര്‍ പറഞ്ഞു. എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് നീക്കത്തിന് പ്രധാന തടസ്സം മഴയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉള്ളി വിലയിലെ വര്‍ധനവ് താത്കാലികമാണെന്നാണ് പവാര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്.
ഒക്ടോബര്‍ വരെ ഉള്ളിവില ഉയര്‍ന്നു നില്‍ക്കുമെന്നാണ് കണക്കാക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 5,11,616 ടണ്‍ ഉള്ളിയാണ് കയറ്റുമതി ചെയ്തത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 5,17,274 ടണ്ണായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: