കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിന് നേര്‍ക്ക് കണ്ണടയ്ക്കാനാകില്ലെന്ന് ഹൈക്കോടതി. പെരിന്തല്‍മണ്ണ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയുടെ ജാമ്യഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് എസ്.എസ്. സതീഷ് ചന്ദ്രന് ഈ മുന്നറിയിപ്പ് നല്‍കിയത്. വാക്കാലായിരുന്നു കോടതിയുടെ ഈ അഭിപ്രായം. ജാമ്യഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന അബ്ദുള്‍ ഗഫൂറിന്റെ ആവശ്യം കോടതി നിരാകരിച്ചു. പരാതിക്കാരനായ ഡോ. മുബാരക്കിന് ഹൈക്കോടതി സ്വമേധയാ നോട്ടീസയയ്ക്കുകയും ചെയ്തു.
പെരിന്തല്‍മണ്ണയിലെ അല്‍ഷിഫാ ആശുപത്രിയിലെ ഡോ. മുബാരക് സോളാര്‍ തട്ടിപ്പിനിരയായെന്ന് കാണിച്ച് മജിസ്ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു. ഈ കേസിലാണ് മൂന്നാം പ്രതിയായ അബ്ദുള്‍ ഗഫൂര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ഗഫൂറിന് അനുകൂലമായി ജാമ്യം നല്‍കാമെന്ന റിപ്പോര്‍ട്ടാണ് പെരിന്തല്‍മണ്ണ ഡിവൈഎസ്പി ഹൈക്കോടതിയില്‍ നല്‍കിയത്. എന്നാല്‍ എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘത്തിന്റെ വിശദീകരണം ഹൈക്കോടതി തേടി.
അബ്ദുള്‍ ഗഫൂറും സോളാര്‍ തട്ടിപ്പിന്റെ ഇരയാണെന്ന എഡിജിപി ഹേമചന്ദ്രന്റെ അന്വേഷണ റിപ്പോര്‍ട്ട് എജി കെ.പി. ദണ്ഡപാണി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പെരിന്തല്‍മണ്ണയില്‍ ഡീലര്‍ഷിപ്പ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അബ്ദുള്‍ ഗഫൂറിന്റെ ഒന്നര ലക്ഷം രൂപ ബിജു തട്ടിയെടുത്തെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഗഫൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും പോലീസ് നടപടിയുണ്ടായില്ലെന്നും തുടര്‍ന്ന് ഡോ. മുബാരക് കോടതിയെ സമീപിക്കുകയായിരുന്നെന്നും മനസ്സിലാക്കിയ ഹൈക്കോടതി മുബാരകിന് സ്വമേധയാ നോട്ടീസ് അയയ്ക്കുകയായിരുന്നു. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
ഇതിനിടെ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന സാമ്പത്തിക തട്ടിപ്പ് തടയാന്‍ പുതിയ നിയമം നിര്‍മിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. നടി ശാലു മേനോന്റെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. ജസ്റ്റിസ് എസ്.എസ്. സതീഷ് ചന്ദ്രനാണ് ഹര്‍ജി പരിഗണിച്ചത്.
സോളാര്‍ തട്ടിപ്പു പോലെയുള്ള കബളിപ്പിക്കല്‍ തടയുന്നതിനു നിയമനിര്‍മാണം അനിവാര്യമാണ്. കടുത്ത ശിക്ഷയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി വേണം പുതിയ നിയമം നിര്‍മിക്കാന്‍. അതുണ്ടായില്ലെങ്കില്‍ ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസ്യത നഷ്ടപ്പെടും. തട്ടിപ്പുകള്‍ കൂടിവരുന്നത് നിലവിലെ നിയമത്തിന്റെ അപര്യാപ്തത മൂലമാണ്.
വഞ്ചനാക്കുറ്റത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420-ാം വകുപ്പ് പ്രകാരം പത്തുവര്‍ഷത്തെ തടവ് ശിക്ഷ മാത്രമേ നല്കാന് സാധിക്കൂ. ഇത് നിയമവ്യവസ്ഥയുടെ ബലഹീനതയാണ്. ധനകാര്യസ്ഥാപനങ്ങളെ നിയന്ത്രിക്കാനുള്ള മണി ലെന്‍ഡേഴ്സ് ആക്ട് കാര്യക്ഷമമായി നടപ്പാക്കണം. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഇപ്പോഴുള്ള വകുപ്പുകള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ നേരിടാന്‍ അപര്യാപ്തമാണ്. വഞ്ചനാ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇംഗ്ലണ്ടിലെ പോലെ വഞ്ചനാ നിരോധന നിയമം നടപ്പാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
സര്‍ക്കാരിലെ ഉന്നതരുടെ പേരില്‍ നടന്ന തട്ടിപ്പെന്ന നിലയില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: