കോഴഞ്ചേരി: തിരുവാറന്മുളയപ്പന്റെ വള്ളസദ്യയ്ക്ക് ഇന്ന് ഇലയിട്ട് വിഭവങ്ങള്‍ വിളമ്പും. രാവിലെ 11ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡു പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന്‍നായര്‍ വള്ളസദ്യ വഴിപാട് ഉദ്ഘാടനം ചെയ്യും. ആനക്കൊട്ടിലിലേക്ക് സ്വീകരിച്ച് ഭദ്രദീപം തെളിയിക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. നാരായണമന്ത്രങ്ങളും വഞ്ചിപ്പാട്ടും മുഴങ്ങിയ അന്തരീക്ഷത്തില്‍ വള്ളസദ്യവഴിപാടിനുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്ന പാചകപുരയിലേക്ക് ഇന്നലെ അഗ്നി പകര്‍ന്നു.
പാലുകാച്ചല്‍ ചടങ്ങാണ് പാചകപ്പുരയില്‍ ആദ്യം നടന്നത്. ചെറുകോല്‍, പുന്നന്തോട്ടം, ഇടശ്ശേരി മലകിഴക്ക്, കോയിപ്രം, പൂവത്തൂര്‍ പടിഞ്ഞാറ്, വെണ്‍പാല, ഉമയാറ്റുകര, വരയന്നൂര്‍, തോട്ടപ്പുഴശ്ശേരി, മാരാമണ്‍, തെക്കേമുറി, തൈമറവുകര, തെക്കേമുറി കിഴക്ക്, ളാക ഇടയാറന്മുള തുടങ്ങിയ പള്ളിയോടങ്ങളാണ് ഇന്ന് നടക്കുന്ന വള്ളസദ്യ വഴിപാടില്‍ പങ്കെടുക്കുക. ഭക്തജനങ്ങള്‍ തിരുവാറന്മുളയപ്പന് സമര്‍പ്പിക്കുന്ന വള്ളസദ്യ ആറന്മുളയുടെ മാത്രം പ്രത്യേകതയാണ്. 64 കൂട്ടം വിഭവങ്ങളൊരുക്കി പള്ളിയോട സംഘങ്ങള്‍ക്ക് വിളമ്പുന്ന വള്ളസദ്യ ഇതുവരെ 442 ബുക്കിംഗ് കഴിഞ്ഞു. 63 ദിവസം നീണ്ടു നില്ക്കുന്ന വള്ളസദ്യ വഴിപാടുകള്‍ക്ക് ഇനിയും ബുക്കിംഗ് നടക്കുമെന്നിരിക്കെ ഇത്തവണത്തേത് സര്‍വ്വകാല റെക്കോഡാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: