ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കം. ഏഴ് മത്സരങ്ങളോടെയാണ് ലീഗിന് കൊടിയേറുക. ആദ്യ മത്സരത്തില്‍ ലിവര്‍പൂള്‍ സ്റ്റോക്ക് സിറ്റിയെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇന്ന് ബൂട്ടുകെട്ടും. സ്വാന്സിക്കെതിരെയാണ് ചാമ്പ്യന്മാര് കളത്തിലിറങ്ങുക. സര് അലക്സ് ഫെര്ഗൂസന് വിരമിച്ചതിനുശേഷമുള്ള ചാമ്പ്യന്‍ ക്ലബിന്റെ ആദ്യ ലീഗാണിതെന്ന പ്രത്യേകതയുമുണ്ട്. പുതിയ മാനേജരുടെ കീഴില്‍ യുണൈറ്റഡിന്റെ പ്രകടനം കാണാന്‍ ആകാംക്ഷയോടെ ആരാധകര്‍ കാത്തിരിക്കുകയാണ്.
പിഴവുകള്‍ ഒഴിവാക്കുന്നതിനായി ഏറ്റവും നൂതനമായ ഗോള്‍ലൈന്‍ ടെക്നോളജിയോടെയാവും ഈ സീസണിന്റെ തുടക്കം. ക്രിക്കറ്റിലും ടെന്നീസിലും പിഴവുകള്‍ ഒഴിവാക്കുന്നതിനായി സംവിധാനങ്ങള്‍ വന്നതിനെത്തുടര്‍ന്നാണ് ഗോള്‍ലൈന്‍ ടെക്നോളജി ഇപിഎല്ലിലും നടപ്പാക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞവര്‍ഷം ജപ്പാനില്‍ നടന്ന ലോക ക്ലബ് ഫുട്ബോളിലും ബ്രസീലില്‍ നടന്ന കോണ്‍ഫെഡറേഷന്‍ കാപ്പിലും ഫിഫ ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിരുന്നു. ഈ രണ്ട് ടൂര്‍ണമെന്റിലും ഗോള്‍ സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നില്ല എന്നതാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കാരണമായത്. ഇരുപത് പ്രീമിയര്‍ ലീഗ് ഗ്രൗണ്ടുകളിലും ഇത് സ്ഥാപിച്ചുകഴിഞ്ഞു.
നിലവിലുള്ള ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കഴിഞ്ഞവര്‍ഷത്തെ പ്രധാനഎതിരാളികള് മാഞ്ചസ്റ്റര്‍ സിറ്റിയായിരുന്നു. ഇക്കുറി സിറ്റിയും പുതിയ മാനേജരുമായാണ് കളിക്കളത്തിലിറങ്ങുന്നത്. റോബര്‍ട്ടോ മന്‍സീനിയെ ഒഴിവാക്കിയ സിറ്റി പകരം പുതിയ അമരക്കാരനായി മാനുവല്‍ പെലേഗ്രിനിയെയാണ് കണ്ടെത്തിയത്. റാഫേല്‍ ബെനിറ്റസിനെ മാറ്റിയ ചെല്‍സി തങ്ങളുടെ പ്രതാപകാലത്തെ മാനേജര്‍ മോറിഞ്ഞോയെ തങ്ങളുടെ പാളയത്തില്‍ എത്തിച്ചു. പുതിയ താരങ്ങള്‍ക്കായി 90 ദശലക്ഷം പൗണ്ടാണ് സിറ്റി ചെലവാക്കിയിട്ടുള്ളത്. ഈ വര്‍ഷം കിരീടം തിരിച്ചുപിടിക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ് അവര്‍ എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ആഴ്സണലും ആസ്റ്റണ്‍വില്ലയും ഇന്ന് മത്സരിക്കാനിറങ്ങുന്നുണ്ട്. മറ്റ് മത്സരങ്ങളില്‍ നോര്‍വിച്ച് എവര്‍ട്ടണെയും സണ്ടര്‍ലാന്റ് ഫുള്‍ഹാമിനെയും നേരിടും. വെസ്റ്റ്ബ്രോം-സതാമ്പ്ടണ് മത്സരവും വെസ്താം-കാര്‍ഡിഫ് മത്സരവും ഇന്ന് നടക്കും.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന എല്ലാ താരങ്ങളുടെയും സ്വഭാവം നിലവാരമുള്ളതായിരിക്കണമെന്ന് ലീഗ് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുമ്പ് കര്‍ശനമായ അച്ചടക്ക നടപടി പല താരങ്ങള്‍ക്കെതിരെയും സ്വീകരിക്കേണ്ടിവന്ന സാഹചര്യത്തിലാണ് അധികൃതര്‍ ക്ലബുകള്‍ക്ക് ഈ മുന്നറിയിപ്പ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: