ആലപ്പുഴ: മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ഇടപാടുകാരന് അറിയാതെ അവരുടെ അക്കൗണ്ടില്‍ നിന്ന് ബാങ്കുകള്‍ പണം ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് ഓംബുഡ്സ്മാന് വിധി.
ഒരുവര്‍ഷം തുടര്‍ച്ചയായി ഇടപാടുകള്‍ നടക്കാത്തതിന്റെ പേരിലും മിനിമം ബാലന്‍സ് ഇല്ലെന്നും പറഞ്ഞ് പാവപ്പെട്ടവരുടെ പണം വ്യാപകമായി ബാങ്കുകള്‍ തട്ടിയെടുക്കുന്ന സാഹചര്യത്തിലാണ് ബാങ്കിങ് ഓംബുഡ്സ്മാന്റെ വിധി. ശതകോടികളാണ് വിവിധ ബാങ്കുകള്‍ ഇത്തരത്തില്‍ അക്കൗണ്ട് ഉടമകള്‍ അറിയാതെ തട്ടിയെടുത്തിട്ടുള്ളത്. തോട്ടപ്പള്ളി ഒറ്റപ്പന കരിക്കംപള്ളി എം.രാജന് എസ്ബിടിക്കെതിരെ നല്കിയ പരാതിയില്‍ അക്കൗണ്ട് ഉടമ അറിയാതെ പിന്‍വലിച്ച പണം മടക്കിക്കൊടുക്കാന്‍ കേരളം, ലക്ഷദ്വീപ് പ്രദേശങ്ങളുടെ ചുമതലയുള്ള ബാങ്കിങ് ഓംബുഡ്സ്മാന് വി.കെ. നാരായണന് ഉത്തരവായി. രാജന്റെ അച്ഛന് മത്സ്യത്തൊഴിലാളി പെന്ഷന് വാങ്ങുന്നതിനായി 2012 മാര്‍ച്ച് ആറിന് 500 രൂപ അടച്ച് പുറക്കാട് എസ്ബിടിയില്‍ സേവിങ്ങ്സ് അക്കൗണ്ട് എടുത്തിരുന്നു. പെന്ഷന് തുക അനുവദിക്കാതിരുന്നതിനാല്‍ ഇടപാടുകള്‍ നടന്നില്ല. 2013 മെയ് മാസത്തില്‍ പെന്ഷന് തുക ബാങ്കിലൂടെ സര്‍ക്കാര്‍ നല്‍കുന്നതറിഞ്ഞ് അക്കൗണ്ടിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ബാങ്ക് അധികൃതര്‍ അറിയിച്ചത് അക്കൗണ്ട് ലാപ്സായി എന്നാണ്. അക്കൗണ്ട് പുതുക്കണമെങ്കില്‍ 300 രൂപ കൂടി അടയ്ക്കണമെന്നും ബാങ്ക് ആവശ്യപ്പെട്ടു. ഒരു വര്‍ഷമായി അക്കൗണ്ടില്‍ ഇടപാടുകള്‍ നടക്കാത്തതിനാല്‍ 226 രൂപ ബാങ്കിന്റെ പൂളിലേക്ക് ഈടാക്കിയെന്നായിരുന്നു വിശദീകരണം.
നേരത്തെ ഇതേയാളുടെ മറ്റൊരു അക്കൗണ്ടില്‍ നിന്ന് 500 രൂപയില്‍ താഴെയാണ് ബാലന്‍സ് എന്ന കാരണം പറഞ്ഞ് 245 രൂപയും ബാങ്ക് ഈടാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ബാങ്കിങ് ഓംബുഡ്സ്മാന് പരാതി നല്‍കിയത്. എല്ലാ പൊതുമേഖലാ ബാങ്കുകളും ഷെഡ്യൂള്‍ഡ് ബാങ്കുകളും ഇത്തരത്തില്‍ നിരവധി വര്‍ഷങ്ങളായി അക്കൗണ്ട് ഉടമകള്‍ അറിയാതെ പണം ഈടാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: