തൃശൂര്‍: നിറ്റാജലാറ്റിന്‍ കമ്പനിക്ക് നേരെ നടന്ന സമരത്തില്‍ പോലീസ് പ്രക്ഷോഭമുണ്ടായതിനെത്തുടര്ന്ന് പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാകളക്ടര്‍ പറഞ്ഞതായി അഡ്വ.ക്ലിഫ്റ്റന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കമ്പനിക്കെതിരെ നടന്ന സമരത്തില്‍ പോലീസ് അതിക്രമങ്ങള്‍ നടന്നിരുന്നു. അതില്‍ പങ്കെടുത്തവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുന്നൂറില്‍പ്പരം പ്രതിഷേധക്കാരെ നേരിട്ടത് 750ല്‍പ്പരം പോലീസുകാരായിരുന്നു. അതുകൊണ്ടുതന്നെ പ്രശ്നത്തിന്റെ ഗൗരവം ഊഹിക്കാം. എവിടെനിന്നോ വന്ന കല്ല് വീണപ്പോഴാണ് നിരപരാധികളായ സമരക്കാരെ പോലീസ് ലാത്തിവീശി വിരട്ടിയതും ക്രൂരമായി മര്‍ദ്ദിച്ചതും. കേരളത്തിലെ ഈ പോലീസ് തേര്‍വാഴ്ച തങ്ങളെ ഞെട്ടിപ്പിച്ചു. വനമേഖലയിലോ വിദ്യാഭ്യാസമില്ലാത്തിടത്തോ നടന്ന സംഭവമായിരുന്നില്ല ഇത്. വിദ്യാസമ്പന്നരും ജനനിബിഡവുമായ ഒരു മേഖലയില്‍ വന്നായിരുന്നു പോലീസിന്റെ കിരാത നടപടി. കമ്പനിയെ രക്ഷിക്കാനാണ് പോലീസിന്റെ ശ്രമം.
മലിനീകരണം കൊണ്ട് കഷ്ടപ്പെടുന്ന ജനതക്ക് സഹായകരമായ നിലപാട് കൈക്കൊള്ളുകയായിരുന്നില്ല സര്‍ക്കാരിന്റെ നടപടി. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കാതിക്കുടത്തെ വയലിലും പുഴയിലും മാലിന്യം തള്ളുന്നതുകൊണ്ട് കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍കൊണ്ട് പ്രദേശം മുഴുവന്‍ ഭീകരാവസ്ഥയിലാണ്. രോഗാവസ്ഥമൂലം നിരവധി ജനങ്ങള്‍ മരിക്കുകയും ഒട്ടേറെ പേര് ചികിത്സയിലിരിക്കുകയുമാണ്. പൊലൂഷ്യന്കണ്ട്രോള് ബോര്‍ഡ് കമ്പനിക്ക് ലൈസന്‍സ് നല്‍കിയിട്ടില്ല. പഞ്ചായത്തിന്റെ ലൈസന്‍സിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. ദുര്‍ഗന്ധം മൂലം ഈ വഴിക്ക് നടക്കാന്‍പോലുമാവാത്ത അവസ്ഥയാണവിടെ. അവിടെ സ്ഥിരം താമസിക്കുന്നവരുടെ അവസ്ഥ പരിതാപകരം തന്നെയെന്ന് നാഷണല്‍ അലൈന്‍ഡ് പീപ്പിള്‍സ് മൂവ്മെന്റിന്റെ നാഷണല്‍ കണ്‍വീനര്‍ വിമല്‍ഭായ് പറഞ്ഞു. പത്രസമ്മേളനത്തില്‍ സി.ആര്.നീലകണ്ഠന്, അഡ്വ.ക്ലിഫ്റ്റന്‍, പരിസ്ഥിതി പ്രവര്‍ത്തക ശ്വേത നാരായണന്, അഡ്വ. പി.എ.പൗരന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: