ബുലവായോ: സിംബാബ്വെക്കതിരായ ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിലും ഇന്ത്യക്ക് കൂറ്റന്‍ വിജയം. സിംബാബ്വെ ഉയര്‍ന്ന 164 റണ്‍സിന്റെ വിജയലക്ഷ്യം 96 പന്തുകളും ഏഴ് വിക്കറ്റുകളും ബാക്കിനില്‍ക്കേ ഇന്ത്യ മറികടന്നു. വിദേശമണ്ണില്‍ ഇന്ത്യ ആദ്യമായാണ് അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരുന്നത്.
പരമ്പര നേരത്തെ സ്വന്തമാക്കിയ ഇന്ത്യ രണ്ട് മാറ്റങ്ങളുമായാണ് അവസാനമത്സരത്തിനിറങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ഓപ്പണര്‍ രോഹിത് ശര്‍മ്മക്ക് പകരം ശിഖര്‍ ധവാനും അമ്പാട്ടി റായിഡുവിനു പകരം ചേതേശ്വര്‍ പൂജാരയും ടീമില്‍ ഇടം കണ്ടെത്തി. അതേസമയം ജമ്മു കാശ്മീര്‍ സ്പിന്നര്‍ പര്‍വേസ് റസൂലിന് ഇത്തവണയും ടീമില്‍ ഇടം കണ്ടെത്താനായില്ല.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 39.5 ഓവറില്‍ 164 റണ്‍സിന് ഓള് ഔട്ടായി. 51 റണ്‍സെടുത്ത ഷോണ്‍ വില്യംസാണ് ടോപ് സ്കോറര്‍. മസാകഡ്സ 32 റണ്‍സെടുത്തു. ആറ് പേര് രണ്ടക്കം കാണാതെ പുറത്തായി. 8.5 ഓവറില്‍ 48 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്രയാണ് സിംബാബ്വെയെ ചെറിയ സ്കോറില്‍ ഒതുക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അജിന്‍ക്യ രഹാനെ (50), രവീന്ദ്ര ജഡേജ (48 നോട്ടൗട്ട്) ധവാന് (41) എന്നിവരുടെ മികച്ച ബാറ്റിംഗാണ് ഇന്ത്യക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സിംബാബ്വേക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ പിന്നീട് അവര്‍ക്ക് കഴിഞ്ഞതുമില്ല. സ്കോര്‍ 13 റണ്‍സ് മാത്രമുള്ളപ്പോള്‍ അഞ്ച് റണ്സെടുത സിബാന്‍ഡയും സ്കോര്‍ 23-ല്‍ എത്തിയപ്പോള്‍ റണ്ണൊന്നുമെടുക്കാതെ ക്യാപ്റ്റന്‍ ബ്രണ്ടന്‍ ടെയ്ലറും മടങ്ങി. പിന്നീട് സ്കോര്‍ 37-ല്‍ എത്തിയപ്പോള്‍ നാല് റണ്‍സെടുത്ത ടിമിസെന്‍ മരുമയും സ്കോര്‍ 45-ല്‍ എത്തിയപ്പോള്‍ 32 റണ്‍സെടുത്ത മസാകഡ്സയും മടങ്ങി. പിന്നീട് വില്ല്യംസും വാലറും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും സ്കോര്‍ 72 റണ്‍സിലെത്തിയപ്പോള്‍ 8 റണ്‍സെടുത്ത വാലര്‍ മടങ്ങി. ആറാം വിക്കറ്റില്‍ വില്ല്യംസും ചിഗുംബരയും ചേര്‍ന്ന് 50 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്കോര്‍ 122-ല്‍ എത്തിയപ്പോള്‍ ആറാം വിക്കറ്റും വീണു. 17 റണ്‍സെടുത്ത ചിഗുംബരയെ അമിത് മിശ്ര മടക്കി. പിന്നീട് സ്കോര്‍ 126-ല്‍ എത്തിയപ്പോള്‍ നാല് റണ്‍സെടുത്ത മുതുംബോസിയും 133-ല്‍ എത്തിയപ്പോള്‍ 51 റണ്‍സെടുത്ത വില്ല്യംസും മിശ്രക്ക് വിക്കറ്റ് സമ്മാനിച്ചു. ആറ് വിക്കറ്റ് വീഴ്ത്തിയ കരിയര്‍ ബെസ്റ്റ് പ്രകടനം നടത്തിയ മിശ്രക്ക് പുറമെ മോഹിത് ശര്‍മ്മ, ഉനദ്കത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ തുടക്കത്തില്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ സിംബാബ്വെക്ക് കഴിഞ്ഞു. ഇന്നിംഗ്സിലെ നാലാം പന്തില്‍ സ്കോര്‍ബോര്‍ഡ് തുറക്കും മുന്നേ ചേതേശ്വര്‍ പുജാരയെ ജാര്‍വിസ് ബൗള്‍ഡാക്കി. പിന്നീട് രണ്ടാം വിക്കറ്റില്‍ ധവാനൊപ്പം അജിന്‍ക്യ രഹാനെ ഒത്തുചേര്‍ന്നതോടെ ഇന്ത്യ മത്സരത്തില്‍ തിരിച്ചെത്തി. സ്കോര്‍ 55-ല്‍ എത്തിയപ്പോള്‍ 38 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളും ഒരു സിക്സറുമടക്കം 41 റണ്‍സെടുത്ത ധവാനെ ജാര്‍വിസ് ബ്രണ്ടന്‍ ടെയ്ലറുടെ കൈകളിലെത്തിച്ചു. പിന്നീട് രഹാനെയും രവീന്ദ്രജഡേജയും ചേര്‍ന്ന് സ്കോര്‍ 126 റണ്‍സിലെത്തിച്ചു. പരമ്പരയില്‍ ആദ്യമായി കളിക്കാനിറങ്ങി 50 റണ്‍സ് നേടിയ രഹാനെയെ വാലര്‍ ബൗള്‍ഡാക്കിയെങ്കിലും പിന്നീട് രവീന്ദ്ര ജഡേജയും ദിനേശ് കാര്‍ത്തികും (10 നോട്ടൗട്ട്) ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: