കഴിഞ്ഞ ദിവസം തിരുച്ചിറപ്പള്ളിയിലെ ദക്ഷിണ തമിഴ്നാട് പ്രാന്തകാര്യാലയത്തില്‍ നിന്ന് ഒരു പുസ്തകം തപാല്‍ മാര്‍ഗം അയച്ചു കിട്ടി. ആദ്യം ഒന്നമ്പരന്നുവെങ്കിലും അയച്ചത് ക്ഷേത്രീയ പ്രചാരകന് ശ്രീ സ്ഥാണുമാലയന്ജിയാണെന്ന് മനസ്സിലായപ്പോള്‍ ആകാംക്ഷ അവസാനിച്ചു. ഒരു മാസം മുമ്പ് പ്രാന്തീയ ബൈഠകില്‍ കണ്ടപ്പോള്‍ അദ്ദേഹത്തോട് താല്‍പ്പര്യപ്പെട്ടതനുസരിച്ച് അയച്ച പുസ്തകമാണത്. തമിഴ്നാടും കേരളവും ഒരു പ്രാന്തമായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് 1964 ന് പ്രാന്തകാര്യവാഹ് ആയിരുന്ന മാനനീയ എ.ദക്ഷിണാമൂര്‍ത്തി(അണ്ണാജി)യുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണികയായിരുന്നു എന്റെ ആവശ്യം. അണ്ണാജിയുമായി അടുത്ത് ഇടപഴകിയിരുന്ന പഴയ പ്രവര്‍ത്തകരുടെ അനുസ്മരണങ്ങള്‍ വിജയഭാരതം വാരിക ഒരഭ്യര്ത്ഥനയിലൂടെ ക്ഷണിച്ചിരുന്നുവെന്നറിഞ്ഞു. മാത്രമല്ല അന്നത്തെ ക്ഷേത്രീയ പ്രചാരകന് എസ്.സേതുമാധവന് വിവരം നേരിട്ട് പറയുകയും ചെയ്തിരുന്നു.
2011 ഡിസംബറില്‍ സ്മരണിക പുറത്തിറങ്ങിയെങ്കിലും അതുകാണാന്‍ അവസരം ലഭിച്ചില്ല. തമിഴിലാണ് പുസ്തകം. എഴുപത് പേജ് വരുന്ന പുസ്തകത്തില്‍ 21 പേരുടെ അനുസ്മരണങ്ങളും ഒരു ചിത്രവുമുണ്ട്. കന്യാകുമാരിയില്‍ വിവേകാനന്ദ സ്മാരകം സന്ദര്‍ശിക്കാന്‍ പരമപൂജനീയ ഗുരുജി എത്തിയപ്പോള്‍ അന്നത്തെ കേന്ദ്രീയ സമിതി അംഗങ്ങളും ഒപ്പമുണ്ടായിരുന്നു. അവര്‍ ഒരുമിച്ചുള്ള ഒരു ഗ്രൂപ്പ് ഫോട്ടോ ആണ് പുറംചട്ടയിലുള്ളത്. അമൂല്യമാണ് ആ ചിത്രം. അണ്ണാജിയുടെ കൂടുതല്‍ ചിത്രങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷ ഫലിച്ചില്ല.
അണ്ണാജിയുടെ സമഗ്രമായൊരു ജീവചരിത്രം പ്രതീക്ഷിച്ചിരുന്നു. ജീവചരിത്രം വളരെ ചുരുക്കിയാണ് പുസ്തകത്തിലുള്ളത്. അദ്ദേഹത്തെ ഈ പംക്തികളില്‍ പലതവണ പരാമര്‍ശിച്ചിട്ടുണ്ട്. പക്ഷെ സ്മരണിക കയ്യില്‍ കിട്ടിയപ്പോള്‍ ഒന്നുകൂടി എഴുതണമെന്ന് തോന്നി. 1952 ല്‍ ആദ്യമായി അദ്ദേഹത്തെ കണ്ടത് തിരുവനന്തപുരം ശാഖയിലാണ്. അന്ന് ഭാസ്കര്‍ ദാംലേ ആയിരുന്നു പ്രചാരകന്. അദ്ദേഹം തിരുവനന്തപുരത്തെ കാലാവസ്ഥയും ആഹാര രീതിയും പിടിയ്ക്കായ്കയാല് മാറിപ്പോയി. വര്‍ഷങ്ങള്‍ക്കുശേഷം ഗുജറാത്തില്‍ വിഭാഗ് പ്രചാരകനായിരിക്കെ കാണാന്‍ കഴിഞ്ഞു. തിരുവനന്തപുരം ശാഖ ഒരു ചെറിയ ക്ഷീണത്തിനുശേഷം ഒന്നു പുഷ്ടിപ്പെട്ട സമയത്തായിരുന്നു സന്ദര്‍ശനം. ഇന്ന് വിചാരകേന്ദ്രമിരിക്കുന്ന സ്ഥലത്തുണ്ടായിരുന്ന സംഘസ്ഥാനില്‍ ഏതാണ്ട് നൂറ്റിയിരുപത് സ്വയംസേവകര്‍ പങ്കെടുത്ത സാംഘിക്കിലാണ് അണ്ണാജി സംസാരിച്ചത്. പിന്‍കുടുമയും മൊട്ടയടിച്ച തലയും ഭസ്മക്കുറിയും ഖദര്‍ജുബ്ബയും നീരുവീര്‍ത്ത കാലുകളും ഉള്ള അദ്ദേഹം കാലത്തിന് പറ്റാത്ത ഒരു പഴഞ്ചനാണെന്നായിരുന്നു ആദ്യ ധാരണ. തമിഴും മലയാളവും ഇംഗ്ലീഷും കലര്‍ന്ന ഭാഷയില്‍ സംഭാഷണ രീതിയിലുള്ള ബൗദ്ധിക്കും എന്റെ തലയ്ക്കു മുകളിലൂടെ കടന്നുപോയതേയുളളൂ.
പിന്നീട് അടുത്തറിയാനുള്ള ഒട്ടേറെ അവസരങ്ങള്‍ വന്നപ്പോഴാണ് ബാഹ്യമായി യാഥാസ്ഥിതിക രൂപമുള്ള അദ്ദേഹത്തിന്റെ യഥാര്‍ത്ഥ രൂപം മനസ്സിലായത്. തന്റെ വ്യക്തിപരമായ അനുഷ്ഠാനങ്ങളെല്ലാം നേരനീക്കം കൂടാതെ ചെയ്യാന്‍ നിഷ്കര്ഷിച്ചിരുന്നതൊഴികെ ഓരോ സ്ഥലത്തെയും സ്വയംസേവകര്‍ ഏര്‍പ്പെടുത്തിയ എല്ലാ വ്യവസ്ഥകളും അദ്ദേഹം അനുസരിച്ചിരുന്നു. കുളിക്കാന്‍ ചൂടുവെള്ളം വേണമെന്നതും കഴിക്കുന്നത് സസ്യാഹാരമായിരിക്കണമെന്നതും മാത്രമായിരുന്നു നിര്‍ബന്ധം. മധുരയിലെ വളരെ തിരക്കേറിയ അഭിഭാഷകനായിരുന്ന അണ്ണാജി തന്റെ കേസുകള്‍ സംഘത്തിനുവേണ്ടിയുള്ള യാത്രകള്‍ക്കനുസരിച്ച് ക്രമപ്പെടുത്തി.
തടിച്ച നിയമ പുസ്തകങ്ങള്‍ നോക്കാതെ തന്നെ വിചാരണ സമയത്തെ വാഗ്വാദങ്ങള്‍ നടത്താനുള്ള കഴിവിനെ ന്യായാധിപന്മാര്‍പോലും വിസ്മയത്തോടെയാണ് കണ്ടത്. അണ്ണാജിയുടെ കക്ഷികളില്‍ പല പ്രമുഖ മുസ്ലിങ്ങളുമുണ്ടായിരുന്നു. അവരുടെ കേസുകള്‍ അവധിക്ക് എത്തുമ്പോള്‍ ജൂനിയര്‍മാരെ വാദമുഖങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞാല്‍, അവര്‍ക്കത് സമ്മതമായിരുന്നില്ല. അണ്ണാജിയുടെ യാത്ര കഴിഞ്ഞുവന്നതിന് ശേഷം അദ്ദേഹം തന്നെ ഹാജരാകത്തക്കവിധം അവധി വാങ്ങാന്‍ കക്ഷികള്‍ തയ്യാറായിരുന്നു. സംഘാധികാരിമാരായിരുന്ന പല അഭിഭാഷകരും ഈ അനുഭവമുള്ളവരാണ്. കേരള പ്രാന്തസംഘ ചാലകന്മാരായിരുന്ന എന്‍.ഗോവിന്ദ മേനോന്, കെ.വി.ഗോപാലന് അടിയോടി, ടി.വി.അനന്തന് എന്നിവരുടേയും അനുഭവങ്ങള്‍ ഇതായിരുന്നുവെന്ന് എനിക്ക് നേരിട്ടറിയാം.കേരള രാഷ്ട്രീയത്തില്‍ പില്ക്കാലത്ത് അതികായന് തന്നെയായ പി.ടി.ചാക്കോ നിയമ ബിരുദം നേടി വന്നപ്പോള്‍ ദിവാന് സി.പി.രാമസ്വാമി അയ്യര്‍ക്കെതിരായി സംഘര്‍ഷം നയിച്ചതിന് അറസ്റ്റിലായിരുന്നു. അദ്ദേഹത്തെ ജൂനിയറായി സ്വീകരിക്കാന്‍ മിക്ക സീനിയര്‍ വക്കീലന്മാരും ഭയന്നപ്പോള്‍ എം.ഗോവിന്ദമേനോനാണ് അതിന് തയ്യാറായത്.
തലശ്ശേരിയില്‍ അടിയോടി വക്കീല്‍ തന്നെ കേസ് വാദിക്കണമെന്ന് നിര്‍ബന്ധമുള്ള ഒട്ടേറെ മുസ്ലിം പ്രമാണിമാര്‍ ഉണ്ടായിരുന്നു. എറണാകുളത്താകട്ടെ ടി.വി.അനന്തനെ കേസ് ഏല്‍പ്പിച്ചാല്‍, ഒട്ടും ആശങ്ക വേണ്ട എന്നാണ് സംഘവിരുദ്ധര്‍ക്ക് ഉണ്ടായിരുന്ന മതിപ്പ്. അദ്ദേഹം കേസ് മുഴുവനായി പഠിച്ചശേഷമേ കോടതിയില്‍ പോകൂവത്രെ.
വളരെ തിരക്കേറിയ അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് അണ്ണാജി സംഘത്തിലെത്തിയത്. ഒരിക്കല്‍ എങ്ങനെയായിരുന്നു അതിന് സാഹചര്യമുണ്ടായത് എന്ന് അദ്ദേഹത്തോട് അന്വേഷിച്ചു. കോണ്‍ഗ്രസിലും ഖാദി പ്രസ്ഥാനത്തിലും മറ്റും വളരെ സജീവമായിരുന്ന കാലത്ത് അദ്ദേഹത്തിന് ഹിന്ദുമഹാസഭയോട് അഭിനിവേശം വന്നുവത്രെ. വീരസവര്‍ക്കറുടെ പ്രവര്‍ത്തനങ്ങളേയും അനുഭവങ്ങളേയും കുറിച്ചറിഞ്ഞതാണ് അതിന് കാരണമായത്. 1939 ല്‍ മധുരയില്‍ ഹിന്ദുമഹാസഭയുടെ പ്രവര്‍ത്തക പരിശീലനവും മഹാസമ്മേളനവും നടന്നപ്പോള്‍ അതിന്റെ സംഘാടനത്തില്‍ അദ്ദേഹം പങ്കുവഹിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനുയായിയും ഫോര്‍വേഡ് ബ്ലോക്കിന്റെ നേതാവുമായിരുന്ന മുത്തുരാമലിംഗ തേവര്, അണ്ണാജിയുടെ സീനിയര്‍ ആയിരുന്ന കുപ്പുസ്വാമി അയ്യരുടെ കക്ഷിയായിരുന്നു. ആ നിലക്ക് അണ്ണാജി തേവരുമായി അടുപ്പത്തില്‍ വന്നു. നേതാജിയുടെ മധുര സന്ദര്‍ശനത്തിന്റെ ചുമതല വഹിക്കാന്‍ അദ്ദേഹത്തിന് അവസരം ഉണ്ടാക്കി. തമിഴില്‍ ത്യാഗഭൂമി എന്ന വാരിക മധുരയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ദേശീയ വിഷയങ്ങളെ വിശകലനം ചെയ്തുകൊണ്ട് വളരെ ഉള്‍ക്കാഴ്ചയോടെ അണ്ണാജി എഴുതുമായിരുന്നുവെന്ന് അതിന്റെ ചുമതല വഹിച്ചിരുന്ന പ്രചാരകന് രാംഗോപാല്‍ജി അനുസ്മരിക്കുന്നു. 1956 ല്‍ ശ്രീഗുരുജിയുടെ 51-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന രാഷ്ട്ര ജാഗരണ പ്രസ്ഥാനത്തിന്റെ നിധിശേഖരണത്തിന്റെ യോഗം മധുരയില്‍ നടന്നപ്പോള്‍ മുത്തുരാമലിംഗ തേവരെ അതില്‍ പങ്കെടുപ്പിക്കാന്‍ അണ്ണാജിക്ക് കഴിഞ്ഞു.
താന്‍ യാത്രമധ്യേ പരിചയപ്പെടുകയോ ആതിഥ്യം സ്വീകരിക്കുകയോ ചെയ്തിട്ടുള്ള ആളുകളുമായി ബന്ധം നിലനിര്‍ത്തുന്നതില്‍ അണ്ണാജി ശ്രദ്ധിച്ചിരുന്നു. എവിടെയെങ്കിലും പുതിയ ശാഖ തുടങ്ങിയാല്‍ അടുത്ത പര്യടനത്തില്‍ അവിടെ പോകണമെന്ന് നിഷ്കര്‍ഷിച്ചിരുന്നു. 1955 അവസാനമാണ് തൊടുപുഴയില്‍ ശാഖ തുടങ്ങിയത്. ഏതാനും മാസങ്ങള്‍ക്കകം അവിടെ വന്നു. എറണാകുളത്തുനിന്നും ഒരു സ്വയംസേവകന്റെ ഒപ്പമാണ് എത്തിയത്. കോട്ടയത്തുനിന്നും ശാഖാ സമയമായപ്പോഴേക്കും ഭാസ്കര്‍ റാവുവുമെത്തി. തൊടുപുഴയിലെ ഹിന്ദു പ്രമാണി, മുണ്ടമറ്റത്ത് വേലായുധന് നായരായിരുന്നു ആതിഥേയന്. ഏതാനും ആഴ്ചകള്‍ക്കുശേഷം വേലായുധന് നായര്‍ എന്നെ വിളിച്ച് അണ്ണാജിയുടെ കത്ത് കാണിച്ചു. വളരെ വേഗത്തില്‍ എഴുതിയ ആ കൈപ്പട വായിക്കാന്‍ പ്രയാസം തന്നെയായിരുന്നു. ആതിഥേയന് തന്റെ പ്രതീക്ഷക്ക് വിരുദ്ധമായി യാഥാസ്ഥിതിക പുറംചട്ടക്ക് പിന്നില്‍ അങ്ങേയറ്റത്തെ ഉദാരചിന്തയുള്ള ആളെയായിരുന്നു കണ്ടതെന്ന് സമ്മതിച്ചു.
കേരളം പ്രത്യേക പ്രാന്തമായതിനുശേഷവും മുതിര്‍ന്ന പ്രവര്‍ത്തകര്‍ അണ്ണാജിയുമായി സമ്പര്‍ക്കം നിലനിര്‍ത്തി. 1965 ല്‍ കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചില സാഹചര്യങ്ങളും സമ്മര്‍ദങ്ങളും നിര്‍ബന്ധിച്ചപ്പോള്‍ പ്രാന്തസംഘചാലകനായിരുന്ന മാനനീയ എന്‍.ഗോവിന്ദമേനോന് വാഴൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകേണ്ടിവന്നു. അത് പല സ്വയംസേവകര്‍ക്കും ദഹിക്കാതെ വന്നു. അദ്ദേഹത്തെ കണ്ട് വിവരങ്ങള്‍ അറിയാന്‍ ചെന്നപ്പോള്‍, താന്‍ അണ്ണാജിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹത്തിന്റെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കാമെന്ന് അറിയിച്ചുവെന്നും പറഞ്ഞ്, അണ്ണാജി അയച്ചുതന്ന കത്ത് കാണിച്ചുതന്നു. അതായത് പക്വത നിറഞ്ഞ അഭിപ്രായത്തിനും ഉപദേശത്തിനുമായി ഗോവിന്ദമേനോന് സാറിനെപ്പോലുള്ള ഒരു സമുന്നതനുപോലും തുറന്ന് സമീപിക്കാവുന്ന ആളായിരുന്നു അദ്ദേഹം.
കേരളത്തിലാണെങ്കില്‍ അണ്ണാജി ശാഖകളില്‍ മലയാളത്തില്‍ സംസാരിക്കുമായിരുന്നു. തമിഴ് ചുവയുള്ള മലയാളം ആയിരുന്നുവെന്നുമാത്രം. എന്നാല്‍ സ്വയംസേവകര്‍ക്കു പുറമെ മുതിര്‍ന്നവരും പൊതുജനങ്ങളുമുള്ള അവസരമാണെങ്കില്‍ ഇംഗ്ലീഷാണ് പ്രയോഗിക്കുക. ഇത്ര ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ വിരളമായിരുന്നു. പരിതസ്ഥിതികളുടെ വിശകലനം അതിഗംഭീരമായിരിക്കും. ഏറ്റവും ഉചിതമായ വാക്കുകളും ശൈലികളുമായിരിക്കും പ്രയോഗിക്കുക. ചീനയുടെ ആക്രമണത്തിനുശേഷം തലശ്ശേരിയില്‍ നടന്ന ഒരു സാംഘിക്കില്‍ പുറമെ നിന്നുള്ള ധാരാളം പേരും പ്രഭാഷണം കേള്‍ക്കാന്‍ എത്തിയിരുന്നു. ശാഖ കഴിഞ്ഞ് അണ്ണാജിയെ കണ്ട് അഭിനന്ദിച്ചവരില്‍ ഒരു റിട്ടയര്‍ മേജര്‍ ഗോപാലന് നമ്പ്യാറുണ്ടായിരുന്നു. Your analysis was par excellence എന്നദ്ദേഹം പറഞ്ഞു. 1962 ല്‍ മദിരാശി പ്രാന്തത്തിലെ സംഘപ്രവര്‍ത്തനത്തിലെ മാന്ദ്യത്തെപ്പറ്റി ചര്‍ച്ച ചെയ്യാനായി പ്രചാരകന്മാരുടെ ഒരു ത്രിദിന ശിബിരം കോയമ്പത്തൂരിനടുത്ത് മധുക്കരയില്‍ നടന്നു. സംസ്ഥാനത്തെ വസ്തുസ്ഥിതികളെ വിശകലനം ചെയ്ത അണ്ണാജിയുടെ പ്രഭാഷണവും അതിലെ പദപ്രയോഗങ്ങളും മറ്റാര്‍ക്കും കഴിയാത്ത വിധത്തിലായിരുന്നു. ഓര്‍ഗനൈസര്‍ വാരികയില്‍ ചിലപ്പോള്‍ അണ്ണാജി എഴുതിയിരുന്ന ലേഖനങ്ങളും മികച്ച ആംഗലഭാഷാ സ്വാധീനം വ്യക്തമാക്കുന്നവയായിരുന്നു.
അണ്ണാജിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ കുറ്റബോധമുണ്ടാക്കുന്ന ഒരു സംഭവം കൂടിയുണ്ട്. അദ്ദേഹം ശൃംഗേരി മഠം സന്ദര്‍ശിക്കാനായി പുറപ്പെട്ടു. 1958 ലാണ് കണ്ണൂരില്‍ വന്ന്, പ്രചാരകനായിരുന്ന വി.പി.ജനാര്‍ദ്ദനനും ഞാനും ഒരുമിച്ച് പയ്യന്നൂര്‍ പോയി, അവിടെനിന്ന് കാഞ്ഞങ്ങാട് പോകേണ്ടിയിരുന്നു. പയ്യന്നൂരില്‍ കെ.ജി.നമ്പ്യാരുടെ വീട്ടില്‍ വിശ്രമിച്ചശേഷം സ്റ്റേഷനിലേക്ക് പോകാന്‍ കാര്‍ ഏര്‍പ്പാട് ചെയ്തിരുന്നു. പക്ഷെ സമയത്ത് കാര്‍ വന്നില്ല. അക്കാലത്ത് പെട്ടെന്ന് കാര്‍ ഏര്‍പ്പാട് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. അദ്ദേഹത്തെ രണ്ട് കി.മീ. നടത്തി സ്റ്റേഷനില്‍ എത്തിക്കേണ്ടി വന്നു. നീര് വീര്‍ത്ത കാലുമായി മുഖത്ത് അല്‍പ്പംപോലും നീരസം കാട്ടാതെ അദ്ദേഹം നടന്നു. വി.പി.ജനാര്ദ്ദനന് യാത്രയില്‍ മുഴുവന്‍ കൂടെ പോയി. അസൗകര്യം ഒന്നും വരാതെ നോക്കിയതായിരുന്നു അതിന്റെ പരിണാമം. അണ്ണാജി സ്മരണികയില്‍ കൂടുതല്‍ ചിത്രങ്ങളും അനുസ്മരണങ്ങളും ജീവിത സന്ദര്‍ഭങ്ങളും പ്രതീക്ഷിച്ചിരുന്നു. ഇനിയാണെങ്കിലും അത് ചെയ്യേണ്ടത് വരും തലമുറക്ക് ആവേശം നല്‍കും.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: