കൊച്ചി: കേരളത്തില്‍ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ കൂട്ടംകൂട്ടമായി മതപരിവര്‍ത്തനം ചെയ്യാന്‍ പെന്തക്കോസ്ത് സഭ. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ ആണ് ഈ സുവിശേഷീകരണ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍. അന്യസംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് ഹിന്ദു-മുസ്ലിം തൊഴിലാളികളെയാണ് പെന്തക്കോസ്തു സഭ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി കോടിക്കണക്കിന് രൂപ ഫണ്ട് ആവശ്യപ്പെട്ട് ഡിസ്ട്രിക്ട് ഇവാഞ്ചലിസം കമ്മിറ്റി ഡയറക്ടര്‍ സംസ്ഥാന സഭാനേതൃത്വത്തെയും വിദേശരാജ്യങ്ങളിലടക്കമുള്ള സഭാ പ്രവര്‍ത്തകരെയും നേതൃത്വത്തെയും സമീപിച്ചു.
കേരളത്തില്‍ നടക്കുന്ന അക്രമങ്ങളിലും കൊള്ളയിലും കൊലയിലും അന്യസംസ്ഥാനതൊഴിലാളികളുടെ പങ്ക് വര്‍ധിച്ചത് സഭ മുതലാക്കണമെന്നാണ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടുന്നത്.
നിലവിലെ സാഹചര്യം ചൂഷണം ചെയ്യണം ചെയ്ത് സുവിശേഷീകരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകണമെന്ന് ഡയറക്ടര്‍ സഭാനേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇതിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കണം. അന്യസംസ്ഥാന തൊഴിലാളികളെ മതം മാറ്റാനായി നേരത്തെ പ്രത്യേക സംവിധാനങ്ങളില്ലായിരുന്നു. ഇവാഞ്ചലിസം ഡിപ്പാര്‍ട്ട്മെന്റ് ആചുമതല ഏറ്റെടുത്ത് ഇവര്‍ക്കായി ഹിന്ദിമിഷന് എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചത് വന്‍വിജയമായെന്നും ഡയറക്ടര്‍ പറയുന്നു.
ഹിന്ദി മിഷന് ആരംഭിച്ചത് കോട്ടയത്തെ കടുവാക്കുളത്താണ്. 3000 ത്തിലധികം ഹിന്ദി സംസാരിക്കാനറിയുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ പാര്‍ക്കുന്ന ഇവിടെ ഹിന്ദി അറിയാവുന്ന പാസ്റ്ററെയാണ് നിയോഗിച്ചത്. ഇവിടെ ഹിന്ദി ആരാധന ഉടന്‍ തുടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതുപോലെ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഹിന്ദി പ്രവര്‍ത്തനം ആവശ്യമായിരിക്കുകയാണ്. ഒരു സ്ഥലത്തെ പ്രവര്‍ത്തനത്തിന് ഒരുമാസം കുറഞ്ഞത് 10,000 രൂപ വേണ്ടി വരും. സഭാ ജനങ്ങളില്‍ ആര്‍ക്കെങ്കിലും ഇതിനെ സഹായിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ ഇവാഞ്ചലിസം ഡിപ്പാര്‍ട്ട്മെന്റിനായി ഹിന്ദി മിഷന് എന്ന പേരില്‍ പണം ഡിസ്ട്രിക്ടില്‍ അയയ്ക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഡയറക്ടര്‍ ആവശ്യപ്പെടുന്നു.
വര്‍ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങള്‍, കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍, കൊലപാതകങ്ങള്‍, ആത്മഹത്യകള്‍, രാഷ്ട്രീയ പ്രശ്നങ്ങള്‍, അഴിമതി, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം മൂലമുണ്ടാകുന്ന വിപത്തുകള്‍ എന്നിവ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ ഭീകരാവസ്ഥയിലാക്കിയിരിക്കുകയാണ്. ഇതില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ സുവിശേഷത്തിന് മാത്രമേ സാധിക്കൂ എന്ന നിലയ്ക്കുള്ള പ്രചാരണമാണ് ആവശ്യം.
അത്തരത്തില്‍ തൃശൂര്‍ മുതല്‍ തിരുവനന്തപുരംവരെ കേരളയാത്ര എന്ന പേരില്‍ പ്രചാരണ പരിപാടിക്ക് രൂപം നല്‍കിയിട്ടുണ്ട്. യാത്രയില്‍ പരസ്യയോഗങ്ങള്‍, തെരുവ് നാടകങ്ങള്‍, സംഗീത ശുശ്രൂഷ, മിനി കണ്വെന്ഷന്, പ്രാര്‍ഥന എന്നിവ ഉണ്ടാകും. ആഗസ്റ്റ് 26 മുതല്‍ 53 ദിവസമായിരിക്കും യാത്ര. യാത്രയ്ക്ക് മാത്രം ലക്ഷക്കണക്കിന് രൂപ ചെലവ് വരും. ഇതിനായി വേണ്ട സാമ്പത്തിക സഹായം നല്‍കണമെന്നും ഡയറക്ടര്‍ സഭയോട് ആവശ്യപ്പെടുന്നു.
പ്രശാന്ത് ആര്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: