പാലക്കാട്: റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ പാലക്കാട്- തൃശ്ശൂര്‍- ഗോവിന്ദാപുരം റൂട്ടില്‍ നാളെ മുതല്‍ സ്വകാര്യബസ്സുകള്‍ ഓട്ടം നിര്‍ത്തിവെക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. നിലവില്‍ പൊട്ടിപൊളിഞ്ഞ റോഡിലൂടെയുള്ള സര്‍വ്വീസ് മിക്ക സ്വകാര്യബസ്സുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചതാണ് സമരമെങ്കിലും പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ ഇതേവരെ നടപടി സ്വീകരിച്ചിട്ടില്ല. അതിനിടെ ബസുടമ സംഘടനാ പ്രതിനിധികളുമായി ഇന്ന് ഉച്ചയ്ക്ക് 12.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്ചര്ച്ച നടത്തുമെന്ന് ജില്ലാ കലക്ടര്‍ പി.എം.അലി അസ്ഗര്‍ പാഷ അറിയിച്ചു.
കെഎസ്ആര്‍ടിസിയും സ്വകാര്യബസുകളും മുന്നറിയിപ്പില്ലാതെ സര്‍വ്വീസ് മുടക്കുന്നത് സാധാരണക്കാരായ യാത്രക്കാരെയാണ് ഏറ്റവും കൂടുതല്‍ വലക്കുന്നത്. സര്‍വ്വീസ് റദ്ദാക്കുന്നതിന് ഇവര്‍ക്ക് പറയാനുള്ള ന്യായീകരണം ഏറെയാണ്.കെഎസ്ആര്‍ടിസിക്ക് പരിധിയില്‍ കൂടുതല്‍ ഡീസല്‍ ഉപഭോഗം വര്‍ദ്ധിക്കുകയാണെങ്കില്‍ അതിനുള്ള പ്രസ്തുത തുക ഡ്രൈവറില്‍ നിന്നും ഈടാക്കുവാനാണ് നിയമം. ഇതുമൂലം ദിവസവേതനക്കാരായ ഡ്രൈവര്‍മാര്‍ പലപ്പോഴും അവര്‍ക്കു ലഭിക്കുന്ന തുക കെഎസ്ആര്‍ടിസിക്ക് തിരിച്ചുകൊടുക്കേണ്ട അവസ്ഥയാണ് സംജാതമാകുന്നത്.സ്വകാര്യ ബസുകള്‍ക്കാകട്ടെ വേണ്ടത്ര ജീവനക്കാരെ ലഭ്യമാകുന്നില്ലെന്ന പരാതിയും ഉണ്ട്.
ദേശീയപാത യാത്ര ദുഷ്ക്കരമായതോടെ സ്വകാര്യബസുകളും അന്യസംസ്ഥാന ട്രാന്‍സ്പോര്‍ട്ട് ബസുകളും ഷൊര്ണ്ണൂര്വഴിയാണ് ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്.കെഎസ്ആര്‍ടിസിയും ഈവഴിക്കുള്ള സര്‍വ്വീസിന് അനുമതി ചോദിച്ചിരിക്കുകയാണ്.നിത്യേന ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസിക്ക് ജില്ലയില്‍ വന്നുകൊണ്ടിരിക്കുന്നത്. കുണ്ടിലും കുഴിയിലും ചാടി സ്പ്രിങ്ങും ലീഫും പൊട്ടുന്നതും ഒപ്പം ടയര്‍ പഞ്ചറുമാണ് ഇവരെ വലയ്ക്കുന്നത്. സംസ്ഥാനത്ത് കെഎസ്ആര്‍ടിസിക്ക് ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കികൊടുക്കുന്ന ഡിപ്പോകളില്‍ ഒന്നാണ് പാലക്കാട്. കോയമ്പത്തൂര്‍ക്ക് പത്തു മിനിറ്റ് ഇടവിട്ടാണ് ടൗണില്‍ നിന്നും സര്‍വ്വീസുള്ളത്.ഇന്റര്‍ ഡിസ്ട്രിക്ട് വേറെയും. പ്രശ്നം ഇത്രയും ഗൗരവത്തില്‍ എത്തിയിട്ടും ഗതാഗത വകുപ്പ് മന്ത്രി ഇക്കാര്യത്തില്‍ ഇടപ്പെട്ടിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഒപ്പം തന്നെ അവകാശാനുകൂല്യങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന സംഘടനകളും മൗനം പാലിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: