ഗാന്ധിനഗര്‍: ബ്രിട്ടന് പിന്നാലെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് ആസ്ട്രേലിയ സന്ദര്‍ശിക്കാനും ക്ഷണം. രാജ്യത്തെ ആസ്ട്രേലിയന്‍ ഹൈക്കമ്മീഷണര്‍ ഗുജറാത്തിലെ ഗാന്ധിനഗറിലെത്തി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്നും ആസ്ട്രേലിയ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചതായും ഗുജറാത്ത് സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
ആസ്ട്രേലിയയുടെ വിദേശനയതന്ത്രബന്ധങ്ങളില് ഇന്ത്യയുടെ സ്ഥാനം മുന്നിലാണെന്നും കഴിഞ്ഞ പത്ത് വര്‍ഷമായി ഗുജറാത്തുമായുള്ള ബന്ധത്തിന് മികച്ച പ്രാധാന്യമാണ് നല്‍കുന്നതെന്നും പാട്രിക് സക്ലിംഗ് നരേന്ദ്രമോദിയെ അറിയിച്ചു. വിദ്യാഭ്യാസം, കായികം, കൃഷി, ക്ഷീരമേഖല, അടിസ്ഥാനസൗകര്യവികസനം തുടങ്ങി വിവിധ മേഖലകളില്‍ സാധ്യമാകുന്ന സഹകരണത്തെക്കുറിച്ച് ഇരുവരും സംസാരിച്ചു. സപ്തംബറില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ അഗ്രോ ടെക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി പാട്രിക്കിനെ ക്ഷണിച്ചു. 2015ല്‍ നടക്കാനിരിക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് ഉച്ചകോടിയില്‍ പങ്കെടുക്കണമെന്നും മോദി പാട്രിക്കിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
അതിശയിപ്പിക്കുന്ന വ്യാവസായിക വളര്‍ച്ചയിലൂടെ ഗുജറാത്ത് രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ സംസ്ഥാനങ്ങളിലൊന്നായി വളരുന്ന സാഹചര്യത്തിലാണ് ബ്രിട്ടന് ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ മുഖ്യമന്ത്രി നരേന്ദ്രമോദിയുമായി നല്ല ബന്ധം പുലര്ത്താനാഗ്രഹിക്കുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ ക്ഷണിച്ചുകൊണ്ട് എംപിമാര്‍ കഴിഞ്ഞ ദിവസമാണ് മോദിക്ക് കത്തയച്ചത്. ബ്രിട്ടനിലെ പ്രതിപക്ഷ പാര്‍ട്ടിയുടെ ലേബര്‍ ഫ്രണ്ട്സ് ഓഫ് ഇന്ത്യ ചെയര്മാന് ബാരി ഗാര്‍ഡിനറാണ് കത്തയച്ചത്. ആധുനിക ഇന്ത്യയുടെ ഭാവി എന്ന വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു കത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: