കാസര്‍കോട്: ഇന്ത്യന്‍ സൈനികരെ വധിച്ച പാക്കിസ്ഥാന് ക്രൂരതയ്ക്കെതിരെയും പാക്കിസ്ഥാനെ ന്യായീകരിച്ച കേന്ദ്രസര്‍ക്കാരിനെതിരെയും പ്രതിഷേധമിരമ്പി സംഘപരിവാര്‍ മാര്‍ച്ച്. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനം കറന്തക്കാട് ബിജെപി ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച് പുതിയ ബസ്സ്റ്റാണ്റ്റില്‍ സമാപിച്ചു. പാക്കിസ്ഥാനെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ പാക്കിസ്ഥാന് പതാക കത്തിച്ചു. എന്നാല്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ഇന്ത്യന്‍ സൈനികരെ വെടിവെച്ചുകൊന്ന പാക്കിസ്ഥാനെതിരായി പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത പോലീസ് നടപടി വിവാദമായിട്ടുണ്ട്. പ്രതിഷേധ യോഗം ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് കുണ്ടാര്‍ രവീശ തന്ത്രി ഉദ്ഘാടനം ചെയ്തു. അഞ്ച് യോദ്ധാക്കളെ വകവരുത്തിയ ശത്രുരാജ്യത്തിണ്റ്റെ നടപടിയെ ന്യായീകരിച്ച കേന്ദ്രത്തിണ്റ്റെ നിലപാട് ഭീരുത്വമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ധീരോദാത്തമായ മാതൃകയാണ് സൈനികരുടെ വിധവകള്‍ പ്രകടിപ്പിച്ചത്. വൈധവ്യത്തിനിടയിലും നഷ്ടപരിഹാരമല്ല നടപടിയാണ് വേണ്ടതെന്ന് പറഞ്ഞ അവരെ രാജ്യം നമിക്കുന്നു. അവര്‍ പ്രകടിപ്പിച്ച ധീരതയുടെ ആയിരത്തിലൊരംശം പോലും കേന്ദ്രസര്ക്കാരിനില്ലാതെ പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എ.കെ.ആണ്റ്റണി പ്രതിരോധ മന്ത്രിയല്ല ‘രോദന’ മന്ത്രിയാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. കാസര്‍കോട്ട് പാക് പട്ടാളവേഷത്തില്‍ മാര്‍ച്ച് കണ്ടതുകൊണ്ടായിരിക്കണം ഇന്ത്യന്‍ സൈനികരെ കൊന്നവര്‍ പട്ടാളവേഷമണിഞ്ഞെത്തിയവരെന്ന് ആണ്റ്റണി കരുതിയതെന്നും അദ്ദേഹം പരിഹസിച്ചു. വിഎച്ച്പി നേതാവ് അംഗാര ശ്രീപാദ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ഷെട്ടി, ആര്‍എസ്എസ് താലൂക്ക് സംഘചാലക് ദിനേശ് മടപ്പുര, എസ്സി-എസ്ടി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് രാമപ്പ മഞ്ചേശ്വരം എന്നിവര്‍ സംസാരിച്ചു. സംഘപരിവാര്‍ നേതാക്കളായ ജി.ചന്ദ്രന്, സരോജ.ആര്.ബള്ളാല്‍, നഞ്ചില്‍ കുഞ്ഞിരാമന്, പി.രമേശ്, കെ.പി.വത്സരാജ്, എം.സുധാമ്മ, അനന്തറാം, വെങ്കിട്ടരമണ ഭട്ട്, കിദൂറ്‍ ശങ്കരനാരായണഭട്ട്, മണികണ്ഠ റൈ, വിട്ടല്‍ ഷെട്ടി, ഗണേഷ് ഷെട്ടി, എ.കേശവ, കമലാക്ഷ രതീഷ്.പി.വി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: