ന്യൂദല്‍ഹി: അഴിമതി വിരുദ്ധ സമരനായകന് അണ്ണാ ഹസാരെ അമേരിക്കയിലേക്ക്. ഇന്ത്യയില്‍ നിന്ന് അടുത്തകാലത്ത് അമേരിക്കയിലെത്തിയ രാഷ്ട്രീയേതര നേതാക്കള്‍ക്ക് ലഭിച്ചതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഒരു വരവേല്‍പ്പാണ് ബോസ്റ്റണില്‍ അദ്ദേഹത്തിന് ലഭിക്കാന്‍ പോകുന്നത്. രണ്ടാഴ്ച്ചത്തെ സന്ദര്‍ശനത്തിനായാണ് വെള്ളിയാഴ്ച്ച ഹസാരെ ഇവിടെയെത്തുന്നത്. ന്യൂയോര്‍ക്കില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ഹസാരെ നേതൃത്വം നല്‍കും. ഇന്തോ അമേരിക്കക്കാരനായ സൗത്ത് കരോലിന ഗവര്‍ണ്ണര്‍ നിക്കി ഹാലിയുമൊത്തുള്ള അത്താഴവിരുന്നും ഹസാരെക്കായി സംഘടിപ്പിച്ചിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ ന്യൂയോര്‍ക്കിലെ ആസ്ഥാനവും സന്ദര്‍ശിക്കാന്‍ ഹസാരെക്ക് പദ്ധതിയുണ്ട്. അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിലും സന്ദര്‍ശനം നടത്തുന്ന ഹസാരെയുമായുള്ള കൂടിക്കാഴ്ച്ചക്കായി ഇന്ത്യാക്കാര്‍ക്കൊപ്പം അമേരിക്കയിലെ വിവിധ മേഖലകളില്‍ നിന്നുള്ള വ്യക്തികള്‍ കാത്തിരിക്കുകയാണ്. അഴിമതിയെക്കുറിച്ചുള്ള ഹസാരെയുടെ വാക്കുകള്‍ ശ്രദ്ധിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. അമേരിക്കന്‍ മാധ്യമങ്ങളും അണ്ണാ ഹസാരെയുടെ അഭിമുഖത്തിനായി മത്സരിക്കുന്നുണ്ട്.
ന്യൂയോര്‍ക്കില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്ന ഫെഡറേഷന് ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സിന്റെ ക്ഷണപ്രകാരമാണ് ഹസാരെ അമേരിക്കയിലെത്തുന്നത്. ന്യൂയോര്‍ക്ക് മേയര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന രാഷ്ട്രീയനേതാക്കള്‍ പങ്കെടുക്കുന്ന പരേഡിനെ ഹസാരെയാണ് നയിക്കുന്നത്. എല്ലാ വര്‍ഷവും നടക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങില്‍ സാധാരണയായി ബോളിവുഡിലെ പ്രമുഖരില്‍ ആരെങ്കിലുമായിരിക്കും പങ്കെടുക്കുക. പതിവിന് വിരുദ്ധമായാണ് രാഷ്ട്രീയക്കാരനും സിനിമാക്കാരനുമല്ലാത്ത ഒരാള്‍ ഈ ചടങ്ങിലെ വിശിഷ്ടാതിഥിയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: