ന്യൂദല്‍ഹി: നിരവധി ഫയലുകള്‍ കാണാതായതിനെത്തുടര്‍ന്ന് കല്‍ക്കരി അഴിമതിക്കേസ് കൂടുതല്‍ കുരുക്കിലേക്ക്. യുപിഎ സര്‍ക്കാരിനെ ഒന്നങ്കം പ്രതിക്കൂട്ടിലാക്കാനിടയുള്ള കേസിലെ ഈ ഫയല്‍ കാണാതാകല്‍ ഏറെ ദുരൂഹതയുണ്ടാക്കുന്നതാണ്. 1993 മുതല്‍ 2004 വരെയുള്ള കാലത്തെ പല ഫയലുകളും കാണാനില്ലെന്ന് കല്‍ക്കരി വകുപ്പു മന്ത്രി ശ്രീ പ്രകാശ് ജയ്സ്വാള്‍ സമ്മതിച്ചു. ഈ ഫയലുകളുടെ പകര്‍പ്പു കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് മന്ത്രി വെ്ലിപ്പെടുത്തി.
കോണ്‍ഗ്രസ് എംപി ദര്‍ധ നല്കിയ ശുപാര്‍ശയുടെ രേഖകള്‍ അധികൃതര്‍ക്ക് ഇനിയും കണ്ടെത്താനായിട്ടില്ല. വിവാദമായ കല്‍ക്കരി കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടായാല്‍ അത് രണ്ടാം യുപിഎ സര്‍ക്കാരിനെ ഗുരുതരമായ കുഴപ്പങ്ങളിലേക്കാണ് എത്തിക്കുക. 1993-2005 കാലത്ത് വിതരണം ചെയ്ത 45 കല്‍ക്കരി ബ്ലോക്കുകളുടെ ഫയലുകളും രേഖകളും ലഭ്യമല്ലാതിരുന്നത് ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് എംപി വിജയ് ദര്‍ധയുടെ ശുപാര്‍ശകളും പ്രധാനമന്ത്രിയുടെ ഓഫീസ് അയച്ച രേഖകളും ഇപ്പോഴും ലഭ്യമായിട്ടില്ല. ഇതോടൊപ്പം ബ്ലോക്കുകള്‍ ലഭിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും ലഭിക്കാത്ത 157 കമ്പനികളുടെ അപേക്ഷകളും കാണാതായിട്ടുണ്ട്.
പരിശോധനാ സമിതിയുടെ യോഗത്തില്‍ വിലയിരുത്തലിനായി എത്തപ്പെട്ട നിരവധി രേഖകളും കാണാതായതിന്റെ കൂട്ടത്തില്‍പ്പെടുന്നു. കാണാതായ രേഖകളും ഫയലുകളും സിബിഐക്ക് കൈമാറണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് കേന്ദ്രം വിളിച്ചുചേര്‍ത്ത പരിശോധനാ സമിതിയുടെ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ വെളിച്ചത്തായത്.
ജൂലൈ 16ന് പരിശോധനാ സമിതി യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ മിനിട്സ് രേഖകള്‍ ജൂലൈ 29ന് ദി ഹിന്ദുവിന് ലഭിച്ചു. ദര്ധയും പ്രധാനമന്ത്രിയുടെ ഓഫീസും എഎംആര്‍ അയണ്‍ ആന്റ് സ്റ്റീല്‍ ലിമിറ്റഡിന് ബന്ധര് ബ്ലോക്ക് വിതരണം ചെയ്യാനെടുത്ത തീരുമാനത്തിന്റെ വിശദാംശങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചില്ലെന്ന് ഈ മിനിട്സില്‍ ഉണ്ടായിരുന്നു. കല്‍ക്കരി കേസുമായി ബന്ധപ്പെട്ട് സിബിഐ ദര്‍ധയുടെ വീട് റെയ്ഡ് ചെയ്യുകയും അദ്ദേഹത്തിനെതിരെ കഴിഞ്ഞവര്‍ഷം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
കാണാതായ രേഖകളെക്കുറിച്ച് സിബിഐ വിവരം ധരിപ്പിച്ചിരിക്കാം. കല്‍ക്കരി മന്ത്രാലയത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് നല്കിയ പ്രസ്താവത്തിന്റെ പകര്‍പ്പ് ലഭ്യമാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അപേക്ഷിച്ചിരിക്കാം. ഇതാണ് കല്‍ക്കരി മന്ത്രാലയം ജോയിന്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം. 1993 മുതല്‍ 2005 വരെ വിതരണം ചെയ്ത 45 കല്‍ക്കരി ബ്ലോക്കുകളുടെ രേഖകളും അപേക്ഷകളും അവയുടെ പകര്‍പ്പും ലഭ്യമല്ലെന്നും കണ്ടെടുക്കാനാകില്ലെന്നും വ്യക്തമായത് ഈ യോഗത്തിലാണ്. ഇത് പരസ്യം നല്‍കുന്നതിന് മുമ്പുള്ള കാലമാണെന്നും അതിനാല്‍ അപേക്ഷിക്കാനുള്ള അവസാനതീയതി ഇല്ലാതിരുന്നെന്നും വ്യക്തമാകുന്നു.
കല്‍ക്കരി മന്ത്രാലയത്തിലെ ഭരണവിഭാഗം ഡയറക്ടറെയാണ് രേഖകള്‍ കണ്ടെടുക്കാന്‍ നിയോഗിച്ചത്. എന്നാല്‍ അദ്ദേഹത്തിന് അതിനായില്ല. സ്വകാര്യ കമ്പനികളുടെ 157 അപേക്ഷകളും കാണാതായ സംഭവത്തില്‍ എല്ലാ മന്ത്രാലയങ്ങളും ഡിപ്പാര്‍ട്ട്മെന്റുകളും കോള്‍ ഇന്ത്യാ ലിമിറ്റഡും കേന്ദ്ര ഖാനന ആസൂത്രണ രൂപകല്പന സ്ഥാപനവും ഉള്‍പ്പെടെയുള്ളവര്‍ രേഖകള്‍ കണ്ടെടുക്കാന്‍ പരിശ്രമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ബ്ലോക്കുകള്‍ വിതരണം ചെയ്തതിനും ചെയ്യാതിരുന്നതിനും ഉള്ള കാരണം ഈ രേഖകള്‍ കണ്ടെടുത്താന്‍ വ്യക്തമാകുമെന്ന് ഉദ്യോഗസ്ഥര്‍ കരുതുന്നു. കല്‍ക്കരി കേസ് സുപ്രീംകോടതിയുടെ നിരീക്ഷണത്തിലാണ് സിബിഐ അന്വേഷിക്കുന്നത്. കാണാതായ രേഖകള്‍ കണ്ടെടുത്ത് സിബിഐക്ക് കൈമാറാതിരുന്നാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് തീര്‍ച്ചയാണ്. 2005 മെയ് ഒന്നിന് നടന്ന 26-ാമത് പരിശോധനാ സമിതിയുടെ അവസാന മിനിട്സ് രേഖകളും കാണാനില്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രേഖകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഒരാളൊഴികെ മേറ്റ്ല്ലാവരും മിനിട്സിന്റെ പകര്‍പ്പ് തങ്ങളുടെ കൈവശമില്ലെന്ന് മറുപടി നല്‍കിയിട്ടുണ്ട്. കോള്‍ഇന്ത്യ ലിമിറ്റഡാണ് ഇനി മറുപടി നല്‍കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: