ആലപ്പുഴ: കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട്ടില്‍ പോകരുതെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ഏകകണ്ഠമായി പ്രമേയം പാസാക്കി. പ്രമേയം കെപിസിസിക്കും എഐസിസിക്കും നല്‍കുമെന്ന് ഡിസിസി പ്രസിഡന്റ് എ.എ.ഷുക്കൂര്‍ പറഞ്ഞു.
സംസ്ക്കാരശൂന്യമായ നിലപാടുകളാണ് വെള്ളാപ്പള്ളിയുടേത്. നിക്ഷിപ്ത താല്പര്യങ്ങളാണ് വെള്ളാപ്പള്ളിക്കുള്ളത്. തുഷാര്‍ വെള്ളാപ്പള്ളി സോളാര്‍ തട്ടിപ്പു കേസില്‍ പ്രതിയാകേണ്ടയാളാണ്. പത്തുലക്ഷം രൂപയുടെ ഇടപാട് ബിജു രാധാകൃഷ്ണനുമായി നടത്തിയിട്ടുണ്ടെന്ന് തുഷാര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. തുഷാറിന്റെ ഹോട്ടലില്‍ ബിജു താമസിച്ചിട്ടുണ്ട്. മകനെ സംരക്ഷിക്കുന്നതിന് സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗമായാണ് കെ.സി.വേണുഗോപാലിനെതിരെ വെള്ളാപ്പള്ളി അടിസ്ഥാനരഹിതമായി ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഷുക്കൂര്‍ കുറ്റപ്പെടുത്തി.
എസ്എന്‍ഡിപി ഓഫീസുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോകുന്നതിന് എതിര്‍പ്പില്ല. പക്ഷേ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍ പോകാന്‍ പാടില്ല. വെള്ളാപ്പള്ളി സ്വന്തം തെറ്റുകള്‍ തിരുത്തുന്നത് വരെ കോണ്‍ഗ്രസ് സമീപനം ഇതായിരിക്കണമെന്നും തെരഞ്ഞെടുപ്പ് കാലയളവില്‍ പോലും വെള്ളാപ്പള്ളിയുടെ വീട് സന്ദര്‍ശിക്കേണ്ട കാര്യമില്ലെന്നും ഷുക്കൂര്‍ പറഞ്ഞു. വി.എം.സുധീരനെയും എ.കെ.ആന്റണിയെയും കെ.സി.വേണുഗോപാലിനെയും പരാജയപ്പെടുത്താനിറങ്ങി സ്വയം പരാജയപ്പെട്ടയാളാണ് വെള്ളാപ്പള്ളിയെന്നും ഷുക്കൂര്‍ പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: