തൃപ്പൂണിത്തുറ: സ്വകാര്യവ്യക്തികള്‍ക്ക് കെട്ടിടസമുച്ചയ നിര്‍മ്മാണത്തിന് സഹായകമാകുംവിധം മുനിസിപ്പാലിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് അഞ്ച് മീറ്റര്‍ വീതിയില്‍ അനധികൃതമായി റോഡ് നിര്‍മ്മിച്ച നഗരസഭാ ചെയര്‍മാന്റെ നടപടിയെക്കുറിച്ച് അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. വിവരാവകാശ നിയമപ്രകാരം ബിജെപി തൃപ്പൂണിത്തുറ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.വി.സുനില്‍ കുമാറിന് ലഭിച്ച രേഖകള്‍ പ്രകാരം അഴിമതി നടന്നതായി ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് അഡ്വ. കെ.വി.സാബു മുഖാന്തിരം തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയിട്ടുള്ള പരാതിയിലാണ് സിസി 385/2013 കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. എറണാകുളം വിജിലന്‍സ് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.
ലായം റോഡില്‍ പിഡബ്ല്യുഡി ഓഫീസിന് വടക്കുഭാഗത്തായിട്ടാണ് ഇടതുവശം കാന പണിത് വലതുവശം കരിങ്കല്‍ കെട്ടി റോഡ് നിര്‍മ്മിച്ചിട്ടുള്ളതെന്നാണ് പരാതി. മൂന്ന് മീറ്ററിലധികം വീതിയുണ്ടായിരുന്ന കാന റോഡ് നിര്‍മ്മിച്ചതുവഴി 50 സെ.മീറ്ററായി ചുരുങ്ങിയിട്ടുണ്ട്. 11 ന്റെ് ഭൂമി ഉണ്ടാവേണ്ട ഇവിടെ റോഡ് പണിതുകഴിഞ്ഞപ്പോള്‍ മൂന്ന് സെന്റ് ഭൂമി അപ്രത്യക്ഷമായിരിക്കുകയാണ്. റോഡ് നിര്‍മ്മാണത്തിന് ഫ്രീ സറണ്ടറായി ഭൂമി വിട്ടുനല്‍കാന്‍ അവകാശമില്ലാത്തയാള്‍ നല്‍കിയെന്ന് പറയുന്ന ഒരുകോടി രൂപ മതിപ്പുവിലയുള്ള ഭൂമി നഗരസഭക്ക് ലഭിച്ചുവെന്ന അവകാശവാദവും പൊളിയാണ്. കാരണം ഈ ഭാഗത്ത് ഭൂമിക്ക് ഇത്രയും വില ഇല്ലെന്നതുതന്നെ. റോഡ് പണിയണമെന്നാവശ്യപ്പെട്ട് സ്വകാര്യ വ്യക്തികള്‍ നല്കിയ അപേക്ഷയില്‍ അന്നുതന്നെ നടപടികള്‍ പൂര്‍ത്തിയാക്കിയതായും പിന്നീടാണ് കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച നടത്തിയതെന്നും ആരോപണമുണ്ട്.
ലായംറോഡില് നിന്ന് ഗേള്‍സ് ഹൈസ്കൂള്‍ വഴി വൈക്കം റോഡിലേക്ക് ബന്ധിപ്പിക്കുന്ന പാരലല്‍ റോഡ് വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് റോഡ് നിര്‍മ്മിച്ചതെന്നുള്ള നഗരസഭയുടെ വാദവും അടിസ്ഥാനമില്ലാത്തതാണ്. ഇങ്ങനെ ഒരു റോഡ് അസാധ്യമാണ്. സ്വകാര്യവ്യക്തികള്‍ക്കുവേണ്ടി അഴിമതി നടത്തിയ നഗരസഭാ ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറും രാജിവെക്കണമെന്ന് ബിജെപി മുനിസിപ്പല്‍ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
ബിജെപി തൃപ്പൂണിത്തുറ നിയോജകമണ്ഡലം കമ്മറ്റി യോഗം ചേര്‍ന്ന് അഴിമതിയും അധികാര ദുര്‍വിനിയോഗവും നടത്തിയ മുനിസിപ്പല്‍ ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള നഗരസഭാ സെക്രട്ടറി, മുനിസിപ്പല്‍ എഞ്ചിനീയര്‍ എന്നിവരെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.ആര്.വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം കെ.പി.സുബ്രഹ്മണ്യന്, യു.മധുസൂദനന്, കൗണ്‍സിലര്‍ ആര്.സാബു, ടി.ആര്.പ്രഭാകരന്, സി.രാജേന്ദ്രന്, ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു. ബിജെപി മുനിസിപ്പല്‍ സമിതിയുടെ നേതൃത്വത്തില്‍ 5ന് തൃപ്പൂണിത്തുറയില്‍ കരിദിനമാചരിക്കുന്നതിനും യോഗം തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: