മരട്: സംസ്ഥാന രാഷ്ട്രീയത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പുപോരിന്റെ അലയൊലികള്‍ പ്രാദേശികതലങ്ങളിലേക്കും വ്യാപിക്കുന്നു. ഇതിന്റെ ചുവടുപിടിച്ച് മരട് നഗരസഭയില്‍ ഭരണം നടത്തുന്ന എ വിഭാഗത്തിനെതിരെ ഐ ഗ്രൂപ്പ് അണിയറനീക്കം ശക്തമാക്കി. മുന്‍ ധാരണപ്രകാരം നഗരസഭയില്‍ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം തങ്ങള്‍ക്ക് ലഭിക്കണമെന്നാണ് ഐ വിഭാഗത്തിന്റെ പുതിയ അവകാശവാദം. നഗരസഭാ ഭരണം രണ്ടരവര്‍ഷം പിന്നിട്ടിരിക്കുകയാണ്. എ വിഭാഗത്തിലെ അജിതാ നന്ദകുമാറാണ് ഇപ്പോള്‍ വൈസ് ചെയര്മാന് പേഴ്സണ്‍ സ്ഥാനത്ത്.
മുഖ്യമന്ത്രിയുടെ വലംകൈയ്യായ മന്ത്രി കെ.ബാബുവിന്റെ നിയന്ത്രണത്തിലാണ് മരടിലെ ഇപ്പോഴത്തെ നഗരസഭ ഭരണം. ഐ വിഭാഗത്തില്‍ ഭരണത്തില്‍ കാര്യമായ പങ്കില്ല. പ്രധാനസ്ഥാനങ്ങളിലെല്ലാം എ വിഭാഗത്തുള്ളവരാണ് ഇരിപ്പുറപ്പിച്ചിരിക്കുന്നത്. ചെയര്മാന് അഡ്വ.ടി.കെ.ദേവരാജന്‍ ഗ്രൂപ്പുകള്ക്കുപരി പൊതുവെ ഏവര്‍ക്കും സ്വീകാര്യനാണെങ്കിലും ഭരണത്തിന്റെ നിയന്ത്രണം മന്ത്രിബാബുവിന്റെ അനുയായികളാണ് കയ്യാളുന്നത്. എതിര്‍ചേരിക്ക് ഇഷ്ടമല്ലാത്തതും ഇതുതന്നെയാണെന്നാണ് പുറത്തുവരുന്ന സുചനകള്‍.
ജില്ലയില്‍ പലതദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും ഗ്രൂപ്പു വടംവലിമൂലം കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടുവരികയാണ്. അവസരം മുതലെടുത്ത് ഇടതുപക്ഷമാണ് മിക്കസ്ഥലങ്ങളിലും ഐ വിഭാഗത്തിന് ഭരണം പിടിക്കാന്‍ പിന്തുണ നല്‍കുന്നത്. മരടിലും ഈ വഴിക്കുതന്നെ കാര്യങ്ങള്‍ നീക്കാനാണ് അണിയറയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നതെന്നതാണ് സൂചന.
ഇടതുപക്ഷത്തിന് 10 കൗണ്‍സിലര്‍മാരാണ് നഗരസഭയിലുള്ളത്. ഭരണപക്ഷമായ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിനാകട്ടെ 23 അംഗങ്ങളും. ഇതില്‍ എഴോളം കോണ്‍ഗ്രസ് അംഗങ്ങള്‍ ഐവിഭാഗംത്തോടൊപ്പം നില്‍ക്കുന്നവരാണെന്ന് പറയപ്പെടുന്നത്. അങ്ങിനെയെങ്കില്‍ ഇടതിന്റെ പിന്തുണയോടെ ഈ ഗ്രൂപ്പിന് നഗരസഭാ ഭരണത്തില്‍ അധിപത്യം ഉറപ്പിക്കാന്‍ എളുപ്പമാണെന്നാണ് കണകുകൂട്ടല്‍. പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പിസം മുതലെടുക്കാനുള്ള ഈ അവസരം ഇടതുപക്ഷം പാഴാക്കില്ലെന്നും അവര്‍ വിശ്വസിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: