റൂസ്റ്റന്ബര്ഗ്: ദക്ഷിണാഫ്രിക്കയുടെ ‘എ’ ടീമിനെതിരായ അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. മൂന്നുപേര്‍ സെഞ്ച്വറി കണ്ടെത്തിയ മത്സരത്തില്‍ രണ്ടാംദിവസം കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 1 വിക്കറ്റ് നഷ്ടത്തില്‍ 20 റണ്‍സെടുത്തിട്ടുണ്ട്. നേരത്തെ ഇന്ത്യ ‘എ’ തങ്ങളുടെ ഒന്നാമിന്നിംഗ്സ് 9 വിക്കറ്റ് നഷ്ടത്തില്‍ 582 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. ആദ്യദിനം സെഞ്ച്വറി നേടിയ ചേതേശ്വര്‍ പുജാരക്ക് പുറമെ രോഹിത് ശര്‍മ്മയും സുരേഷ് റെയ്നയും മൂന്നക്കം കണ്ടെത്തിയതോടെയാണ് ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് ഉയര്‍ന്നത്.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് എന്ന നിലയില്‍ കളി പുനരാരംഭിച്ച ഇന്ത്യയെ രോഹിതും റെയ്നയും ചേര്‍ന്ന കൂട്ടുകെട്ട് മുന്നോട്ടുനയിച്ചു. ഇരുവരും ചേര്‍ന്ന് 106 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. സ്കോര്‍ 376 ല്‍ എത്തിശേഷമാണ് ഈ സഖ്യത്തെ പിരിക്കാന്‍ ദക്ഷിണാഫ്രിക്കക്ക് കഴിഞ്ഞത്. 257 പന്തുകളില്‍നിന്നും 14 ബൗണ്ടറികളുടെയും രണ്ട് സിക്സറുകളുടെയും കരുത്തില്‍ 119 റണ്‍സാണ് ശര്‍മ്മ നേടിയത്. മെച്ചപ്പെട്ട ഫോം കണ്ടെത്താനായി ശ്രമിച്ചുകൊണ്ടിരുന്ന രോഹിത് ശര്‍മ്മക്ക് ഈ സെഞ്ച്വറി കൂടുതല്‍ ആത്മവിശ്വാസം നല്കി. തുടര്‍ന്നെത്തിയ രഹാനെക്ക് 10 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ.
രഹാനെയെ ഡുമിനിയാണ് വീഴ്ത്തിയത്. വൃദ്ധിമാന്‍ സാഹയും (1) ഡുമിനിക്ക് മുന്നില്‍ പരാജയപ്പെട്ടു. പിന്നീടെത്തിയ ഈശ്വര്‍ പാണ്ഡെ റെയ്നക്ക് മികച്ച പിന്തുണ നല്കി. സ്കോര്‍ 497 ല്‍ എത്തിയപ്പോഴാണ് റെയ്ന പുറത്തായത്. 177 പന്തില്‍നിന്നും 14 ബൗണ്ടറികളുടെയും മൂന്ന് സിക്സറുകളുടെയും കരുത്തില്‍ 135 റണ്‍സാണ് റെയ്ന ഇന്ത്യന്‍ സ്കോറിനോട് കൂട്ടിച്ചേര്‍ത്തത്. കൂറ്റനടിക്ക് ശ്രമിച്ച റെയ്നയെ പാര്‍ണല്‍ ക്ലീന്ബൗള് ചെയ്യുകയായിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ച ഈശ്വര്‍ പാണ്ഡെ 35 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പാണ്ഡെയെയും പാര്ണല്തന്നെ പവലിയനിലേക്ക് മടക്കി. ദക്ഷിണാഫ്രിക്കക്കുവേണ്ടി വെയ്ന്‍ പാര്‍ണലും ജെജപി ഡുമിനിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: