കോഴിക്കോട്: ഇസ്ലാമിന്റെ പേരില്നടക്കുന്ന ആചാരനമസ്കാരത്തിലും ആരാധനകളിലും ജൂതസ്വാധീനമുണ്ടെന്ന് വിശദമാക്കിയും ഹദീസുകളിലെ വൈരുദ്ധ്യങ്ങളും അബദ്ധങ്ങളും ചൂണ്ടിക്കാണിച്ചും പരിഷ്കരണവാദിയായി രംഗത്തുവന്ന ചേകന്നൂര്‍ മൗലവിയുടെ രക്തസാക്ഷിത്വത്തിന് രണ്ട് പതിറ്റാണ്ട്. 1936ല്‍ ജനിച്ച് 57-ാമത്തെ വയസില്‍ മതഭീകരവാദികളാല്‍ നിശ്ശബ്ദമാക്കപ്പെട്ട ആ പണ്ഡിതന്റെ കൊലയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് ഇന്നും ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയും അദ്ദേഹത്തിന്റെ അമ്മാവനായ സാലിം ഹാജിയും. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച മതപണ്ഡിതന്റെ തിരോധാനത്തെ സംബന്ധിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ മുസ്ലിംലീഗോ മറ്റു മുസ്ലിം മതസംഘടനകളോ പരിശ്രമിച്ചില്ല. ജൂലായ് 29ന് രാത്രിയാണ് മതപ്രഭാഷണത്തിനെന്ന് പറഞ്ഞ് മൗലവിയെ വീട്ടില്‍ നിന്ന് ജീപ്പ്പില്‍ കയറ്റികൊണ്ടുപോയത്. പിന്നീട് മൗലവി വെളിച്ചം കണ്ടില്ല. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസന്വേഷണം എങ്ങുമെത്തിയില്ല. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും ഖുര്‍ആന്‍സുന്നത്ത് സൊസൈറ്റിയടക്കമുള്ള സംഘടനകളും നടത്തിയ സമരത്തെതുടര്‍ന്നാണ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്.
“ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തിന്റെ അടുത്ത് പോലും ക്രൈംബ്രാഞ്ച് അന്വേഷണം എത്തിയില്ല. പലവിധ സ്വാധീനങ്ങളാല്‍ അന്വേഷണം അട്ടിമറിക്കപ്പെടുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തലവനായിരുന്ന അബൂബക്കര്‍ ഹാജി പിന്നീട് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ മര്‍ക്കസില്‍ പ്രവേശന ചുമതലക്കാരനായി മാറിയത് യാദൃച്ഛികമല്ല.” സാലിം ഹാജി പറഞ്ഞു. 96ലാണ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്. രണ്ട് വര്‍ഷത്തിനുശേഷമാണ് കേസന്വേഷണം വഴിത്തിരിവിലെത്തുന്നത്. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബാക്കി 6 പേര് കീഴടങ്ങി. കൊച്ചി സിബിഐ കോടതി ഒന്നാംപ്രതി വി.വി. ഹംസയെ ഇരട്ടജീവപര്യന്തത്തിന് ശിക്ഷിക്കുകയായിരുന്നു. മതിയായ തെളിവുകളുടെ അഭാവത്തില്‍ ബാക്കി പ്രതികളെ വെറുതെ വിടുകയുംചെയ്തു. ഇതിനിടെ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ചേകന്നൂരിന്റെ ഭാര്യ ഹവ്വഉമ്മയും സാലിം ഹാജിയും നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാന്തപുരത്തെ കേസില്‍ പ്രതിചേര്‍ത്തു. എന്നാല്‍ ഹൈക്കോടതിയും തുടര്‍ന്ന് സുപ്രീംകോടതിയും ഈ നടപടി റദ്ദാക്കുകയായിരുന്നു. സാങ്കേതിക കാരണങ്ങളാലാണ് സുപ്രീംകോടതി കാന്തപുരത്തെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്. സിബിഐ കോടതി വിധിക്കെതിരെ പ്രതികളും പ്രോസിക്യൂഷനും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.
“സിബിഐ സംഘത്തിലെ ഡിവൈഎസ്പി മുഹാജിറിന്റെ കേസ് ഡയറിയിലെ പ്രധാനഭാഗങ്ങള്‍ കുറ്റപത്രത്തില്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവരണം. കാന്തപുരം എ.പി. അബൂബക്കറുടെയും മദനിയുടെയും പങ്ക് വിശദമായി അന്വേഷിക്കണം. ജംഇയത്തുല്‍ ഇഷാനിയ എന്നസംഘടനയുടെ ആസൂത്രണം ചേകന്നൂരിന്റെ രക്തസാക്ഷിത്വത്തിന് പിന്നിലുണ്ട്. എന്‍ഐഎയുടെ നേതൃത്വത്തില്‍ സമഗ്രപുനരന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാകണം. അതിനായി ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി പ്രയത്നിക്കും” സാലിം ഹാജി പറഞ്ഞു.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: