മുംബൈ: കാമാട്ടിപുരയിലെ ദേവദാസികള്ക്കിടയില്നിന്ന് 18 കാരിയായ ശ്വേത കാട്ടിക്ക് അമേരിക്കയില്‍ വിദ്യാഭ്യാസം ചെയ്യാനുള്ള സ്കോളര്‍ഷിപ്പു കിട്ടി. പഠനാര്‍ത്ഥം ശ്വേത ന്യൂയോര്‍ക്കിലേക്കു പറന്നുകഴിഞ്ഞു. ബാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ മനഃശാസ്ത്രം പഠിക്കാനാണ് ശ്വേത പോകുന്നത്.
“അവള്‍ക്ക് അമേരിക്കയില്‍ പഠിക്കാന്‍ അവസരം കിട്ടിയെന്നു പറയുന്നു. എനിക്കറിയില്ല എന്തു പഠിക്കാനാണു പോകുന്നതെന്ന്. പക്ഷേ എനിക്ക് ഏറെ അഭിമാനമുണ്ട് അവളെക്കുറിച്ച്,” ജീവിത സാഹചര്യങ്ങളും ചില സാമൂഹ്യ ക്രമങ്ങളും കൊണ്ടു ചുവന്നതെരുവില്‍ ശരീരം വിറ്റു ജീവിക്കുന്ന നൂറുകണക്കിനു പേരില്‍ ഒരാളായ വന്ദന തന്റെ മകളെ കുറിച്ചു പറയുന്നു.
‘കുട്ടിക്കാലം മുതലേ അവള്‍ക്ക് പഠിത്തം വലിയ കമ്പമായിരുന്നു. നേരത്തേ അവള് ഒരു മുനിസിപ്പല്‍ സ്കൂളിലാണ് പഠിച്ചത്.
പിന്നെ എട്ടാം ക്ലാസുകഴിഞ്ഞപ്പോള്‍ മുംബൈയില്‍ സ്വകാര്യ സ്കൂളില്‍ ചേര്‍ന്നു,” അമ്മ വന്ദന പറഞ്ഞു. അതിനു ശേഷം ശ്വേത ‘അപ്നേ ആപ്’ എന്ന ഒരു സംഘടനയെ സമീപിച്ചു പ്രവര്‍ത്തനം നടത്തി. അവിടെനിന്ന് ‘ക്രാന്തി’ എന്ന ഒരു എന്‍ജിഒയുടെ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. അങ്ങനെയാണ് തുടര്‍പഠനത്തിന് അവള്‍ക്കു സാധ്യത തെളിഞ്ഞത്. ശ്വേതയുടെ പഠനത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 200-ല്‍ അധികം പേര് സഹായം നല്‍കിയതായി ക്രാന്തിയുടെ പ്രവര്ത്തകന് റോബിന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: