കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഗോര്‍ഖ ജന്മുക്തി മോര്‍ച്ച നടത്തുന്ന അനിശ്ചിതകാല ബന്ദ്് അവസാനിപ്പിക്കുന്നതിന് മുഖ്യമന്ത്രി മമത ബാനര്‍ജി 72 മണിക്കൂര്‍ സമയപരിധി അനുവദിച്ചു. നിശ്ചിത സമയത്തിനുള്ളില്‍ ബന്ദ് പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത നടപടികള്‍ അഭിമുഖീകരിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഡാര്ജലിംങ്ങില് സാധാരണ നില വീണ്ടെടുക്കണമെന്ന് കല്‍ക്കത്ത ഹൈക്കോടതിയും ഉത്തരവിട്ടതിന് പിന്നാലെയാണ് മമതയുടെ അന്ത്യശാസനം.
കഴിഞ്ഞ എട്ട് ദിവസമായി ഇതെല്ലാം സഹിക്കുകയായിരുന്നുവെന്നും താന്‍ കര്‍ക്കശക്കാരിയാണെന്നും ബന്ദ് പിന്‍വലിക്കാന്‍ 72 മണിക്കൂര്‍ സമയം അനുവദിച്ചുകൊണ്ട് മമത പറഞ്ഞു. കടുത്ത നടപടികള്‍ എടുക്കാന്‍ തന്നെ നിര്‍ബന്ധിക്കരുതെന്നും അവര്‍ മുന്നറിയിപ്പ് നല്കി. പശ്ചിമ ബംഗാളിനെ വിഭജിക്കാന്‍ അനുവദിക്കില്ലെന്നും മമത വ്യക്തമാക്കി. ഡാര്‍ജലിംഗ് പശ്ചിമ ബംഗാളിന്റെ ഭാഗവും അംശവുമാണെന്നും ജാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ വിഭജിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.
ഡാര്‍ജലിംഗില്‍ ജിജെഎം ജനസമ്മതിയില്ലാത്ത പാര്‍ട്ടിയാണെന്നും ബന്ദ് മൂലം ഇവിടുത്തെ ജനങ്ങള്‍ ദുരിതവും ക്ലേശവും അനുഭവിക്കുകയാണെന്നും മമത അഭിപ്രായപ്പെട്ടു. ജനജീവിതം സാധാരണ ഗതിയിലാണെന്ന് ഉറപ്പുവരുത്തണമെന്ന് കൊല്‍ക്കത്ത കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി മമത പറഞ്ഞു.
ജിജെഎം ബന്ദ് അവസാനിപ്പിക്കുകയാണെങ്കില്‍ അവരുമായി ചര്‍ച്ച നടത്തുന്നതിന് യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നും മമത പറഞ്ഞു. ചീഫ് സെക്രട്ടറിയേയോ ആഭ്യന്തര സെക്രരിറിയേയോ ഇതിനായി അവര്‍ക്ക് സമീപിക്കാമെന്നും അവര്‍ വ്യക്തമാക്കി. ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ചുകൊണ്ട് രാഷ്ട്രീയം കളിക്കുകയാണ് ചില രാഷ്ട്രീയക്കാരെന്നും കേന്ദ്ര നേതൃത്വത്തിന് മേല്‍ ആരോപണം ഉന്നയിച്ചുകൊണ്ട് മമത പറഞ്ഞു. ഐക്യത്തില്‍ ഉറച്ചു നില്‍ക്കണമെന്നും അതേക്കുറിച്ചാവണം ചിന്തയെന്നും മമത അഭിപ്രായപ്പെട്ടു.
എന്നാല്‍ 72 മണിക്കൂര്‍ സമയപരിധി പിന്‍വലിച്ചില്ലെങ്കില്‍ ജനത കര്‍ഫ്യുവിന് ആഹ്വാനം ചെയ്യുമെന്ന് ജിജെഎം തലവന്‍ ബിമല്‍ ഗുരങ്ക് ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: