ഹംബന്‍ടോട്ട: ഏകദിന പരമ്പരയിലെ പരാജയത്തിന് തിരിച്ചടി നല്കിയ ദക്ഷിണാഫ്രിക്ക ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ടാം മത്സരവും വിജയിച്ചാണ് മൂന്ന് മത്സരങ്ങളുടെ പരമ്പര ദക്ഷിണാഫ്രിക്ക നേടിയത്. പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ദക്ഷിണാഫ്രിക്കക്ക് വേണ്ടി 36 റണ്‍സെടുത്ത ഡേവിഡ് മില്ലറും 30 റണ്‍സെടുത്ത ജെ.പി. ഡുമ്നിയും മികച്ച പ്രകടനം നടത്തി. ശ്രീലങ്കന്‍ നിരയില്‍ 39 റണ്‍സെടുത്ത കുമാര്‍ സംഗക്കാരയാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറാണ് മാന്‍ ഓഫ് ദി മാച്ച്.
നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. എന്നാല്‍ സ്കോര്‍ 11 റണ്‍സിലെത്തിയപ്പോള്‍ ആദ്യവിക്കറ്റ് നഷ്ടമായി. 7 റണ്‍സെടുത്ത ഹെന്റി ഡേവിഡ്സിനെ കുലശേഖര വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് ഡി കോക്കും ഡു പ്ലെസിസും ചേര്‍ന്ന് സ്കോര്‍ 44 റണ്‍സിലെത്തിച്ചു. എന്നാല്‍ 19 റണ്‍സെടുത്ത ഡി കോക്കിനെ സേനാനായകെയുടെ പന്തില്‍ സംഗക്കാര സ്റ്റാമ്പ് ചെയ്തതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. നാല് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൂന്നാം വിക്കറ്റും സന്ദര്‍ശകര്‍ക്ക് നഷ്ടമായി. 12 റണ്‍സെടുത്ത ഡു പ്ലെസിസിനെ മലിംഗ ബൗള്‍ഡാക്കി. പിന്നീട് ഡുമ്നിയും എ.ബി. ഡിവില്ലിയേഴ്സും ചേര്‍ന്ന് സ്കോര്‍ 86 റണ്‍സിലെത്തിച്ചെങ്കിലും 15 റണ്‍സെടുത്ത ഡിവില്ലിയേഴ്സ് റണ്ണൗട്ടായതോടെ 38 റണ്‍സിന്റെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. സ്കോര്‍ 105-ല്‍ എത്തിയപ്പോള്‍ 23 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത ഡുമ്നി സേനാനായകെയുടെ പന്തില്‍ ആഞ്ചലോ മാത്യൂസിന് ക്യാച്ച് നല്കി മടങ്ങി. സ്കോര്‍ 136-ല്‍ എത്തിയപ്പോള്‍ ടോപ് സ്കോറര്‍ മില്ലറും തിരിച്ചെത്തി. 21 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത മില്ലറെ കുലശേഖരയുടെ പന്തില്‍ ചണ്ഡിമല്‍ പിടികൂടി. ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 10 റണ്‍സോടെ പാര്‍നലും 7 റണ്‍സുമായി ഡേവിഡ് വീസുമായിരുന്നു ക്രീസില്‍. ശ്രീലങ്കക്ക് വേണ്ടി കുലശേഖര, സേനാനായകെ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
146 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ശ്രീലങ്കയെ തുടക്കത്തിലേ വിക്കറ്റ് വീഴ്ത്തി ദക്ഷിണാഫ്രിക്ക സമ്മര്‍ദ്ദത്തിലാക്കി. സ്കോര്‍ എട്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ 6 റണ്‍സെടുത്ത ജയവര്‍ദ്ധനെയെ സൊസൊബേയുടെ പന്തില്‍ ഡി കോക്ക് കയ്യിലൊതുക്കി. അധികം കഴിയും മുന്നേ ക്യാപ്റ്റന്‍ ചണ്ഡിമലും മടങ്ങി. സ്കോര്‍ 27-ല്‍ എത്തിയപ്പോള്‍ രണ്ട് റണ്‍സെടുത്ത ചണ്ഡിമലിനെ സൊസൊബേ ഡികോക്കിന്റെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നീട് സ്കോര്‍ 48-ല്‍ എത്തിയപ്പോള്‍ 21 റണ്‍സെടുത്ത കുശല്‍ പെരേരയും മടങ്ങി. ഇമ്രാന് താഹിറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് പെരേര മടങ്ങിയത്.
പിന്നീട് സംഗക്കാരയും തിരിമന്നെയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും സ്കോര്‍ 85-ല്‍ എത്തിയപ്പോള്‍ ഈ കൂട്ടുകെട്ടും പിരിഞ്ഞു. 18 റണ്‍സെടുത്ത തിരിമന്നെയെ പാര്‍നല്‍ ബൗള്‍ഡാക്കി. മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അഞ്ചാം വിക്കറ്റും ലങ്കക്ക് നഷ്ടമായി. ഒരു റണ്‍സെടുത്ത ആഞ്ചലോ മാത്യൂസിനെ വീസിന്റെ പന്തില്‍ ഡിവില്ലിയേഴ്സ് കയ്യിലൊതുക്കി. സ്കോര്‍ 90-ല്‍ നില്‍ക്കേ ലങ്കന്‍ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍ കുമാര്‍ സംഗക്കാരയും മടങ്ങി. 39 റണ്‍സെടുത്ത സംഗയെ മോര്‍ക്കല്‍ വീസിന്റെ കൈകളിലെത്തിച്ചു. അഞ്ച് റണ്‍സിനിടെയാണ് ഈ മൂന്നുവിക്കറ്റുകളും ലങ്കക്ക് നഷ്ടമായത്. സ്കോര്‍ 112-ല്‍ നില്‍ക്കേ 10 റണ്‍സെടുത്ത കുലശേഖരയെ മോര്‍ക്കല്‍ ഡി കോക്കിന്റെ കൈകളിലെത്തിച്ചു. പിന്നീട് തീസര പെരേര 22 റണ്‍സെടുത്ത് പൊരുതിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കക്ക് വേണ്ടി സൊസൊബേയും മോര്‍ക്കലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: