നിങ്ങള്‍ അങ്ങനെയേ പറയൂ. കാരണം ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ല. ഉമ്മന്‍ചാണ്ടി രാജിവെക്കാതെ ഒരടി പിന്നോട്ടില്ല എന്നു പ്രഖ്യാപിച്ചതും തുടര്‍ പ്രവര്‍ത്തനം നടത്തിയതും ശരിയാണ്. തിരുന്ത്വോരത്ത് പോയതും ഭരണക്കെട്ടിടത്തിന്റെ മുന്നില്‍ കൊതുകും പാറ്റയും അമ്മാതിരി സാധനങ്ങളുടെ ശല്യവും സഹിച്ച് രാപ്പകല്‍ കിടന്നതും ശര്യാണ്. പിന്നെ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ഉമ്മച്ചന് തീരുമാനിച്ചതോടെ തിരികെ പോന്നതും വല്യ ശര്യാണ്. ഈ ശരികളൊന്നും നേരെ ചൊവ്വേപറഞ്ഞാല് നിങ്ങള്‍ക്കാര്‍ക്കും മനസ്സിലാകില്ല. ഇതാണ് പാര്‍ട്ടി ശരി. ആ ശരി മനസ്സിലാക്കുന്നവനാണ് കോമ്രേഡ്. അത്തരം കോമ്രേഡുകളെ ഒരുക്കിക്കൂട്ടി കൊണ്ടുവരികയെന്നതാണ് പാര്‍ട്ടി പ്രവര്‍ത്തനം. അതിന് പല വഴികള്‍ പാര്‍ട്ടിയുടെ മുമ്പിലുണ്ട്. അതിലൊരു വഴി പോലും ശരിക്കറിയാത്തവര്ക്കാണ് പ്രശ്നം.
അഭിപ്രായം ഇരുമ്പുലക്കയല്ലെന്നു പഠിച്ചു വളര്‍ന്ന കോമ്രേഡുകള്‍ക്ക് പ്രശ്നമില്ല. എന്നും സ്ഥിതിഗതികള്‍ക്കനുസരിച്ചാണ് പെരുമാറ്റം. മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം എന്നുദ്ഘോഷിച്ച ആചാര്യന്റെ ഏതെങ്കിലും ഒരു വചനമെങ്കിലും പ്രാബല്യത്തിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടിപ്പണി കൊണ്ടെന്തു പ്രയോജനം? ഇതൊന്നും പക്ഷേ, വലതുപക്ഷ-മൂരാച്ചി- കോര്‍പ്പറേറ്റ് മാധ്യമ തമ്പുരാക്കന്മാര്ക്കും മറ്റും മനസ്സിലാവില്ല. അത്തരക്കാരെ മനസ്സിലാക്കിക്കാന്‍ ഒഞ്ചിയത്ത് എന്താണ് നടത്തിയതെന്ന് ഒന്നു ചോദിച്ചു നോക്കിന്. അത്തരം കലാപരിപാടികള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ നടത്തിയ ഐതിഹാസിക പരിശ്രമമാണ് തിര്വന്തോരത്ത് വിജയം കണ്ടത്. അത് വിജയമായി നിങ്ങള്‍ അംഗീകരിച്ചു തരില്ലെങ്കിലും അതങ്ങനെയാണ്. പൂര്‍ണചന്ദ്രനില്‍ പോലും നിയന്താവ് അല്‍പ്പം കളങ്കമേല്പ്പിച്ചതുകൊണ്ടല്ലേ ചന്ദ്രനിത്ര സൗന്ദര്യം. പൂര്‍ണത എന്നൊരവസ്ഥയില്ലെന്ന് ഏറ്റവും ചുരുങ്ങിയത് സംഘപരിവാറുകാരനോടെങ്കിലും ചോദിച്ചു മനസ്സിലാക്കുക.
ഒരു തരത്തിലുമുള്ള അന്വേഷണവും നടത്തില്ലെന്ന് വര്‍ധിതവീര്യത്തോടെ പറഞ്ഞ ഉമ്മച്ചന് ഒടുവില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് വഴങ്ങിയില്ലേ? അത് വിജയമല്ലേ? തോക്കും നീളന്‍വടിയുമായി വന്ന പട്ടാളക്കാരന് ബാരക്കില്‍ ചപ്പാത്തിയും ചവച്ച് ചൊറികുത്തിയിരുന്നില്ലേ? അതില്‍ വിജയമില്ലേ? പുളിമൂട് മുതല്‍ ആയുര്‍വേദ കോളേജ് വരെയും മറ്റിടവഴികളിലുമുള്ള കടകള്‍ അടച്ചിടേണ്ടി വന്നില്ലേ? വീടുകളില്‍ നിന്ന് ആളുകള്‍ക്ക് പുറത്തിറങ്ങാനായോ? ബിവറേജസ് കോര്‍പ്പറേഷനെ വരച്ച വരയില്‍ നിര്‍ത്തിയില്ലേ? ഇതൊക്കെ വിജയമല്ലെങ്കില്‍ മേറ്റ്ന്താണ്? ഇനി തിരിച്ചൊരു ചോദ്യം ചോദിക്കട്ടെ: പൂര്‍ണമായി വിജയിച്ച ഒറ്റ സമരത്തിന്റെ പേര് പറയാമോ? സ്വാതന്ത്ര്യസമരം പോലും അപൂര്ണമായല്ലേ വിജയിച്ചുള്ളൂ. അതുകൊണ്ടല്ലേ അതിര്‍ത്തിയില്‍ കുരുപൊട്ടുന്ന പാക്പട്ടാളക്കാര്‍ ഇന്ത്യന്‍ ഭടന്മാരെ തലങ്ങും വിലങ്ങും വെടിവെച്ചിടുന്നത്. അതുകൊണ്ട് തോറ്റ ചരിത്രം പാര്‍ട്ടി സമരങ്ങള്‍ക്കില്ല. അതു മനസ്സിലാകാത്തവര്‍ക്ക് ഇത്തിരി കൂടി സമര നേട്ടങ്ങള്‍ നിരത്താം.
ഈ കേരള രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള എത്രപേര്‍ തലസ്ഥാനം കണ്ടിട്ടുണ്ട്? സെക്രട്ടറിയേറ്റ്? എകെജി കെട്ടിടം? കോവളം? മ്യൂസിയം? പത്മനാഭസ്വാമി ക്ഷേത്രം? (തെറ്റിദ്ധരിക്കണ്ട, വിശ്വാസ ക്ഷേത്രമല്ല, കൊത്തുപണി, കലാവിരുത് തുടങ്ങിയവ). ഭരണത്തിലിരുന്നും പ്രതിപക്ഷത്തിരുന്നും ജനങ്ങളെ സേവിക്കുന്ന പാര്‍ട്ടിയുടെ അണികള്‍ ഇതൊന്നും കണ്ടിട്ടില്ലെന്നു വന്നാല്‍ അതിന്റെ നാണക്കേട് ആര്‍ക്കാണ്? സാധാരണക്കാരനുവേണ്ടിയുള്ള പാര്‍ട്ടി അസാധാരണമായി ചിന്തിച്ചാലേ സാധാരണക്കാരനെ ഉയര്‍ത്തിക്കൊണ്ടു വരാനാവൂ. അതിനു വേണ്ടിക്കൂടിയായിരുന്നു സമരം. നേരെ ചൊവ്വേ തിര്വന്തോരത്ത് വരണമെന്നും മേപ്പടി കാര്യങ്ങള്‍ കാണണമെന്നും പറഞ്ഞാല്‍ ഏതെങ്കിലും അണി അനുസരിക്കുമോ? കൂടി വന്നാല്‍ ഏരിയാ സെക്രട്ടറി അനുസരിച്ചെങ്കിലായി. അതുകൊണ്ടാണ് തികച്ചും പഥ്യമായ ഒരു മരുന്ന് നല്കാന് പാര്‍ട്ടി തീരുമാനിച്ചത്. സ്ഥിരനിക്ഷേപത്തിന്റെ ബലത്തില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോവുന്ന ഒരുപാട് പേരില്ലേ? അതേപോലെ അണികളുടെ വര്‍ധിതവീര്യം സ്ഥിരനിക്ഷേപമാക്കിയാണ് ഈ പാര്‍ട്ടിയും മുന്നേറുന്നത്. ഇതില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ 2014 മെയ് 18 കഴിഞ്ഞിട്ട് ചോദിച്ചോളിന്‍. ഞങ്ങളുടെ പാര്‍ലമെന്റ് അംഗങ്ങളെ നിരത്തി നിര്‍ത്തി മറുപടി തരും, ഉറപ്പ്.
ഇനി ഈ സമരം വഴി നേട്ടം കൊയ്തത് ആരൊക്കെയെന്ന് ചെറുതായൊന്നു ചിന്തിച്ചു നോക്കിന്. റെയില്‍വേയ്ക്കും കെഎസ്ആര്‍ടിസിക്കും ടിക്കറ്റ് നിരക്കില്‍ എത്രകിട്ടി? ബസ്സുകള്‍, കാറുകള്‍ മറ്റ് വാഹനങ്ങള്‍ എന്നിവയുടെ ഉടമകള്‍ക്ക് എത്രകിട്ടി? വഴിനീളെയുള്ള കച്ചവടക്കാര്‍ക്ക് എത്രകിട്ടി? വളണ്ടിയര്‍മാരുടെ വീട്ടുകാര്‍ക്ക് രണ്ടാഴ്ചത്തേക്ക് സുഖസുന്ദരമായി കഴിയാനുള്ള സാധനങ്ങള്‍ വാങ്ങി നല്കിയില്ലേ? ചിലത് സംഭാവന വഴി; മറ്റു ചിലത് ഇന്ത്യന്റുപ്പി കൊടുത്ത് വാങ്ങിച്ചതല്ലേ? അതുകൊണ്ട് കട്ടായം പറയുകയാണ് ഉപരോധ സമരം വലിയൊരു ശരിയായിരുന്നു. നൂറുശതമാനം മാര്‍ക്കുനേടണം എന്നു കരുതി തന്നെയാണ് മുന്നേറിയത്. സാഹചര്യം പക്ഷേ, അമ്പതു ശതമാനമേ തന്നുള്ളൂ. അത് പാര്‍ട്ടിയുടെ കുറ്റം കൊണ്ടല്ല. ഓണക്കാലത്തെ കച്ചവടാവസരങ്ങള് തകിടംമറിക്കല്ലേ എന്നൊന്നും ഒരു വ്യാപാരിയും പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടില്ല. സംഭാവനതരുമ്പോള് അതും ഉന്നയിച്ചിരുന്നു എന്നൊരു ആരോപണം പാര്‍ട്ടിയുടെ മുമ്പിലുണ്ട്. മറ്റൊന്ന് ചില കേസുകളില്‍ വേണ്ടതു ചെയ്യാമെന്ന ഉറപ്പുകിട്ടിയിട്ടുണ്ടെന്നാണ്. ഇതാണ് നേരത്തെ ചൂണ്ടിക്കാട്ടിയത്, ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ലെന്ന്! നിങ്ങള്‍ക്കെന്നല്ല ആര്‍ക്കും അറിയില്ല; ലാല്‍ സലാം.
അങ്ങനെ സെക്രട്ടേറിയറ്റിനു മുമ്പില്‍ നടന്ന കവചകാലകേയവധം ആട്ടക്കഥ ഒന്നരദിവസം കൊണ്ട് പൂര്‍ണമായി. അതിന്റെ ഉള്ളറകളിലൂടെയാണ് ആഗസ്റ്റ് 14ലെ എല്ലാ മാധ്യമങ്ങളും സഞ്ചരിച്ചത്. മലയാള മനോരമ മുഖപ്രസംഗം വഴി ചിലതു പറഞ്ഞതുകൂടി പരിശോധിച്ച് നമുക്കീ കലാപരിപാടിക്ക് സുല്ലിടാം. ജനം മാത്രം തോറ്റ ഒന്നര ദിവസം എന്ന തലക്കെട്ടില്‍ ചൂണ്ടിക്കാട്ടിയ അഞ്ചെട്ടുവരി ഇതാ: പതിനായിരങ്ങളെ അണിനിരത്തി ഒന്നര ദിവസം സെക്രട്ടേറിയറ്റ് ഉപരോധിക്കാന്‍ കഴിഞ്ഞതും അതിന്റെ സംഘാടന മികവും വിജയമായി ഇടതുമുന്നണിക്ക് അവകാശപ്പെടാം. ഭരണ സിരാകേന്ദ്രത്തിന്റെ മൂന്നു ഗേറ്റുകളും പ്രവര്‍ത്തകര്‍ ഉപരോധിച്ചെങ്കിലും കന്റോണ്‍മെന്റ് ഗേറ്റ് തുറന്നുവച്ചു സെക്രട്ടേറിയറ്റില്‍ മന്ത്രിസഭായോഗം നടത്തിയതിലും പകുതിയിലേറെ ജീവനക്കാരെ ജോലിക്കെത്തിക്കാന്‍ സാധിച്ചതിലും സര്‍ക്കാരിനും വിജയം അവകാശപ്പെടാം. ഒന്നും അവകാശപ്പെടാനില്ലാതെ തോല്വിയറിഞ്ഞതു ജനം മാത്രം. അതെ, തോല്‍ക്കാനായി ഇനിയും എത്രയോ ജന്മങ്ങള് ബാക്കി. സമരപ്രക്ഷോഭങ്ങള്‍ മറ്റു രീതികളിലേക്ക് മാറുമ്പോള്‍ എത്രയെത്ര സാധ്യതകള്‍!
തൊട്ടുകൂട്ടാന്‍
നിര്‍ത്തുന്നു ഞാനെന്റെ
പായാരം! ദൂരമു-
ണ്ടിത്തിരി കൂടി
നടന്നു തീര്‍ക്കാനിനി!
നിങ്ങള്‍ പൊറുത്താലു-
മില്ലെങ്കിലുമെന്റെ
സഞ്ചിയിലുള്ള-
തെടുത്തുകാട്ടുന്നു ഞാന്‍!
-നീലമ്പേരൂര്‍ മധുസൂദനന് നായര്‍
കവിത: വാക്കുകള്‍ വിയര്‍ക്കുന്നു.
മലയാളം വാരിക (ആഗസ്റ്റ് 16)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: