ന്യൂദല്‍ഹി: 1993 മുംബൈ സ്ഫോടന പരമ്പരയടക്കം നിരവധി കേസുകളില്‍ പ്രതിയായ അധോലോക നായകന് അബു സലിമിനെതിരെ ഇന്ത്യയില്‍ വിചാരണ തുടരും. തനിക്കെതിരായ നിയമ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അബുസലിം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. സലിമിന്റ കൈമാറ്റത്തിന് ഇപ്പോഴും നിയമ സാധുതയുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഒരുകാലത്ത് ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സംഘത്തിലെ സുപ്രധാനിയായിരുന്ന സലിമിനെ കാമുകിയും നടിയുമായ മോണിക്ക ബേദിക്കൊപ്പം 2005ലാണ് പോര്‍ച്ചുഗീസ് അധികൃതര്‍ ഇന്ത്യയ്ക്ക് കൈമാറിയത്.
വധശിക്ഷയോ 25 വര്‍ഷത്തിലധികം തടവുശിക്ഷയോ ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തില്ലെന്ന നിബന്ധന പ്രകാരമായിരുന്ന കൈമാറ്റം. ഈ വാക്ക് ഇന്ത്യ പാലിച്ചില്ലെന്ന പേരില്‍ സലിമിന്റെ കൈമാറ്റം പോര്‍ച്ചുഗല്‍ കോടതി അസാധുവാക്കിയിരുന്നു. തുടര്‍ന്നാണ് സലിം സുപ്രീം കോടതിയെ സമീപിച്ചത്.
പോര്‍ച്ചുഗീസ് കോടതിയുടെ വിധി നമ്മുടെ രാജ്യത്തെ നിയമസംവിധാനങ്ങളെ ബാധിക്കുന്നതല്ലെന്ന് ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി.
അതേസമയം, ടാഡ 5, 6 സെക്ഷനുകള്‍, എക്സ്പ്ലോസീവ് സബ്സ്റ്റാന്‍സസ് നിയമത്തിലെ 4ബി, 5 സെക്ഷനുകള്‍ എന്നിവ പ്രകാരം സലിമിനുമേല് ചുമത്തിയ കുറ്റങ്ങള്‍ പിന്‍വലിക്കുന്നതിന് സിബിഐയ്ക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്. പോര്‍ച്ചുഗീസ് സര്‍ക്കാരിനു നല്കിയ ഉറപ്പു പരിഗണിച്ചാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: