ന്യൂദല്‍ഹി: ചൈനക്കെതിരെയുള്ള അമേരിക്കന്‍ ചാരവിമാനത്തിന് ഇന്ത്യയിലിറങ്ങാന്‍ നെഹ്റു അനുമതി നല്‍കിയതായി രേഖകള്‍. സിഐഎയുടെ യു-2 പ്ലെയ്ന്‍ ഒറീസയിലെ ചര്‍ബാട്ടിയ യുദ്ധവിമാനത്താവളത്തില് ഇറങ്ങാനാണ് കരാറുണ്ടാക്കിയത്. പക്ഷേ അമേരിക്കന്‍ വിമാനത്തിനിറങ്ങാനുള്ള സാങ്കേതികസൗകര്യം യഥാസമയം ഒരുക്കാന്‍ ഇന്ത്യക്കായില്ല. അതിനാല്‍ തായ്ലാന്റിലെ തഖിലാണ് പ്രസ്തുത വിമാനം ഇറങ്ങിയത്.
1962 ല്‍ നടന്ന ഇന്ത്യാ-ചൈനാ യുദ്ധത്തിനുശേഷമാണ് ഈ സംഭവം. ആ വര്‍ഷം നവംബര്‍ പതിനൊന്നിന് നെഹ്റു ഈ കരാര്‍ സമ്മതിച്ചതായി നാഷണല്‍ സെക്യൂരിറ്റി ആര്‍ക്കൈവ്സിലെ രേഖയില്‍ പറയുന്നു. വിവരാവകാശ നിയമപ്രകാരമാണ് ഈ രേഖ ഇപ്പോള്‍ പുറത്തുവന്നത്.
അമേരിക്കന്‍ ചാരവിമാനം ഇന്ത്യയിലിറങ്ങുന്നത് സംബന്ധിച്ച നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. 1963 ല്‍ ജൂണ്‍ മൂന്നിന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയും ഇന്ത്യന്‍ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണനും കൂടിക്കണ്ടപ്പോള്‍ ഇതുസംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ നിശ്ചയിച്ച സമയത്ത് ഒറീസയിലെ താല്‍ക്കാലിക വിമാനത്താവളത്തില്‍ സാങ്കേതികസൗകര്യം ഉണ്ടാക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. രണ്ടാംലോകമഹായുദ്ധത്തിലെ ആവശ്യത്തിനായി ഉണ്ടാക്കിയതായിരുന്നു ചര്‍ബാട്ടിയ വിമാനത്താവളം.
സിഐഎയുടെ 400 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. 1954 മുതല്‍ 1974 വരെയുള്ള ചാരപ്രവര്‍ത്തന വിവരങ്ങള്‍ റിപ്പോര്‍ട്ടുകളിലുണ്ട്. 1963 നവംബര്‍ 10 നാണ് ചാരവിമാനമായ യു-2 ഏറ്റവും ദൈര്‍ഘ്യമേറിയ പറക്കല്‍ നടത്തിയത്. തുടര്‍ച്ചയായി 11 മണിക്കൂര്‍ 45 മിനിറ്റ് പറന്ന വിമാന പെയിലറ്റ് ആകെ ക്ഷീണിതനായിരുന്നു. തുടര്‍ന്നുള്ള ആകാശപദ്ധതികളെല്ലാ പത്തുമണിക്കൂറിലേറെ നീളരുതെന്ന് നിശ്ചയിച്ചു. ഈ സാഹചര്യത്തിലാണ് പല സ്ഥലങ്ങളില്‍ എയര്‍ബേസ് ഉറപ്പാക്കാന്‍ അമേരിക്ക തീരുമാനിച്ചത്. അങ്ങനെയാണ് പില്ക്കാലത്തെ പ്രവര്‍ത്തനത്തിന് ഒറീസ തെരഞ്ഞെടുത്തത്.
ചര്‍ബാട്ടിയ വിമാനത്താവളം സാങ്കേതികമായി ഉയര്‍ത്തിയെങ്കിലും അടുത്ത സംരംഭം നിശ്ചയിച്ചിരുന്നത് 1964 മെയ് 24 നായിരുന്നു. പക്ഷേ അതും നടന്നില്ല. അടുത്ത ആഴ്ചയില്‍ നെഹ്റുവിന്റെ ദേഹവിയോഗം സംഭവിച്ചതോടെ പിന്നെ സുപ്രധാന യുഎസ് ഓപ്പറേഷനുകളൊന്നും നടത്തിയില്ല. കാരണം, തായ്ലാന്റിലെ തഖില്‍ അമേരിക്കയുടെ സുപ്രധാന താവളമായിക്കഴിഞ്ഞിരുന്നു. ഒറീസയിലെ ചര്‍ബാട്ടിയ ഒരു സഹായതാവളം മാത്രമായി. 1967 ല്‍ ചര്‍ബാട്ടിയ പ്രവര്‍ത്തനം നിര്‍ത്തി.
സിഐഎയുടെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെയാണ്: “1962 ഒക്ടോബറില്‍ ഇന്ത്യക്കെതിരെ ചൈന വന്‍തോതില്‍ ആക്രമണപരമ്പരതന്നെ നടത്തി. ജമ്മുകാശ്മീരിലും വടക്കു-കിഴക്കന്‍ മേഖലയിലുമായിരുന്നു ഇത്. അവര്‍ ആക്രമണത്തിനുമുമ്പുതന്നെ ബ്രഹ്മപുത്രാ വാലിയില്‍ ഇന്ത്യന്‍ പ്രതിരോധമേഖലകളെല്ലാം കയ്യടക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ അമേരിക്കയോട് സൈനികസഹായം അഭ്യര്‍ത്ഥിച്ചത്. ഈ സാഹചര്യത്തില്‍ സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകാന്‍ ആകാശനിരീക്ഷണവും രേഖപ്പെടുത്തലും വേണമെന്ന് അന്നത്തെ യുഎസ് അംബാസഡര്‍ ജോണ്‍ കെന്നറ്റ് ഗാള്ബ്രെയ്ത്ത് ഉപാധിവെക്കുകയായിരുന്നു. 1962 നവംബര്‍ 11 ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അമേരിക്കന്‍ വിമാനമായ യു-2കള്‍ക്ക് ഇന്ത്യന്‍ താവളങ്ങളില്‍നിന്ന് ഇന്ധനം നിറയ്ക്കാന്‍ അനുമതി നല്കി- രേഖ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: