കോഴഞ്ചേരി: വഞ്ചിപ്പാട്ടുകളുടെയും വായ്ക്കുരവയുടെയും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തിരുവാറന്മുളയപ്പന്റെ സവിശേഷ വഴിപാടായ വള്ളസദ്യ വഴിപാടുകള്‍ക്ക് തുടക്കമായി. ഇന്നലെ രാവിലെ 11.30 ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍. സെക്രട്ടറി രതീഷ് മാലക്കര എന്നിവര്‍ ഭദ്രദീപം കൊളുത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.
കിഴക്കേ നടയില്‍ ആനക്കൊട്ടിലില്‍ തൂശനിലയില്‍ വിഭവങ്ങള്‍ ഓരോന്നായി വിളമ്പി ഭഗവാനു സമര്‍പ്പിച്ചതോടെ ചടങ്ങുകള്‍ ആരംഭിച്ചു. ഭക്തസഹസ്രങ്ങള്‍ തിരുവാറന്മുളയപ്പന്റെനടയില് ഒത്തുകൂടിയപ്പോ ള്‍ തിരുവാറന്മുള ഭക്തിസാന്ദ്രമായി. ആടയാഭരണങ്ങളണിഞ്ഞ് മുത്തുകുടചൂടി, വഞ്ചിപ്പാട്ട് പാടി തുഴഞ്ഞെത്തിയ പള്ളിയോടങ്ങളെ ക്ഷേത്രക്കടവില്‍ സ്വീകരിച്ചു. വള്ളസദ്യ വഴിപാടിനെത്തിയ പള്ളിയോടക്കരക്കാരെ വെറ്റില ഇല നില്‍കി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റെ് അഡ്വ. എം.പി. ഗോവിന്ദന് നായരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ക്ഷേത്രക്കടവിലെത്തിയ പള്ളിയോടക്കരക്കാരെ ശ്രീകോവിലില്‍ നിന്നും പൂജിച്ചു നല്കിയ മാലയും പ്രസാദവും പള്ളിയോട കരകളിലെത്തി ആചാരനുഷ്ഠാനങ്ങളോടെ വഴിപാടുകള്‍ പള്ളിയോടത്തിനു സമര്‍പ്പിച്ചു. വിവിധകരകളില്‍ നിന്നും പള്ളിയോടത്തില്‍ ഭഗവത് കീര്‍ത്തനങ്ങള്‍ പാടി തുഴഞ്ഞെത്തിയ കരക്കാരെ വെറ്റില ഇല നല്കി ക്ഷേത്രക്കടവില്‍ സ്വീകരിച്ചു. തുടര്‍ന്ന് ആചാരവെടി മുഴങ്ങി. കീര്ത്തനങ്ങള്പാടി ക്ഷേത്രത്തില്‍ പ്രദക്ഷണം വച്ച് കരക്കാര് കൊടിമരച്ചുവട്ടിലെത്തി ഭഗവാനെ സ്തുതിച്ചു. തുടര്‍ന്ന് വഴിപാടുകാരുടെ ക്ഷണം സ്വീകരിച്ച് ഊട്ടുപുരയിലെത്തിയ കരക്കാര് വിഭവങ്ങള്‍ ഓരോന്നായി വഞ്ചിപ്പാട്ട് പാടിയും ശ്ലോകം ചൊല്ലിയും ചോദിച്ചു വാങ്ങി സദ്യ കഴിച്ചു. പിന്നീട് കരക്കാര് വഴിപാടിക്കാരന്റെ അഭിഷ്ടസിദ്ധിക്കായി വഞ്ചിപാട്ട് പാടി ഭഗവാനോടു പ്രാര്‍ഥിച്ചു.
തുടര്‍ന്ന് നെല്‍ പറ തളിച്ചു പ്രസാദം നല്കി. കരക്കാര്‍ക്കു ദക്ഷിണ നല്കി ആചാരനുഷ്ഠാനങ്ങളോടെ കരക്കാരെ പള്ളിയോടത്തിലേറ്റി യാത്രയാക്കിയതോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. വള്ളസദ്യയുടെ ആദ്യദിനമായ ഇന്നലെ സദ്യയില്‍ 15 പള്ളിയോടങ്ങള്‍ പങ്കെടുത്തു. ദേവസ്വംബോര്‍ഡ് അംഗങ്ങളായ എന്‍. സുഭാഷ് വാസു, പി.കെ. കുമാരന് പള്ളിയോടസേവാ സംഘം ഭാരവാഹികള്‍ തുടങ്ങി വിവിധ സാമൂഹിക സാംസ്കാരിക, ഹൈന്ദവ സംഘടനാപ്രവര്‍ത്തകര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.
കെ.അജികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: