സന: ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് യെമനില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. തലസ്ഥാനമായ സനയിലും പ്രസിഡന്റിന്റെ കൊട്ടാരത്തിലും സര്‍ക്കാര്‍ ഓഫീസുകളിലും വിമാനത്താവളങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യെമനിലെ തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാന്‍ അമേരിക്കയും ബ്രിട്ടണും നിര്‍ദേശം നല്കി.
യെമനിന്റെ തലസ്ഥാനത്തും മറ്റ് പ്രദേശങ്ങളിലും അല്‍-ക്വയ്ദ ആക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. അല്‍-ക്വയ്ദ തലവന്‍ അയ്മന് അല്‍ സവാഹിരിയുടെയും യെമനിലെ സംഘടനാത്തലവന്‍ നാസര്‍ അല്‍ വുഹൈസിയുടെയും ടെലിഫോണ്‍ സംഭാഷണം ചോര്‍ന്നതിലൂടെയാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ഭീകരാക്രമണ സാധ്യത അറിഞ്ഞത്. യെമനില്‍ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ നാല് അല്‍-ക്വയ്ദ ഭീകരര്‍ ഇന്ന് കൊല്ലപ്പെട്ടിരുന്നു.
യെമനിലെ സൈനിക ആസ്ഥാനത്തും തിരക്കേറിയ മറ്റ് ഭാഗങ്ങളിലും സ്ഫോടനമോ ചാവേര്‍ ആക്രമണമോ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഡസന്‍ കണക്കിന് അല്‍-ക്വയ്ദ ഭീകരര്‍ സനയില്‍ എത്തികഴിഞ്ഞതായി യെമന്‍ രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ഉത്തര ആഫ്രിക്കയിലേയും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെയും അമേരിക്കന്‍ നയതന്ത്രകാര്യാലയങ്ങള്‍ അടച്ചുപൂട്ടിയിരുന്നു. ഇരുപതോളം എംബസികളും കോണ്‍സുലേറ്റുകളുമാണ് അടച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: