കൊച്ചി: ഒന്നരമാസത്തെ മണ്സുണ്കാല ട്രോളിംഗ് നിരോധനം അവസാനിക്കുന്നതോടെ ഇന്ന് അര്‍ധരാത്രിക്കുശേഷം മത്സ്യബന്ധന ബോട്ടുകള്‍ കടലിലേക്കു പോകും. ഇതിനു മുന്നോടിയായി മുനമ്പം മുരുക്കുംപാടം മത്സ്യബന്ധന തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കി കഴിഞ്ഞു.
അറ്റകുറ്റപ്പണികളും പെയിന്റിംഗ് ജോലികളും പൂര്‍ത്തീകരിച്ച ബോട്ടുകള്‍ ഇന്നലെ മുതല്‍ മുനമ്പം, മുരിക്കുംപാടം ഹാര്‍ബറുകളില്‍ എത്തിതുടങ്ങി. പുതിയ വലകള്‍ സെറ്റ് ചെയ്യുന്ന പണികളും പഴയവലകളുടെ അറ്റകുറ്റപ്പണികളും ഇപ്പോഴും നടക്കുന്നുണ്ട്. ബഹുദിന മത്സ്യബന്ധനത്തിനായി പോകുന്ന വലിയബോട്ടുകള്‍ എല്ലാം തന്നെ ഐസും വെള്ളവും ഭക്ഷണ സാധനങ്ങളും സ്റ്റോക്ക് ചെയ്തു കഴിഞ്ഞു.350 ബ്ലോക്ക് ഐസാണ് വലിയ ബോട്ടുകളില്‍ നിറയ്ക്കുന്നത്.
സൗകര്യത്തിനായി ഇവ ക്രഷറിന്റെ സഹായത്തോടെ പൊടിച്ചാണ് സ്റ്റോറിലേക്ക് തളളുന്നത്. ബോട്ടുകളില്‍ ഇന്ധനവും നിറയ്ക്കും. നിരോധനത്തെതുടര്‍ന്ന് നാട്ടിലേക്കു പോയ കന്യാകുമാരി ജില്ലയിലെ മത്സ്യതൊഴിലാളികളില്‍ ഭൂരിഭാഗം പേരും തിരിച്ചെത്തിക്കഴിഞ്ഞതോടെ ഹാര്‍ബറുകളില്‍ അനക്കമായി. ഈ മേഖലകളിലെ കച്ചവടസ്ഥാപങ്ങളും തട്ടുകളും രണ്ടു ദിവസത്തിനുള്ളില്‍ സജീവമാകും. 31 ന് അര്‍ധരാത്രി പിന്നിടാന്‍ കാത്തുകിടക്കുകയാണ് ബോട്ടുകള്‍. ഇക്കുറി കാലവര്‍ഷം ശക്തമാവുകയും കടല്‍ നല്ലതുപോലെ ഇളകിക്കിടക്കുന്നതിനാലും തൊഴിലാളികള്‍ വന്‍ പ്രതീക്ഷയോടെയാണ് ട്രോളിംഗിനായി തയാറെടുക്കുന്നത്. ആദ്യദിനങ്ങളില്‍ തന്നെ നിറയെ കിളിമീനും കരിക്കാടിയും കണവയും ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. നിരോധനം കഴിഞ്ഞ് ചുരുങ്ങിയത് മൂന്നു ദിവസമെങ്കിലും കഴിഞ്ഞാലെ മത്സ്യമാര്‍ക്കറ്റുകള്‍ ഉണരുകയുള്ളൂ. മുനമ്പം,മുരിക്കുംപാടം ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് 600 ല്‍ പരം മത്സ്യബന്ധന ബോട്ടുകളുണ്ട്.
ട്രോളിംഗ് നിരോധനകാലയളവില്‍ മത്സ്യബന്ധനബോട്ടുകള്‍ കടലിലേക്ക് പോകുന്നത് തടയാന്‍ മുന്‍കാലങ്ങളിലേതുപോലെ തന്നെ മുനമ്പത്തും വൈപ്പിനിലും മറൈന്‍ എന്‍ഫോഴ്സ്മെന്റും ഫിഷറീസ് ഉദ്യോഗസ്ഥരും പോലീസും ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ആരും തന്നെ ഇക്കുറി നിയമലംഘനത്തിനു മുതിര്‍ന്നിരുന്നില്ല. അനിഷ്ട സംഭവങ്ങളൊന്നും ഇക്കുറി ഉണ്ടായില്ല.
കെ.അജികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: