ഹോങ്കോങ്ങ്: പ്രീമിയര്‍ ലീഗ് സീസണിനു മുന്നോടിയായുള്ള സൗഹൃദ ടൂര്‍ണമെന്റുകളില്‍ ഒന്നില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റിക്കു കിരീടം.
ഹോങ്കോങ്ങ് ആതിഥ്യം വഹിച്ച ബാര്‍ക്ലേയ്സ് ഏഷ്യ ട്രോഫിയിഫൈനലില് സിറ്റി സണ്ടര്‍ലാന്റിനെ എതിരില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചു. ഒന്നാം പകുതിയില്‍ എഡ്വിന് സെക്കോയുടെ തകര്‍പ്പന്‍ വോളിയാണ് മാന്യുല്‍ പെല്ലഗ്രിനിയുടെ ടീമിനു വിജയം ഒരുക്കിയത്. പെനാല്‍റ്റി നഷ്ടപ്പെടുത്തിയ സെക്കോ പിന്നീട് നിരാശക്കാരന്റെ ബൂട്ടുമണിഞ്ഞു.
മഴ അകമ്പടി സേവിച്ച കലാശക്കളിയില്‍ സിറ്റി ഏറെക്കുറെ ആധിപത്യം പുലര്‍ത്തി. തുടക്കത്തില്‍ കുറച്ച് സമ്മര്‍ദ്ദം സൃഷ്ടിച്ചതൊച്ചാല് സണ്ടര്‍ലാന്റിനു കാര്യമായൊന്നും ചെയ്യാനായില്ല.
10-ാം മിനിറ്റില്‍ യായാ ടുറെയുടെ പാസ് എതിര് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. ബോക്സിനരുകില് നിന്നു പന്തു പിടിച്ചെടുത്ത സെക്കോ ഉജ്വലമൊരു ഷോട്ടിലൂടെ വലകുലുക്കി. ഒന്നാം പകുതിയില്‍ത്തന്നെ സിറ്റി ലീഡ് വര്‍ധിപ്പിച്ചേനെ. എന്നാല്‍ ഡേവിഡ് സില്‍വയുടെ ഫ്രീകിക്ക് സണ്ടര്‍ലാന്റ് ഗോള്‍മുഖത്ത് പറന്നിറങ്ങിയെങ്കിലും എതിര്‍താരം ക്രെയ്ഗ് ഗാര്‍ഡനറുടെ തലയില്‍ സ്പര്‍ശിച്ച് പോസ്റ്റില്‍ തട്ടി മടങ്ങി. രണ്ടാം പകുതിയില്‍ സിറ്റി സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ജീസസ് നവാസിനെ കളത്തിലിറക്കി. ടുറെയ്ക്കു പകരം ഫെര്‍ണാണ്ടീഞ്ഞോയും എത്തി. ഫെര്‍ണാണ്ടീഞ്ഞോയുടെ ഫ്ലിക് സണ്ടര്‍ലാന്റ് താരം കൈ കൊണ്ടു തൊട്ടപ്പോള്‍ സിറ്റിക്ക് പെനാല്‍റ്റി ലഭിച്ചു. പക്ഷേ സെക്കോ പന്തു പുറത്തേക്കടിച്ചു. നവാസിനും ഗെരാത് ബാരിക്കുമൊക്കെ ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും സിറ്റിയുടെ ലീഡ് പിന്നീട ഉയര്‍ന്നില്ല.
മൂന്നാംസ്ഥാനത്തിനുവേണ്ടിയുള്ള മത്സരത്തില്‍ ഹോങ്കോങ്ങ് ടിം സൗത്ത് ചൈനയെ ടോട്ടനംഎതിരില്ലാത്ത ആറു ഗോളുകള്‍ക്ക് തകര്‍ത്തു. ജെര്മെയ്ന് ഡിഫോ (3), ക്ലിന്റ് ഡെമ്പ്സി, ആന്ദ്രോസ് ടൗണ്‍സെന്റ്, എന്നിവര്‍ ആതിഥേയ സംഘത്തിന്റെ വലയില്‍ പന്തെത്തിച്ചു.
സെ കാ കിയോങ്ങിന്റെ സെല്‍ഫ് ഗോളും ചേര്‍ന്നപ്പോള്‍ ടോട്ടനത്തിന്റെ സ്കോര്‍ ഷീറ്റ് പൂര്‍ണം. മറ്റു സൗഹൃദ മത്സരങ്ങളില്‍ ബ്ലാക്ക്ബേണിനെ എവര്ട്ടന് ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് തോല്‍പ്പിച്ചു. സ്പാനിഷ് ജൈന്റ്സ് ബാഴ്സലോണയെ സെവിയയും കീഴടക്കി (3-1).
പ്രതികരിക്കാൻ ഇവിടെ എഴുതുക: