ഹൈദരാബാദ്: തെലങ്കാന രൂപീകരണത്തിനെതിരെ ആന്ധ്രാപ്രദേശിലെ സീമാന്ധ്ര മേഖലയില്‍ വ്യാപക പ്രതിഷേധം. തുടര്‍ച്ചയായ ആറാം ദിവസമാണ് കോണ്‍ഗ്രസിന്റെയും യുപിഎയുടെയും തീരുമാനത്തിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങുന്നത്. ആന്ധ്രയുടെ തീരദേശങ്ങളിലും റായല്‍സീമയിലും തെലങ്കാന രൂപീകരണത്തിനെതിരെ പ്രതിഷേധം കൂടുതല്‍ ശക്തമാകുകായണ്.
നിരവധി ജില്ലകളിലും നഗരങ്ങളിലും ഐക്യ ആന്ധ്രക്കായി വാദിക്കുന്നവര്‍ പ്രകടനങ്ങളും റാലികളും നടത്തി. അനന്തപ്പൂരില്‍ വന്റാലികളും പ്രതിഷേധപ്രകടനങ്ങളുമാണ് നടന്നത്. എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് അനന്തപ്പൂര്‍ റേഞ്ച് ഡിഐജി ബി. ബാലകൃഷ്ണന് പറഞ്ഞ. പ്രതിഷേധിക്കുന്ന ചിലരെ മുന്‍കരുതലിന്റെ ഭാഗമായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഐക്യ ആന്ധ്രാപ്രദേശിനായി നിരവധി സംഘടനകളാണ് രംഗത്തുവന്നിട്ടുള്ളത്. കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ പ്രതിഷേധിക്കുന്നു.
വിജയവാഡ, തിരുപ്പതി എന്നീ നഗരങ്ങളിലും വിശാഖപട്ടണം, ചിറ്റൂര്‍, കുര്‍ണൂല്‍ തുടങ്ങിയ ജില്ലകളിലും പ്രതിഷേധക്കാര്‍ റോഡ് ഗതാഗതം തടസപ്പെടുത്തി.
നിരവധി ധര്‍ണകള്‍ നടത്തിയ തെലങ്കാന വിരുദ്ധര്‍ മനുഷ്യച്ചങ്ങലയും തീര്‍ത്തു. ചില സ്ഥലങ്ങളിലെ റോഡുകളില്‍ പ്രതിഷേധിച്ചവര്‍ തുണി അലക്കുകയും ഭക്ഷണം പാചകം ചെയ്തുകഴിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. വിശാഖപട്ടണത്ത് സംഘടനകളുടെ ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചാണ് പ്രതിഷേധം അലയടിക്കുന്നത്.
ആര്‍ടിസി തൊഴിലാളികള്‍വരെ തെലങ്കാന രൂപീകരണ തീരുമാനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. അഭിഭാഷകരും ഈ സമരത്തില്‍ പങ്കാളികളാണ്. ആഗസ്റ്റ് എട്ടുവരെ അവര്‍ കോടതികള്‍ ബഹിഷ്കരിച്ചിട്ടുണ്ട്. നിരാഹാര സത്യഗ്രഹവും തെലങ്കാനക്കെതിരെ നടക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: