സിന്‍സിനാറ്റി: റോജര്‍ ഫെഡററിനെ പരാജയപ്പെടുത്തി റാഫേല്‍ നദാല്‍ സിന്‍സിനാറ്റി ഓപ്പണിന്റെ സെമിയില്‍ പ്രവേശിച്ചു. വാശിയേറിയ മത്സരത്തിനൊടുവിലാണ് ഫെഡറര്‍ തോല്‍വി സമ്മതിച്ചത്. സ്കോര്‍ 5-7, 6-4, 6-4. ആദ്യസെറ്റ് കൈവിട്ടശേഷം ഉജ്വലമായി തിരിച്ചെത്തിയ സ്പാനിഷ് താരത്തിനെ തളയ്ക്കാന്‍ ഫെഡറര്‍ക്ക് കഴിഞ്ഞില്ല. ക്വാര്‍ട്ടറിലെ ത്രില്ലര്‍ മത്സരത്തിലെ ആദ്യസെറ്റ് ഇഞ്ചോടിഞ്ച് പൊരുതിയ ശേഷമാണ് നദാല്‍ തോല്‍വി സമ്മതിച്ചത്. എന്നാല്‍ തുടര്‍ന്നുള്ള സെറ്റുകളില്‍ നദാല്‍ മികവ് ആവര്‍ത്തിച്ചപ്പോള്‍ ഫെഡറര്‍ തോല്‍വി സമ്മതിച്ചു. ഇതോടെ റാങ്കിംഗ് നിലയിലും വ്യത്യാസമുണ്ടാകുമെന്ന് സൂചനയുണ്ട്. ടൂര്‍ണമെന്റില്‍ സ്പാനിഷ്ഠാരം കിരീടജേതാവായാല് രണ്ടാം നമ്പറിലേക്ക് നദാല്‍ ഉയര്‍ത്തപ്പെടും. ഫെഡറര്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. അടുത്തയാഴ്ച പുതിയ റാങ്കിംഗ് നിലവില്‍ വരുമ്പോള്‍ ഫെഡറര്‍ ഏഴാം സ്ഥാനത്താണെങ്കില്‍ 11 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് സ്വിസ് താരം മാറും.
മോണ്ട്രിയലില് നടന്ന റോജേഴ്സ് കാപ്പില്‍ കിരീടം നേടിയശേഷമാണ് നദാല്‍ ഈ ടൂര്‍ണമെന്റിനെത്തിയത്. നദാലും ഫെഡററും തങ്ങളുടെ കരിയറില്‍ 31-ാം തവണയാണ് ഏറ്റുമുട്ടിയത്. യുഎസ് ഓപ്പണ്‍ അടുത്ത സാഹചര്യത്തില്‍ ഇരുവരും സിന്‍സിനാറ്റിയിലെ ടൂര്‍ണമെന്റിന് പ്രത്യേക പ്രാധാന്യം നല്‍കിയിരുന്നു.
മത്സരത്തിലുടനീളം നദാല്‍ മികച്ച ആത്മവിശ്വാസത്തിലായിരുന്നുവെന്ന് ഫെഡറര്‍ പറഞ്ഞു. മികച്ച ഫോം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഫെഡറര്‍. മാര്‍ച്ചില്‍ ഇന്ത്യന്‍വെല്‍സില്‍ നടന്ന ടൂര്‍ണമെന്റിനുശേഷം അമേരിക്കയിലെ ഹാര്‍ഡ് കോര്‍ട്ടുകളില്‍ സ്വിസ് താരം കളിക്കുന്നത് ഇതാദ്യമാണ്.
മറ്റൊരു മത്സരത്തില്‍ ബ്രിട്ടന്റെ പ്രതീക്ഷയായിരുന്ന ആന്‍ഡി മുറെ ടൂര്‍ണമെന്റില്‍നിന്നും പുറത്തായി. ടോമാസ് ബെര്‍ഡിക്കാണ് മുറയെ പരാജയപ്പെടുത്തിയത്. സ്കോര്‍ 6-3, 6-4. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തോല്‍വി. ഈവര്‍ഷം മുറെക്കെതിരെ ബെര്‍ഡിക്ക് നേടുന്ന തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ഇതിനുമുമ്പ് മേയ് മാസത്തില്‍ നടന്ന മാഡ്രിഡ് ഓപ്പണിലാണ് ബെര്‍ഡിക്ക് മുറെയെ പരാജയപ്പെടുത്തിയത്.
മറ്റൊരു മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ചിനെ ജോണ്‍ ഇസ്നര്‍ അട്ടിമറിച്ചു. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 7-6, 3-6, 7-5 എന്ന സ്കോറിനാണ് സെര്‍ബ് താരംതോല്വി സമ്മതിച്ചത്. ആദ്യസെറ്റിലെ തോല്‍വിക്കുശേഷം രണ്ടാം സെറ്റില്‍ ഡോകോവിച്ച് തിരിച്ചെത്തിയിരുന്നു. എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റില്‍ മേധാവിത്വം ഇസ്നര്ക്കുതന്നെയായിരുന്നു. ഡോകോവിച്ച് പൊരുതിയെങ്കിലും ഇസ്നര്‍ വിജയം പിടിച്ചെടുത്തു. ദിമിത്രി ഇസ്നോവിനെ പരാജയപ്പെടുത്തിയ അര്‍ജന്റീനയുടെ ജുവാന്‍ മാര്ട്ടിന് ഡെല്‍പോട്രോയും സെമിയിലെത്തിയിട്ടുണ്ട്. സ്കോര്‍ 6-4, 3-6, 6-1. സെമിഫൈനലില്‍ പോട്രോ സ്പാനിഷ്ഠാരം റാഫേല്‍ നദാലിനെ നേരിടും.
വനിതാ വിഭാഗത്തില്‍ സെറീന വില്യംസ് ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. റൊമാനിയന്‍ താരമായ സിമോണ ഹാലെപിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീന പരാജയപ്പെടുത്തിയത്. സ്കോര്‍ 6-0, 6-4. ആദ്യസെറ്റില്‍ വിജയം ഏകപക്ഷീയമായിരുന്നു. എന്നാല്‍ രണ്ടാംസെറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തശേഷമാണ് സിമോണ കീഴടങ്ങിയത്. ടൂര്‍ണമെന്റിലെ നിലവിലുള്ള വനിതാ ചാമ്പ്യന്‍ ചൈനയുടെ ലി ന ആണ്. പോളണ്ടിന്റെ ആഗ്നയേസ്ക റാഡ്വാന്‍സ്ക ടൂര്‍ണമെന്റില്‍നിന്നും പിന്മാറിയതിനാല് ലി നായ്ക്ക് സെമിയിലേക്ക് വാക്ക് ഓവര്‍ ലഭിച്ചിരുന്നു. സെമിയില്‍ ചൈനീസ് താരം സെറീനയെ നേരിടും. മുത്തച്ഛന്റെ ശവസംസ്കാരത്തിന് പങ്കെടുക്കുന്നതിനായാണ് പോളിഷ് താരം ടൂര്‍ണമെന്റില്‍നിന്നും പിന്മാറിയത്. ജെലേന ജാങ്കോവിച്ചും സെമിയിലിടം കണ്ടെത്തി. ഇറ്റലിയുടെ റോബര്‍ട്ടോ വിന്‍സിയെ 6-0, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ജാങ്കോവിച്ച് മുന്നേറിയത്.
മറ്റൊരു മത്സരത്തില്‍ കരോളിന് വോസ്നിയാക്കിയെ പരാജയപ്പെടുത്തിയ വിക്ടോറിയ അസാരങ്കയും സെമിയില്‍ പ്രവേശിച്ചു. സ്കോര്‍: 6-3, 7-6 (7-5).
പ്രതികരിക്കാൻ ഇവിടെ എഴുതുക: